Connect with us
Malayali Express

Malayali Express

ബോറിസിന്റെ സഹോദരൻ മന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചു; ബ്രിട്ടനിൽ രാഷ്ട്രീയ നാടകം തുടരുന്നു

EUROPE

ബോറിസിന്റെ സഹോദരൻ മന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചു; ബ്രിട്ടനിൽ രാഷ്ട്രീയ നാടകം തുടരുന്നു

Published

on


ടോമി വട്ടവനാൽ

ലണ്ടൻ : പാർലമെന്റിൽ പ്രതിപക്ഷത്തുനിന്നും ഇരട്ടപ്രഹരമേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഒടുവിൽ സ്വന്തം കുടുംബത്തിൽനിന്നും തിരിച്ചടി. ബിസിനസ് മിനിസ്റ്റർ കൂടിയായ ഇളയ സഹോദരൻ ജോ ജോൺസൺ മന്ത്രിസ്ഥാനവും പാർലമെന്റ് അംഗത്വവും രാജിവച്ചാണ് പ്രതിസന്ധിയിൽ ബോറിസിനെ പരോക്ഷമായി തള്ളിപ്പറഞ്ഞത്. ഇന്നലെ ഉച്ചയോടെയായിരുന്നു ജോ ജോണസന്റെ രാജി പ്രഖ്യാപനം. ബുധനാഴ്ച പാർലമെന്റിൽ ബോറിസിന്റെ നോ ഡീൽ ബ്രക്സിറ്റും പൊതു തിരഞ്ഞെടുപ്പിനുള്ള നീക്കവും വോട്ടെടുപ്പിലൂടെ അട്ടിമറിച്ച പ്രതിപക്ഷത്തിന് കൂടുതൽ കരുത്തു പകരുന്ന നടപടിയായി പ്രധാനമന്ത്രിയുടെ സഹോദരന്റെ രാജി.


കൂടുംബത്തോടുള്ള കൂറും ദേശീയ താൽപര്യവും തമ്മിലുള്ള ഏറ്റമുട്ടലിൽ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് രാജിവച്ചൊഴിയാൻ തീരുമാനിച്ചതെന്നാണ് ജോ ജോൺസന്റെ വിശദീകരണം. അനിശ്ചിതമായ ഈ പ്രതിസന്ധി പരിഹരിക്കാനാണ് സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‌സഹോദരന്റെ സേവനങ്ങൾക്കു നന്ദിപറഞ്ഞ ബോറിസ് ജോൺസൺ അദ്ദേഹം വിദ്യാഭ്യാസകാലം മുതലേ ബുദ്ധിമാനും സമർദ്ധനുമായ നേതാവാണെന്ന് പ്രശംസിച്ചു. ഒമ്പതു വർഷമായി ഓർഫിംങ്ടൺ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന ജോ ജോൺസൺ നേരത്തെ ഡേവിഡ് കാമറൺ മന്ത്രിസഭയിലും തെരേസ മേയോടൊപ്പവും മന്ത്രിയായിരുന്നു.

2016ലെ ബ്രക്സിറ്റ് റഫറണ്ടത്തിൽ ബോറിസ് ജോൺസൺ ലീവ് പക്ഷത്തെ നയിച്ചപ്പോൾ റിമെയിൻ പക്ഷത്തായിരുന്നു ജോ ജോൺസൺ. തെരേസ മേയുടെ ബ്രക്സിറ്റ് ഉടമ്പടിയിൽ പ്രതിഷേധിച്ച് നേരത്തെ ഒരിക്കൽ മന്ത്രിസ്ഥാനം രാജിവച്ച ജോ ജോൺസൺ ബോറിസ് പാർട്ടി നേതാവായതോടെയാണ് വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്തിയത്. പാർലമെന്റിലെ വോട്ടെടുപ്പിൽ 21 ടോറി എംപിമാർ കൂറുമാറി വോട്ടുചെയ്തതിന്റെ ക്ഷീണം തീരുംമുമ്പേ സ്വന്തം സഹോദരൻ മന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചത് ചെറുതായല്ല ബോറിസിനെ പ്രതിരോധത്തിലാക്കുന്നത്.
ഇതിനിടെ പൊതു തിരഞ്ഞെടുപ്പു വേണോ എന്നു തീരുമാനിക്കാൻ ഒരിക്കൽക്കൂടി എംപിമാർക്ക് അവസരം ഒരുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാകും ഇതിനുള്ള വോട്ടെടുപ്പ്. പൊതു തിരഞ്ഞെടുപ്പ് വേണമെന്നാണ് ലേബർ പാർട്ടിയുടെ ആഗ്രഹമെന്നും എന്നാൽ അതിനു മുമ്പ് നോ ഡീൽ ബ്രക്സിറ്റ് തടയാനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും ജെറമി കോർബിനും ഷാഡോ ചാൻസിലർ ജോൺ മക്ഡോണലും നിലപാട് പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിൽ രണ്ടാമതൊരു നീക്കത്തിനുകൂടി പ്രധാനമന്ത്രി തയാറാകുന്നത്. നോ ഡീൽ ബ്രക്സിറ്റ് തടയുന്ന ബില്ല് പ്രഭുസഭകൂടി ചർച്ചചെയ്ത് അംഗീകരിച്ചാൽ ലേബർ പാർട്ടി തിരഞ്ഞെടുപ്പിന് അനുകൂലമായി വോട്ടുചെയ്തേക്കുമെന്നാണ് പ്രതീക്ഷ.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News