Thursday, April 25, 2024
HomeIndiaകര്‍ഷക സമരം: ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച്‌ മാര്‍ച്ച്‌; ഞായറാഴ്ച നിര്‍ണായക സമ്മേളനം

കര്‍ഷക സമരം: ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച്‌ മാര്‍ച്ച്‌; ഞായറാഴ്ച നിര്‍ണായക സമ്മേളനം

ന്യൂഡല്‍ഹി: മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുള്ള കര്‍ഷക മാര്‍ച്ച്‌ ശനിയാഴ്ച 12-ാം ദിവസത്തിലേക്ക് കടന്നു.
വെടിയേറ്റ് മരിച്ച യുവ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ചു മാര്‍ച്ച്‌ നടത്തും.

യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കും. ഈ മാസം 29 വരെ അതിര്‍ത്തികളില്‍ സമാധാന പ്രതിഷേധം തുടരാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന കര്‍ഷക നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇന്നുമുതല്‍ സമര പരമ്ബരകളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്.

ഞായറാഴ്ച പഞ്ചാബ് അതിര്‍ത്തിയില്‍ നിര്‍ണായക സമ്മേളനം ചേരും. ലോക വ്യാപാര സംഘടനയില്‍ നിന്നും പുറത്തുവരേണ്ടതിനെ പറ്റി ചര്‍ച്ചയുണ്ടാകും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ മാസം 13ന് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്.

കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കര്‍ഷകര്‍ തെരുവിലേക്ക് ഇറങ്ങാന്‍ ഉറയ്ക്കുകയായിരുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 200ല്‍പരം കര്‍ഷക സംഘടനകളുടെ കീഴിലാണ് സമരത്തിനിറങ്ങിയത്.

സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും ആണ് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ, കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകും എന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular