Connect with us
Malayali Express

Malayali Express

പാലാരിവട്ടം ഫ്ളൈ ഓവര്‍ പഞ്ചവടിപ്പാലം പോലെയാണോയെന്ന് ഹൈക്കോടതി

KERALA

പാലാരിവട്ടം ഫ്ളൈ ഓവര്‍ പഞ്ചവടിപ്പാലം പോലെയാണോയെന്ന് ഹൈക്കോടതി

Published

on

കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവര്‍ പഞ്ചവടിപ്പാലം പോലെയാണോയെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. ഫ്ളൈ ഓവര്‍ അഴിമതിക്കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് പി ഉബൈദ് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്. ഹര്‍ജികള്‍ സെപ്തംബര്‍ 24 നു പരിഗണിക്കാനായി മാറ്റി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ഇന്നലെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ വിശദീകരിച്ചു. ഫ്ളൈ ഓവര്‍ അഴിമതിക്കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികളായ സുമീത് ഗോയല്‍, കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ അസി. ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍, കിറ്റ്കോയുടെ ജോയിന്‍റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ഹര്‍ജി പരിഗണിക്കവെ ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടമുണ്ടായിരുന്നോയെന്ന് ചോദിച്ച സിംഗിള്‍ബെഞ്ച് മേല്‍നോട്ടമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും വാക്കാല്‍ പറഞ്ഞു. അന്വേഷണം എന്തായെന്ന കോടതിയുടെ ചോദ്യത്തിന് പുരോഗമിക്കുകയാണെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നും വിജിലന്‍സ് മറുപടി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിന്‍റെ നിലവിലെ സ്ഥിതി, ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍, പ്രതികളുടെ പങ്കാളിത്തം എന്നിവ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ വിജിന്‍സിനോടു നിര്‍ദ്ദേശിച്ച ഹൈക്കോടതി ഹര്‍ജികള്‍ സെപ്തംബര്‍ 24 നു പരിഗണിക്കാന്‍ മാറ്റിയത്.
ഹര്‍ജി പരിഗണിക്കവെ ഓഗസ്റ്റ് 30 ന് അറസ്റ്റിലായ തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നെന്നും ഇനി ജയിലില്‍ കഴിയേണ്ട സാഹചര്യമില്ലെന്നുംഹര്‍ജിക്കാര്‍ വാദിച്ചു. ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിനായി മുന്‍കൂര്‍ തുക നല്‍കിയെന്നതാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് ടി.ഒ സൂരജ് വാദിച്ചു. പണം നല്‍കാന്‍ സര്‍ക്കാരാണ് തീരുമാനിച്ചതെന്നും താന്‍ ഉപകരണം മാത്രമാണെന്നും സൂരജ് വ്യക്തമാക്കി. എന്തിനാണ് പരസ്പരം പഴി ചാരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് കുറ്റപ്പെടുത്തിയതല്ലെന്നും സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് സര്‍ക്കാരിന്‍റെ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും സൂരജ് പറഞ്ഞു. ഫ്ളൈ ഓവര്‍ പൊളിച്ചു പണിയാന്‍ തീരുമാനിച്ചെന്നും പൊതുജീവിതം അപകടത്തിലാക്കുകയാണ് പ്രതികള്‍ ചെയ്തതെന്നും വിജിലന്‍സ് വിശദീകരിച്ചു. കേസില്‍ പ്രതികളുടെ പങ്കാളിത്തം വ്യക്തമാണ്. പ്രതികളുടെ പ്രവൃത്തി കൊണ്ട് പാലം പൊളിക്കേണ്ടി വന്നെന്നും വിജിലന്‍സ് വിശദീകരിച്ചു. തുടര്‍ന്നാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചത്.

Continue Reading

Latest News