Connect with us
Malayali Express

Malayali Express

മധ്യപ്രദേശ് രാഷ്ട്രീയം സ്തംഭിച്ചിരിക്കുന്നു : രണ്ടും കല്പിച്ച് സോണിയ; കോണ്‍ഗ്രസിൽ അനിശ്ചിതത്വം

INDIA

മധ്യപ്രദേശ് രാഷ്ട്രീയം സ്തംഭിച്ചിരിക്കുന്നു : രണ്ടും കല്പിച്ച് സോണിയ; കോണ്‍ഗ്രസിൽ അനിശ്ചിതത്വം

Published

on

ആദിത്യവർമ

മധ്യപ്രദേശിൽ മൂന്ന് തട്ടിലുള്ള പരസ്യ പോരാട്ടത്തിന് വിലക്കിടാൻ സോണിയാ ഗാന്ധി. തന്‍റെ ക്യാമ്പിലുള്ള രണ്ട് പ്രമുഖ നേതാക്കൾ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് സോണിയ കളത്തിൽ ഇറങ്ങിയിരിക്കുന്നത്. തൽക്കാലത്തേക്ക് പരസ്യ പ്രസ്താവനകൾ പാടില്ലെന്നാണ് നിർദേശം. സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ഹൈക്കമാൻഡിന് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. അതേസമയം കമൽനാഥിനോട് ജോതിരാദിത്യ സിന്ധ്യയെ കണ്ട് അനുനയ ചർച്ചകൾ നടത്താനും സോണിയ നിർദേശിച്ചിട്ടുണ്ട്. ദിഗ്വിജയ് സിംഗാണ് ഏറ്റവും പ്രശ്നക്കാരനെന്നാണ് റിപ്പോർട്ട്. സിന്ധ്യ കോണ്‍ഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയും, അത് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വെടിനിർത്തലിന് സോണിയാ ഗാന്ധി നേരിട്ടിറങ്ങിയിരിക്കുന്നത്.

മധ്യപ്രദേശ് രാഷ്ട്രീയം സ്തംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് മൂന്ന് ചേരിയിലായി മാറുകയും ചെയ്തു. ഇതിൽ കമൽനാഥും ജോതിരാദിത്യ സിന്ധ്യയും ദില്ലിയിൽ ക്യാമ്പ് ചെയ്ത് സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാൽ സിന്ധ്യ ക്യാമ്പിന്‍റെ സമ്മർദത്തിന് വഴങ്ങില്ലെന്ന് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. ഇതോടെ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം കിട്ടില്ലെന്നും ഉറപ്പായിരിക്കുകയാണ്. പകരം അനുനയ ചർച്ചകളാണ് സോണിയ മുന്നോട്ട് വെച്ചത്. സംസ്ഥാന അധ്യക്ഷനായി കമൽനാഥ് തന്നെ തുടരാനാണ് സോണിയ നിർദേശിച്ചിരിക്കുന്നത്. അതല്ലെങ്കിൽ ഒരു വിഭാഗത്തിലും ഇല്ലാത്ത നേതാവിനെ കൊണ്ടുവരണം. നിലവിൽ അതിന് സാധ്യതയില്ല. കമൽനാഥിനോട് സിന്ധ്യയുമായി ചേർന്ന് പോകാനാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കിട്ടിയ അവസരം ഇല്ലാതാക്കി, ബിജെപിക്ക് ഭരണം പോകുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും സോണിയ പറഞ്ഞിട്ടുണ്ട്.പാർട്ടി നിർദേശം തെറ്റിക്കുന്നവരെ യാതൊന്നും നോക്കാതെ പുറത്താക്കാനാണ് സോണിയ ലക്ഷ്യമിടുന്നത്. പറയാനുള്ള കാര്യങ്ങൾ പാർട്ടിക്കുള്ളിൽ മാത്രം പറയണമെന്നാണ് സോണിയ പറയുന്നത്. നേതാക്കൾക്ക് പൊതുമധ്യത്തിൽ സംസാരിക്കുന്നതിൽ മാർനിർദേശങ്ങൾ കഴിഞ്ഞ കമൽനാഥ് അധ്യക്ഷനായ രാഷ്ട്രീയകാര്യ സബ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് എംഎൽഎമാരെയും അറിയിച്ചിട്ടുണ്ട്. ബിജെപിയെ പ്രതിരോധിക്കാനുള്ള നീക്കമാണ് മുന്നിലുള്ള മറ്റൊരു ലക്ഷ്യം.പാർട്ടി പിളരുമെന്ന സൂചനയെ തുടർന്നാണ് പുതിയ അധ്യക്ഷൻ വേണ്ടെന്ന് തീരുമാനിച്ചത്. മൂന്ന് വിഭാഗത്തിനും സ്വീകാര്യമായ നേതാവ് വരുന്പോൾ അധ്യക്ഷനെ മാറ്റാമെന്ന് സോണിയ തുറന്ന് പറയുകയും ചെയ്തു. സിന്ധ്യയെ മുന്നിൽ നിർത്തി ജാബുവ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്നും നിർദേശമുണ്ട്. ഇതിനോട് കമൽനാഥ് യോജിച്ചിട്ടുണ്ട്. അതേസമയം ദിഗ്വിജയ് സിംഗ് പ്രചാരണത്തിനിറങ്ങില്ല.പാർട്ടിയിൽ യുവനേതാക്കൾ വരണമെന്ന ആവശ്യമാണ് എംഎൽഎമാർ കമൽനാഥിനെ അറിയിച്ചത്. പാർട്ടിക്കുള്ളിൽ സിന്ധ്യക്ക് പിന്തുണ വർധിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം സിന്ധ്യ വിഭാഗത്തിലുള്ള ഉമംഗ് സിംഗാർ ബിജെപി ഏജന്‍റാണെന്നും ആരോപണമുയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിഗ്വിജയ് സിംഗ് സർക്കാരിനെ വീഴ്ത്താൻ നോക്കുന്നുവെന്ന് ആരോപിച്ച് ഉമംഗ് സിംഗാർ സോണിയക്ക് കത്തയച്ചിരുന്നു. ഇത് വിവാദമായിരിക്കുകയാണ്.ദിഗ്വിജയ് സിംഗ് വിടാതെ പോരാടാനുള്ള തയ്യാറെടുപ്പിലാണ്. അജയ് സിംഗിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനായി സോണിയാ ഗാന്ധിയെ നേരിട്ട് കാണാനാണ് ദിഗ്വിജയ് സിംഗ് ഒരുങ്ങുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ ഉപയോഗിച്ച് ഇത് തടയാൻ സിന്ധ്യ ശ്രമിച്ചേക്കും. പാർട്ടിയിൽ ദിഗ്വിജയ് സിംഗിന് പ്രാമുഖ്യം വർധിക്കുന്നത്, കോണ്‍ഗ്രസിന് ഭരണം നഷ്ടമാക്കിയ അവസ്ഥ കൊണ്ടുവരുമെന്ന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി സിന്ധ്യ ഉന്നയിച്ചിരിക്കുകയാണ്. സിംഗിന്‍റെ മുന്പത്തെ ഭരണവും ഇതിന് കാരണമായി ഉയർത്തി കാണിക്കുന്നുണ്ട്.

Continue Reading

Latest News