Wednesday, May 8, 2024
HomeKeralaരക്ഷകരായി റെയില്‍വേ ജീവനക്കാര്‍; സഹോദരിക്ക് കൊണ്ടുവന്ന വിവാഹസമ്മാനം ഫൈസലിന് തിരിച്ചുകിട്ടി, ഒപ്പം പാസ്‌പോര്‍ട്ടും

രക്ഷകരായി റെയില്‍വേ ജീവനക്കാര്‍; സഹോദരിക്ക് കൊണ്ടുവന്ന വിവാഹസമ്മാനം ഫൈസലിന് തിരിച്ചുകിട്ടി, ഒപ്പം പാസ്‌പോര്‍ട്ടും

ലുവ: സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നുദിവസത്തെ അവധിയെടുത്ത് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ ഏഴ് പവന്റെ മാലയും പാസ്‌പോര്‍ട്ടും പണവും ഉള്‍പ്പെടുന്ന ഹാന്‍ഡ് ബാഗ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ കാണാതായി.

മൂന്ന് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ റെയില്‍വേ ജീവനക്കാരന്‍ ബാഗ് കണ്ടെത്തി.

കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന് സമീപം മദീന മന്‍സിലില്‍ ഫൈസല്‍ അബ്ദുള്ളയാണ് (42) മൂന്ന് മണിക്കൂറോളം വിഷമസന്ധിയിലായത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചരമുതല്‍ എട്ടരവരെയാണ് ബാഗ് നഷ്ടപ്പെട്ട ഫൈസലിനൊപ്പം റെയില്‍വേ ജീവനക്കാര്‍, പോര്‍ട്ടര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ആര്‍.പി.എഫ് എന്നിവര്‍ തെരച്ചില്‍ നടത്തിയത്. ഫൈസല്‍ സ്റ്റേഷനിലെ പല സ്ഥലങ്ങളിലും മാറിമാറി ഇരുന്നതിനാല്‍ എല്ലായിടത്തും തെരഞ്ഞു. റെയില്‍വേ ജീവനക്കാരന്‍ മാമ്ബ്ര സ്വദേശി അനീഷാണ് ഒടുവില്‍ മൂന്നാംനമ്ബര്‍ പ്‌ളാറ്റ് ഫോമില്‍നിന്ന് ബാഗ് കണ്ടെടുത്തത്.

ഫൈസലിന്റെ സഹോദരി ഖദീജയുടെ വിവാഹം നാളെയാണ്. ഇതില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യ വിമാനത്തില്‍ നെടുമ്ബാശേരിയിലെത്തിയ ഫൈസല്‍ അഞ്ചരയോടെ ടാക്‌സിയില്‍ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തി. പോര്‍ട്ടറുടെ സഹായത്തോടെ ബലിയബാഗ് മൂന്നാംനമ്ബര്‍ പ്‌ളാറ്റ്‌ഫോമില്‍ എത്തിച്ചു. സ്വര്‍ണവും പാസ്‌പോര്‍ട്ടും പണവും അടങ്ങിയ ബാഗ് ഫൈസലിന്റെ കൈവശം തന്നെയായിരുന്നു. പ്ലാറ്റ്‌ഫോമില്‍വച്ച്‌ ചായ കുടിക്കുന്ന നേരത്താണ് ബാഗ് കാണുന്നില്ലെന്ന് മനസിലായത്. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന എല്ലാവരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ കണ്ണൂരിലേക്കുള്ള ഇന്റര്‍സിറ്റിയും കടന്നുപോയി.

ഒടുവില്‍ അനീഷ് കണ്ടെത്തി ആര്‍.പി.എഫിന് കൈമാറിയ ബാഗ് പിന്നീട് എ.എസ്.ഐ പി. തോമസ് ഡാല്‍വിയില്‍നിന്ന് ഫൈസല്‍ ഏറ്റുവാങ്ങി. 24ന് മടങ്ങുന്നതിനുള്ള ടിക്കറ്റും ബാഗില്‍ ഉണ്ടായിരുന്നു. 20 വര്‍ഷത്തോളമായി വിദേശത്ത് ജോലിചെയ്യുന്ന ഫൈസല്‍ അവധിക്കെത്തിയശേഷം ഒരുമാസം മുമ്ബാണ് മടങ്ങിയത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നെങ്കില്‍ യഥാസമയം തിരിച്ചുപോകാന്‍ കഴിയാതെ ജോലിയും നഷ്ടപ്പെടുമായിരുന്നുവെന്ന് ഫൈസല്‍ പറഞ്ഞു. ബാഗ് കണ്ടെത്തിത്തന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഫൈസല്‍ നാട്ടിലേക്ക് ട്രെയിനില്‍ മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular