Thursday, April 25, 2024
HomeKeralaനടൻ ആയതിനാൽ തന്നോട് അസൂയയെന്ന് മുകേഷ്

നടൻ ആയതിനാൽ തന്നോട് അസൂയയെന്ന് മുകേഷ്

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ മുകേഷാണ് ഇടതുപക്ഷത്തിന് വേണ്ടി കൊല്ലത്ത് മത്സരിക്കുന്നത്. പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രചരിക്കുകയുണ്ടായി. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് കാര്യം പറഞ്ഞ് ചിലർ മുകേഷിന്റെ മുഖത്ത് പ്രതിഷേധ സൂചകമായി മീൻ വെള്ളം ഒഴിച്ചെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതെല്ലം വ്യാജമാണെന്ന് പറയുകയാണ് താരം ഇപ്പോൾ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്ന് പറഞ്ഞു കൊണ്ടായിരുന്നു മുകേഷ് വൺ ഇന്ത്യ മലയാളത്തോട് സംസാരിച്ചത്. ആത്മവിശ്വാസം കുറയ്ക്കുന്നത് എന്തിനാണ് എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും മുകേഷ് പറഞ്ഞു. എല്ലാ മേഖലയിലും ഇതുവരെ കാണാത്ത ആവേശമാണ് ഉള്ളതെന്നും താരം പറഞ്ഞു.

ഇതിന് ശേഷമാണ് വിവാദ വിഷയത്തിൽ മുകേഷ് പ്രതികരിച്ചത്. മീൻവെള്ളമാണ് ലോകത്തിലെ ദുഷിച്ച വസ്‌തു എന്ന് കരുതുന്ന ചിലരാണ് തനിക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നിലെന്നും മുകേഷ് പറയുകയുണ്ടായി. അവരെ സംബന്ധിച്ചടത്തോളം മീൻ വെള്ളമാണ് ലോകത്തിലെ ഏറ്റവും ദുഷിച്ച നാറിയ വെള്ളം. മീൻ കഴിക്കാം, മീൻ പിടിത്തവും ഓക്കെയാണ്. എന്നാൽ മീൻ വെള്ളം മാത്രം അങ്ങനയല്ല. ഇത്ര നികൃഷ്ട്ടമായ ചിന്ത മനസിൽ ഉള്ളതുകൊണ്ടാണ് ഇതൊക്കെയെന്നും മുകേഷ് ചൂണ്ടിക്കാട്ടി.

എനിക്ക് മീൻ വെള്ളത്തിന്റെ മണം ഇഷ്‌ടമാണ്. അത് കള്ളമാണെന്നും കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞു. ഇനി ഇതേ പോലെയുള്ള ഒരുപാട് കാര്യങ്ങൾ വരുമെന്നുള്ളതും കണക്കുകൂട്ടിയാണ് നിൽക്കുന്നത്. ഈ മണ്ടന്മാർ അതൊന്നും ചിന്തിച്ചില്ല. ഇതൊക്കെ വ്യക്തമായ കാര്യങ്ങളാണ്. പ്രത്യേകിച്ച് ഞാൻ സിനിമാ നടൻ ആയതുകൊണ്ട് ഇതൊക്കെയുണ്ടാവും; മുകേഷ് പറയുന്നു.

ഇതൊക്കെ വെറും അസൂയ ആണെന്നും മുകേഷ് പറയുന്നുണ്ട്. നമുക്കൊന്നും സിനിമയിൽ അഭിനയിക്കാൻ പറ്റുന്നില്ലാലോ എന്ന ചിന്ത. ഇവൻ 41 കൊല്ലമായി സിനിമയിൽ അഭിനയിക്കുന്നു, 306 പടങ്ങളും ചെയ്‌തു എന്ന് കരുതുന്നുന്നവരുണ്ടെന്നും മുകേഷ് വ്യക്തമാക്കി. മണ്ഡലത്തിൽ എൽഡിഎഫ് ജയം സുനിശ്ചിതമാണെന്നും മുകേഷ് വൺ ഇന്ത്യ മലയാളത്തോട് പറയുകയുണ്ടായി.

എന്നാൽ എൻകെ പ്രേമചന്ദ്രനെ കുറിച്ചുള്ള ചോദ്യത്തിന് മുകേഷ് പ്രതികരിക്കാൻ തയ്യാറായില്ല. അതിനെ പറ്റിയൊന്നും പ്രതികരിക്കാൻ ഞാനില്ല, വേറെ ആളിനെ നോക്കണം എന്നായിരുന്നു മുകേഷ് പറഞ്ഞത്. അദ്ദേഹം നല്ല വലിയൊരു മനുഷ്യൻ അല്ലേ എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

എൻകെ പ്രേമചന്ദ്രനെ പരോക്ഷമായി മുകേഷ് പ്രസംഗത്തിൽ വിമർശിക്കുകയും ചെയ്‌തു. ചില നേതാക്കൾ രാവിലെ എണീറ്റാൽ മോദി സ്‌തുതി നടത്തുകയാണ് എന്നായിരുന്നു പേരെടുത്ത് പറയാതെയുള്ള മുകേഷിന്റെ വിമർശനം. ഒരു ദിവസം അബദ്ധത്തിൽ സംഭവിച്ചതല്ല ഇതെന്നും, വീണ്ടും ആവർത്തിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ കാരണം ന്യൂനപക്ഷത്തിന് വിശ്വാസം നഷ്‌ടമായെന്നും മുകേഷ് തുറന്നടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular