Connect with us
Malayali Express

Malayali Express

ഇന്ത്യന്‍ ക്രിക്കറ്റ് താരം ബുംറയ്ക്ക് അപൂര്‍വ നേട്ടം

LATEST NEWS

ഇന്ത്യന്‍ ക്രിക്കറ്റ് താരം ബുംറയ്ക്ക് അപൂര്‍വ നേട്ടം

Published

on

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കു ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്ന ആദ്യ ഏഷ്യന്‍ ബൗളറാണു ബുംറ.
ഇന്ത്യന്‍ താരത്തിന്റെ എല്ലാ അഞ്ച് വിക്കറ്റ് നേട്ടവും ആദ്യ പര്യടനത്തില്‍ തന്നെയായിരുന്നു എന്ന സവിശേഷതയുമുണ്ട്. ആന്റിഗ്വയില്‍ സര്‍ വിവിയന്‍ റിച്ചാഡ്സ് സ്റ്റേഡിത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 318 റണ്ണിനു ജയിച്ചിരുന്നു.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 297, രണ്ടാം ഇന്നിങ്സ് ഏഴിന് 343 ഡിക്ലയേഡ്. വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്സ് 222, രണ്ടാം ഇന്നിങ്സ് 100.
എട്ടോവറില്‍ (നാല് മെയ്ഡിന്‍ അടക്കം) ഏഴ് റണ്‍ മാത്രം വിട്ടുകൊടുത്താണു ബുംറ അഞ്ച് വിക്കറ്റെടുത്തത്. മിന്നല്‍ വേഗത്തിലുള്ള ഔട്ട് സ്വിംഗറുകളുമായാണു ബുംറ വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരെ വലച്ചത്. ഏറ്റവും കുറച്ചു റണ്‍ വിട്ടുകൊടുത്തുള്ള ഇന്ത്യന്‍ ബൗളറുടെ അഞ്ചു വിക്കറ്റ് നേട്ടവും ബുംറ സ്വന്തമാക്കി. 1990 ല്‍ ശ്രീലങ്കയ്ക്കെതിരേ നടന്ന ചണ്ഡീഗഡ് ടെസ്റ്റില്‍ 12 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്ത വെങ്കിടപതി രാജുവിന്റെ റെക്കോഡാണു പഴങ്കഥയായത്.
ആദ്യ സ്പെല്ലില്‍ തന്നെയായിരുന്നു ബുംറയുടെ റെക്കോഡ് പ്രകടനം. കാര്‍ലോസ് ബ്രാത്വെയ്റ്റാണ് (ഒന്ന്) ആദ്യം വീണത്. പിന്നാലെ ജോണ്‍ കാംപെല്ലും (ഏഴ്) ക്രീസ് വിട്ടു. ഡാരെന്‍ ബ്രാവോയും (രണ്ട്) ബുംറയുടെ മിന്നല്‍ വേഗത്തിനിരയായി. ബുംറയുടെ പന്ത് ഓഫ്് സ്റ്റമ്പ് തെറുപ്പിച്ച ശേഷമാണു ഷായ് ഹോപ്പ് (രണ്ട്) അറിഞ്ഞത്. വിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡറിന്റെ (എട്ട്) സ്റ്റമ്പ് തെറിച്ചത് എണ്ണം പറഞ്ഞ യോര്‍ക്കറിലാണ്. സഹ പേസര്‍ ഇഷാന്ത് ശര്‍മ മൂന്നു വിക്കറ്റെടുത്തു വിന്‍ഡീസിന്റെ പതനം വേഗത്തിലാക്കി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുമെടുത്തു.
വാലറ്റക്കാരന്‍ കെയ്മര്‍ റോച്ചിന്റെ (31 പന്തില്‍ അഞ്ച് സിക്സറും ഒരു ഫോറുമടക്കം 38) പ്രകടനമാണു സ്‌കോര്‍ നൂറിലെത്തിച്ചത്. മിഗ്വേല്‍ കുമ്മിന്‍സ് 19 റണ്ണുമായി പുറത്താകാതെനിന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സിനിടെ ബുംറ 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയിരുന്നു. അരങ്ങേറി ഒരു വര്‍ഷത്തിനുള്ളിലാണ് 50 വിക്കറ്റെടുക്കുന്നത്. ബുംറയെ കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും അപൂര്‍വ നേട്ടം കുറിച്ചു.
വിദേശത്ത് ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടുന്ന (12) ഇന്ത്യന്‍ നായകനെന്ന നേട്ടം സ്വന്തമാക്കാന്‍ കോഹ്ലിക്കായി. സൗരവ് ഗാംഗുലിയുടെ 11 ജയങ്ങളാണു പഴങ്കഥയായത്. 26 എവേ ടെസ്റ്റുകളില്‍ നിന്നാണു കോഹ്ലിയുടെ നേട്ടം. ഗാംഗുലി 28 എവേ ടെസ്റ്റുകളില്‍ നിന്നാണു 11 ജയങ്ങള്‍ കുറിച്ചത്. ഒന്നാം ഇന്നിങ്സില്‍ അര്‍ധ സെഞ്ചുറിയും (81) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും (102) നേടിയ അജിന്‍ക്യ രഹാനെയാണു മത്സരത്തിലെ താരം.

Continue Reading

Latest News