Friday, April 26, 2024
HomeEntertainmentസന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ കിരീടം സര്‍വീസസിന്‌

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ കിരീടം സര്‍വീസസിന്‌

യുപിയ (അരുണാചല്‍ പ്രദേശ്‌): സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ കിരീടം സര്‍വീസസിന്‌. ഫൈനലില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ സര്‍വീസസ്‌ പരാജയപ്പെടുത്തിയത്‌.

പട്ടാളക്കാരുടെ ഏഴാം കിരീടമാണിത്‌. മലയാളി താരം പി.പി. ഷഫീല്‍ 68-ാം മിനിറ്റില്‍ നേടിയ ഗോള്‍ സര്‍വീസസിനെ കിരീടത്തിലെത്തിച്ചു.
രാഹുല്‍ രാമകൃഷ്‌ണനാണു ഷഫീലിന്‌ ഗോളടിക്കാന്‍ അവസരമൊരുക്കിയത്‌. രാഹുല്‍ നീട്ടി നല്‍കിയ പന്ത്‌ കാത്തുനിന്ന ഷഫീല്‍ 25 വാര അകലെനിന്നു ബോക്‌സിലേക്കു തൊടുത്തു. ഗോള്‍ കീപ്പര്‍ അന്റോണിയോ ഡൈലാന്‍ഡിന്റെ മുഴുനീള ഡൈവിങ്‌ പന്ത്‌ തടുക്കാന്‍ പര്യാപതമായില്ല. ആറാം കിരീടം ലക്ഷ്യമിട്ട ഗോവ മികച്ച പോരാട്ടം പുറത്തെടുത്തു. ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണു കളിച്ചത്‌.
ആദ്യ മിനിറ്റ്‌ മുതല്‍ തുടരന്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമെത്തി. മിസോറമിനെതിരായ സെമി ഫൈനലില്‍നിന്ന്‌ ഒരു മാറ്റത്തോടെയാണ്‌ സര്‍വീസസ്‌ ഇറങ്ങിയത്‌. 88-ാം മിനിറ്റില്‍ ചുവപ്പു കാര്‍ഡ്‌ കണ്ട്‌ പുറത്തായ സോഥാന്‍പുയിയക്ക്‌ പകരം വിവേകാനന്ദ സഗായരാജ്‌ സ്‌റ്റാര്‍ട്ടിങ്‌ ഇലവനിലെത്തി. ഗോവ മിഡ്‌ഫീല്‍ഡര്‍ ലോയ്‌ഡ് കാര്‍ഡോസോയ്‌ക്ക് പകരം നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസിനെയും പ്രതിരോധത്തില്‍ ജോസഫ്‌ ക്ലെമെന്റെയ്‌ക്ക് പകരം ജോയല്‍ കൊളാസോയേയും സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ അണിനിരത്തി. ഗോവ മുന്നേറ്റങ്ങള്‍ ശക്‌തമാക്കിയതോടെ സര്‍വീസസ്‌ പ്രതിരോധത്തിലേക്ക്‌ വലിഞ്ഞു. 15-ാം മിനിറ്റില്‍ മികച്ചൊരു അവസരം കിട്ടിയെങ്കിലും നെസിയോയ്‌ക്കു ഫിനിഷ്‌ ചെയ്യാനായില്ല.
43-ാം മിനിറ്റില്‍ ഫഹീസിന്റെ ക്രോസില്‍ നിന്നുള്ള നെസിയോ മരിസ്‌റ്റോ ഫെര്‍ണാണ്ടസിന്റെ ഷോട്ട്‌ സര്‍വീസ്‌ ഗോള്‍ കീപ്പര്‍ അബ്‌ദുള്‍ ഖാദിര്‍ കൈയില്‍ ഭദ്രമായെത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോവ ഗോളിനടുത്തെത്തി. രണ്ടാം പകുതിയിലും ഗോളിനായി മുന്നേറ്റങ്ങള്‍ തുടര്‍ന്നു. ഗോള്‍ വഴങ്ങിയതിനു പിന്നാലെ ഗോവ ആക്രമണങ്ങള്‍ കടുപ്പിച്ചു. പലതവണ സര്‍വീസസ്‌ ബോക്‌സില്‍ താരങ്ങള്‍ കയറിയിറങ്ങി. നിരവധി ഷോട്ടുകളുമുതിര്‍ത്തു. സര്‍വീസസ്‌ പ്രതിരോധം ഉറച്ചുനിന്നതോടെ മത്സരത്തിലേക്ക്‌ തിരിച്ചുവരാനായില്ല.
80-ാം മിനിറ്റില്‍ ക്ലെന്‍സിയോ പിന്റോ ലോബ്‌ ചെയ്‌തു നല്‍കിയ പന്ത്‌ ജോഷ്വ ഡിസില്‍വ നെഞ്ചു കൊണ്ടു തടുത്തു ഗോളിലേക്കു പായിച്ചു. ഗോള്‍ കീപ്പര്‍ അബ്‌ദുള്‍ ഖാദിറിന്റെ മികവ്‌ സമനില ഗോള്‍ ഒഴിവാക്കി. 87-ാം മിനിറ്റില്‍ മുഹമ്മദ്‌ അലിയുടെ കിടിലന്‍ ഹെഡറും ഗോളെന്നുറച്ചതായിരുന്നു. ഖാദിറിന്റെ മികവ്‌ അവിടെയും തടസമായി. റീബൗണ്ട്‌ കിട്ടിയ വെല്ലിങ്‌ടണ്‍ ഫെര്‍ണാണ്ടസിനും ലക്ഷ്യം കാണാനായില്ല.
ഇഞ്ചുറി ടൈമില്‍ ഒരു തവണ പന്ത്‌ ഖാദിറിന്റെ മറികടന്നെങ്കിലും പ്രദീപ്‌ കുമാറിന്റെ ഗോള്‍ ലൈന്‍ ക്ലിയറന്‍സ്‌ അപകടമൊഴിവാക്കി. പിന്നാലെ ഗോവയുടെ ഫഹീസ്‌ മൂന്ന്‌ സര്‍വീസസ്‌ ഡിഫന്‍ഡര്‍മാരെ മറികടന്നു മുന്നോട്ടു കുതിച്ചു. ഗോള്‍ കീപ്പര്‍ മുന്നോട്ടു കയറിതോടെ ഹഫീസ്‌ പന്ത്‌ ചിപ്പ്‌ ചെയ്‌തു. ഷഫീലിന്റെ ഗോള്‍ ലൈനിനു തൊട്ടു മുന്നിലെ ക്ലിയറന്‍സ്‌ സര്‍വീസസിന്റെ കിരീടം ഉറപ്പാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular