Friday, April 26, 2024
HomeKeralaആമപ്പാറയില്‍ സഞ്ചാരികള്‍ക്കായി കാഴ്ചകളുടെ ജാലകം

ആമപ്പാറയില്‍ സഞ്ചാരികള്‍ക്കായി കാഴ്ചകളുടെ ജാലകം

തൊടുപുഴ: വൈവിധ്യ കാഴ്‍ചകളുള്ള ആമപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്കായി ജാലകം തുറക്കാൻ ഡി.ടി.പി.സി. രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ആമപ്പാറയില്‍ ജാലകം എക്കോ ടൂറിസം കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.

ടിക്കറ്റ് കൗണ്ടർ, സുരക്ഷാവേലി, വാച്ച്‌ടവർ, നടപ്പാത, ലൈറ്റുകള്‍, ഇലക്‍ട്രിക്കല്‍, പ്ലംമ്ബിങ് ജോലികള്‍, ബെഞ്ചുകള്‍, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സില്‍ക്ക് ഏജൻസിയാണ് നിർമാണ പ്രവർത്തനങ്ങള്‍ ഏറ്റെടുത്തത്. വകുപ്പില്‍നിന്ന് ആകെ 3.21 കോടി രൂപ ചെലവഴിച്ച്‌ രണ്ട് ഘട്ടങ്ങളിലായായിരുന്നു നിർമാണം. ആദ്യഘട്ടത്തിന് 2019ലും രണ്ടാംഘട്ടത്തിന് 2021ലുമാണ് ഭരണാനുമതി ലഭിച്ചത്. ഈ മാസത്തോടെ നിർമാണ ജോലികള്‍ തീർക്കാൻ കഴിയുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.

കൗതുകമാണ് ഭീമൻ പാറ

ആമപ്പാറയെന്ന പേരിന് പിന്നില്‍ ആമയുടെ ആകൃതിയിലുള്ള ഭീമൻ പാറയാണ്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ചെറുതായൊന്നുമല്ല രസിപ്പിക്കുക. വലിയ പാറയ്‍ക്ക് ചുവട്ടിലായി രണ്ട് വലിയ പൊത്തുകളുണ്ട്. അതിലൂടെ നേരിയൊരു വഴി. ഒരുപൊത്തിലൂടെ കയറി മറ്റൊന്നിലൂടെ പുറത്തിറങ്ങുന്നതാണ് ആമപ്പാറയിലെ കൗതുകം. രാമക്കല്‍മേട്ടില്‍നിന്ന് ഓഫ്‍റോഡ് ജീപ്പ് സവാരിയാണിവിടേക്ക്. സാഹസിക യാത്രകള്‍ ഇഷ്‍ടപ്പെടുന്നവർക്ക് ഈ യാത്ര ഹരമാകും.

രാമക്കല്‍മേ‍ടിന്റെ ആകാശ കാഴ്‍ച, കുറുവൻ, കുറത്തി ശില്‍പ്പം, തമിഴ്‍നാടിന്റെ ഗ്രാമീണ ഭംഗി, കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങി കാഴ്‍ചയുടെ കലവറയാണ് ആമപ്പാറ തുറക്കുക. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ വിദേശീയരടക്കം നിരവധി വിനോദസഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രങ്ങളിലൊന്നായി ആമപ്പാറ മാറുമെന്നാണ് പ്രതീക്ഷ. നെടുങ്കണ്ടം – രാമക്കല്‍മേട് റോഡില്‍ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാല്‍ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെനിന്ന് ജീപ്പില്‍ ആമപ്പാറയിലെത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular