Thursday, March 28, 2024
HomeKeralaആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിയത് 19 ലക്ഷം: വ്യാജ നിയമന ഉത്തരവും; മൂന്ന് പേര്‍ പിടിയില്‍

ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിയത് 19 ലക്ഷം: വ്യാജ നിയമന ഉത്തരവും; മൂന്ന് പേര്‍ പിടിയില്‍

ടൂർ: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനംചെയ്ത് അടൂർ മലമേക്കര സ്വദേശിനിയില്‍നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേർ അറസ്റ്റില്‍.

കൊല്ലം പെരിനാട് വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ്(50) നൂറനാട് ഐരാണിക്കുടി രോഹിണിനിലയം വീട്ടില്‍ മുരുകദാസ് കുറുപ്പ്(29) സഹോദരൻ അയ്യപ്പദാസ് കുറുപ്പ്(22) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ പരാതിക്കാരിക്ക് വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നതായി പോലീസ് പറഞ്ഞു.

2021 മാർച്ചിലാണ് രണ്ടും മൂന്നും പ്രതികളായ മുരുകദാസും അയ്യപ്പദാസും അടൂർ സ്വദേശിനിക്ക് വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയത്. വിനോദിന് സർക്കാർ വകുപ്പുകളില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും പൊതുപ്രവർത്തകനാണെന്നും 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനിരിക്കുകയാണെന്നും പ്രതികള്‍ പരാതിക്കാരിയോട് പറഞ്ഞിരുന്നു. നിരവധിപേർക്ക് ഇത്തരത്തില്‍ ജോലി വാങ്ങിനല്‍കിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. തുടർന്നാണ് പരാതിക്കാരിയില്‍നിന്ന് 19 ലക്ഷം രൂപ കൈക്കലാക്കിയത്.

പണം കൈപ്പറ്റിയശേഷം 2021 ഏപ്രിലിലാണ് ഒന്നാംപ്രതി വിനോദ് വ്യാജ നിയമന ഉത്തരവ് കൈമാറിയത്. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലാർക്കായി നിയമിച്ചുള്ള വ്യാജ ഉത്തരവായിരുന്നു ഇയാള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍, ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേദിവസം ഇയാള്‍ പരാതിക്കാരിയെ വിളിക്കുകയും മറ്റൊരുദിവസം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് നിർദേശം നല്‍കുകയും ചെയ്തു.

പുതിയ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി മാറിവന്നതാണ് നിയമനം വൈകുന്നതെന്നും പരാതിക്കാരിയെ ധരിപ്പിച്ചു. നിരവധിതവണ വിനോദ് ഇത്തരത്തില്‍ പല ഒഴിവുകള്‍ പറഞ്ഞ് മാറിയതോടെ പരാതിക്കാരിക്ക് സംശയമായി. തുടർന്ന് നിയമന ഉത്തരവ് സുഹൃത്തുക്കളെ കാണിച്ചതോടെയാണ് ഇത് വ്യാജമാണെന്നും പണം തട്ടിയതാണെന്നും വ്യക്തമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular