Tuesday, April 23, 2024
HomeIndiaകര്‍ഷക സമരം: ഇന്ന് മെഴുകുതിരി തെളിയിച്ച്‌ മാര്‍ച്ച്‌, 29ന് നിര്‍ണായക സമ്മേളനം

കര്‍ഷക സമരം: ഇന്ന് മെഴുകുതിരി തെളിയിച്ച്‌ മാര്‍ച്ച്‌, 29ന് നിര്‍ണായക സമ്മേളനം

ന്യൂഡല്‍ഹി: കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ഇന്ന് 12ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ, യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.

തുടർ സമരത്തെ കുറിച്ച്‌ ഈ മാസം 29ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. അതുവരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളില്‍ – ശംഭു, ഖനൗരി എന്നിവിടങ്ങളില്‍ നിലയുറപ്പിക്കാൻ കർഷകർ തീരുമാനിച്ചു.

വെടിയേറ്റ് മരിച്ച യുവ കർഷകന് ആദരാഞ്ജലികള്‍ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച്‌ നടത്തും. നാളെ ലോക വ്യാപാര സംഘടനയില്‍ നിന്നും പുറത്തു വരേണ്ടതിനെ പറ്റി പഞ്ചാബ് അതിർത്തിയില്‍ നിര്‍ണായക സമ്മേളനം ചേരും.

തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. ചൊവ്വാഴ്ച മുതല്‍ തുടർ ദേശീയ തലത്തില്‍ നേതാക്കളെ പങ്കെടുപ്പിച്ച്‌ അതിർത്തികളില്‍ യോഗം ചേരും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ സംഘുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനിടെ, കേന്ദ്രം ചർച്ചക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് കർഷക നേതാക്കള്‍ വ്യക്തമാക്കി.

കനൗരി അതിർത്തിയില്‍ ഹരിയാന പൊലീസിന്റെ അതിക്രമത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ട യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കർഷകർ അനുവദിച്ചില്ല. ഹരിയാന ആഭ്യന്തരമന്ത്രിക്കും ബന്ധപ്പെട്ടവർക്കുമെതിരെ പഞ്ചാബ് സർക്കാർ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

കൊല്ലപ്പെട്ട ശുഭ്‌കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ശുഭ്കരണിന് നീതി ലഭിക്കാതെ ധനസഹായം സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

കർഷക നേതാക്കള്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നുമുള്ള ഹരിയാന പൊലീസിന്റെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു. അംബാലയിലെ നേതാക്കള്‍ക്കെതിരെ ദേശസുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയ കാര്യം പുനഃപരിശോധിച്ചിട്ടുണ്ട്. ഈ വകുപ്പുകള്‍ ചുമത്തില്ല. സമാധാനം നിലനിർത്താനും ക്രമസമാധാന പാലനത്തിലും അധികാരികളുമായി സഹകരിക്കാൻ അഭ്യർഥിക്കുന്നതായി പൊലീസ് പിന്നീട് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular