Saturday, April 20, 2024
HomeIndiaകേരള സര്‍ക്കാരിന്റെ പ്രതിഷേധം സ്വന്തം വീഴ്ച മറയ്‌ക്കാന്‍: ബിജെപി

കേരള സര്‍ക്കാരിന്റെ പ്രതിഷേധം സ്വന്തം വീഴ്ച മറയ്‌ക്കാന്‍: ബിജെപി

ന്യൂദല്‍ഹി: സ്വന്തം വീഴ്ച മറച്ചുവെച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ എംപി ആരോപിച്ചു.

ദല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രേശഖര്‍ എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം പരാജയം നരേന്ദ്രമോദി സര്‍ക്കാരിന് മേല്‍ കെട്ടിവെക്കാനുള്ള നാണംകെട്ട രാഷ്‌ട്രീയ നാടകമാണിത്. കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരായ ജനരോഷം തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

യുപിഎ സര്‍ക്കാര്‍ ഭരിച്ച 2009 മുതല്‍ 2014 വരെയുള്ള അഞ്ചു വര്‍ഷം നികുതി, ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവയുള്‍പ്പെടെ കേരളത്തിന് ലഭിച്ച കേന്ദ്രസഹായം ആകെ 70,838 കോടി രൂപ മാത്രമാണ്. എന്നാല്‍ 2017 മുതല്‍ 2022 വരെ മോദി സര്‍ക്കാര്‍ സംസ്ഥാനത്തിന് 2,29,844 കോടി രൂപ അനുവദിച്ചു. ഇടതുപക്ഷം പിന്തുണച്ച യുപിഎ സര്‍ക്കാരിനെക്കാള്‍ 300 ശതമാനത്തിലധികം തുക കേരളത്തിന് നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ദേശീയപാത, റെയില്‍വേ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കായി കേന്ദ്രം വന്‍തുക ചെലവഴിക്കുന്നുണ്ട്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന തുക 32 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി ഉയര്‍ത്താനുള്ള ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ മോദി സര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. കൂടാതെ, 7.5% പഞ്ചായത്തുകള്‍ക്കും ജില്ലാ പരിഷത്തുകള്‍ക്കും നല്‍കിയിട്ടുണ്ട്. 2017 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ജിഎസ്ടി നഷ്ടപരിഹാരത്തുകയില്‍ 14% വാര്‍ഷിക വര്‍ദ്ധനവ് ഉറപ്പാക്കുകയും അതു നല്‍കുകയും ചെയ്തു.

വിവിധ കേന്ദ്ര- സംസ്ഥാന ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ധനമാനേജ്മെന്റ് ഏറ്റവും മോശം അവസ്ഥയിലാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 12- ാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് കടബാധ്യതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14 ാം ധനകാര്യകമ്മീഷന്‍ കേരളം, പഞ്ചാബ്, ബംഗാള്‍ എന്നിവ മാത്രമാണ് റവന്യൂ കമ്മിയുള്ള മൂന്ന് സംസ്ഥാനങ്ങളെന്ന് ചൂണ്ടിക്കാട്ടി. 15 ാം ധനകാര്യ കമ്മീഷന്‍ കേരളത്തെ ഉയര്‍ന്ന കടബാധ്യതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചു. കേരളം ധനക്കമ്മി പരിമിതപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും നിരീക്ഷിച്ചു.

2016ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാര്‍ പോലും സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണെന്നും കടമെടുത്താണ് ദൈനംദിന ചെലവുകള്‍ നടത്തുന്നതെന്നും സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തിയ പഠനം ഉയര്‍ന്ന കടബാധ്യതയും- ജിഡിപി അനുപാതവും മറ്റ് പല സാമ്ബത്തിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 39% ആയി കടം വര്‍ധിച്ചു. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയതായും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

സംസ്ഥാനം മാറിമാറി ഭരിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നയങ്ങള്‍ കാരണം സംസ്ഥാനത്തെ വ്യവസായവല്‍ക്കരണം മോശം അവസ്ഥയിലാണ്. കഠിനാധ്വാനികളും ഉന്നത വിദ്യാഭ്യാസമുള്ളവരുമായ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ജോലി തേടി പോകേണ്ട സാഹചര്യമാണ്. ഇത് കേരളത്തിന്റെ മോശം സാമ്ബത്തിക മാനേജ്മെന്റിന്റെ നേര്‍കാഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular