Connect with us
Malayali Express

Malayali Express

ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി

INDIA

ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി

Published

on

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന്‍ ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂര്‍ സിംഗ് വ്യക്തമാക്കി.

പാക് പ്രതിനിധി സംഘം എന്റെ രാജ്യത്തിനെതിരെ തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആഗോള തീവ്രവാദത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ ഉയരുന്നതെന്ന് ലോകത്തിന് അറിയാമെന്നും തീവ്രവാദികള്‍ക്ക് വര്‍ഷങ്ങളോളം സംരക്ഷണം നല്‍കിയവരാണ് പാക്കിസ്ഥാനെന്നും വിജയ് താക്കൂര്‍ സിംഗ് വ്യക്തമാക്കി.

കശ്മീരിലെ പുതിയ നടപടികള്‍ പാര്‍ലമെന്റ് നടപടികള്‍ പ്രകാരമാണെന്ന് ഇന്ത്യന്‍ പ്രതിനിധി ആവര്‍ത്തിച്ചു. ഇത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ആഭ്യന്തര വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാനാകില്ല. ജമ്മുകശ്മീരില്‍ തുല്യതയും നീതിയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. കശ്മീരിലെ ലിംഗവിവേചനം അവസാനിപ്പിക്കാനും മനുഷ്യാവകാശം ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടിയിലൂടെ കഴിയുമെന്നും വിജയ് താക്കുര്‍ പറഞ്ഞു.

ദേശീയ പൗരത്വ പട്ടിക സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണെന്ന് വിജയ് താക്കൂര്‍ സിംഗ് വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയത്. ഇത് ഇന്ത്യയിലെ നിയമങ്ങള്‍ പ്രകാരമുള്ള നടപടിയാണെന്നും വിജയ് താക്കൂര്‍ സിംഗ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്ന് നേരത്തെ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീരില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണെന്നും കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് പ്രതിനിധി സംഘം മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപിച്ചിരുന്നു.

Continue Reading

Latest News