Connect with us
Malayali Express

Malayali Express

മാനസിക സംഘർഷം വർധിക്കുന്നു : എഎസ്ഐ ആത്മഹത്യയിൽ എണ്ണം 64; എസ്ഐക്ക് സ്ഥലം മാറ്റം- പോലീസിൽ പീഡനം തുടർക്കഥ

KERALA

മാനസിക സംഘർഷം വർധിക്കുന്നു : എഎസ്ഐ ആത്മഹത്യയിൽ എണ്ണം 64; എസ്ഐക്ക് സ്ഥലം മാറ്റം- പോലീസിൽ പീഡനം തുടർക്കഥ

Published

on

ആദിത്യവർമ

കൊച്ചി: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ തടിയിട്ടപറന്പ് എസ്ഐയെ സ്ഥലം മാറ്റി. ആർ രാജേഷിനെയാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. കോട്ടയം എസ്പി ഓഫീസിലേക്കാണ് മാറ്റിയത്. കോട്ടയം എസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. ആലുവ തടിയിട്ടപറന്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബുവാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ ആർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിൻറെ ആത്മഹത്യ. ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം വിട്ടുകളയുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്. സ്റ്റേഷൻ ജോലികളുമായി ബന്ധപ്പെട്ട് ബാബു അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സുഹൃത്തുക്കളും ആരോപിക്കുന്നു.എന്നാൽ ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥൻ തുടർച്ചയായി മെഡിക്ക്ൽ ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 2018ലും 2019ലും മൂന്ന് വട്ടം മെഡിക്കൽ ലീവ് എടുത്തതോടെ ഉദ്യോഗസ്ഥൻറെ ആരോഗ്യ നില മെഡിക്കൽ ബോഡിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ഐ ഡിവൈസ്പിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ മാസം 19നാണ് റിപ്പോർട്ട് നൽകിയത്. ഇതാകാം എസ്ഐയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ആലുവ റൂറൽ എസ്പി അറിയിച്ചു.

മേലധികാരികളുടെ പീഡനവും, മാനസീക സമ്മർദവും മൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുപ്പനുസരിച്ച് ആത്മഹത്യ ചെയ്തതു 64 പോലീസുകാർ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു 2014ൽ ഒൻപത്, 2015ൽ അഞ്ച്, 2016ൽ 13, 2017ൽ 14, 2018ൽ 13 ഉദ്യോഗസ്ഥർ വീതമാണ് ജീവനൊടുക്കിയത്. 2019ൽ ഇതുവരെ പത്തു പോലീസുകാർ ജീവനൊടുക്കി കഴിഞ്ഞു. ജോലി ഉപേക്ഷിച്ചുപോകുന്നവരും മാനസീക രോഗാവാസ്ഥയുമായി ജീവിതത്തോടു പടപൊരുതുന്നവരും നിരവധി. ഡ്യൂട്ടിക്കിടയിൽ അക്രമത്തിനു ഇരയായി സേവനം തുടരാൻ കഴിയാതെ കിടപ്പിലായ പോലീസുകാരുമുണ്ട്. ആത്മഹത്യകളുടെ എണ്ണം കൂടുന്നെങ്കിലും പോലീസുകാരുടെ ജോലിഭാരവും അവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം ഇപ്പോഴും നിലവിലില്ല.എന്നാൽ മാനസികസംഘർഷം കുറയ്ക്കുന്നതിനു വേണ്ടി അത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി അവർക്കു കൗണ്‍സിലിംഗ് എന്നിവ നടത്താനും കൂടാതെ മാസത്തിൽ ഒരു തവണ അടുത്തുള്ള പബ്ലിക് ഹെൽത്ത് സെന്‍ററിലോ സർക്കാർ ആശുപത്രിയിലോ മെഡിക്കൽ പരിശോധന നടത്തണമെന്നുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
എറണാകുളത്ത് എസ്ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദത്തെക്കുറിച്ചു പഠിക്കാൻ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ജോലി സ്ഥലത്തിനു പുറത്തെ സമ്മർദം അതിജീവിക്കാൻ ഉദ്യോഗസ്ഥനു കഴിയുമെങ്കിലും ജോലി സ്ഥലത്തെ സമ്മർദം ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല.പൊതുജനത്തിന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർക്കു സ്വന്തം സേനയ്ക്കുള്ളിൽ തന്നെ സുരക്ഷിതത്വം ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്. പാലക്കാട് ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനംമൂലം കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരൻ കുമാർ മരിച്ചതിന്‍റെ മുറിവുണങ്ങുന്നതിനു മുന്പു ഇന്നലെ ആലുവ തടിയിട്ടപറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ തുങ്ങി മരിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും ക്യാന്പുകളിലും മാനസികസംഘർഷം അനുഭവിക്കുന്നവരുണ്ട്.

ജോലി ഭാരം, പരസ്യമായ അപമാനം, അവധി കിട്ടാതിരിക്കുക, കുടുംബത്തിന്‍റെ കാര്യം അന്വേഷിക്കാൻ കഴിയാതെ വരിക എന്നിവയൊക്കെയാണു ബഹുഭൂരിപക്ഷം പോലീസുകാരും നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. അടിമപണി പോലീസിൽ അനുവദിക്കില്ലെന്നു ഡിജിപി പറയുന്പോഴും ഇപ്പോഴും ഒട്ടമിക്ക കീഴുദ്യോഗസ്ഥരും തന്‍റെ മുകളിലുള്ളവന്‍റെ അടിമയെ പോലെയാണ് സർവീസിൽ കഴിയുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് കണ്ണൂരിൽ ആദിവാസിയായ ഒരു സിവിൽ പോലീസ് ഓഫിസർ രാജിവച്ചത്.

മാനസിക പീഢനം മാത്രമല്ല, ശാരീരിക പീഡനത്തിനും കീഴുദ്യോഗസ്ഥർ വിധേയരാകുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. എഡിജിപി സുദേഷ് കുമാറിന്‍റെ മകൾ, ഗവാസ്കർ എന്ന പോലീസ് ഡ്രൈവറെ ആക്രമിച്ച വാർത്തയോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം പുറംലോകത്തേക്കു വ്യാപിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ ഗോപകുമാർ ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു ഗോപകുമർ കത്തെഴുതി വച്ചിരുന്നത്. സന്പത്ത് വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി ഹരീദത്ത്, പൂന്തൂറ പോലീസ് സ്റ്റേഷനിലെ പ്രസന്നൻ, പൂജപ്പുര പോലീസ് സ്റ്റേഷനിലെ അരുണ്‍, കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ പി.എം തോമസ്, തിരുവനന്തപുരം സിറ്റി എ.ആർ ക്യാന്പിലെ ബാൻഡ് വിഭാഗം എസ്.ഐ ക്രിസ്റ്റഫർ ജോയി, ഇവരെല്ലാം മാനസികപീഡനം മൂലമാണ് ജീവനൊടുക്കിയവരിൽ ചിലർ മാത്രമായിരുന്നു.

Continue Reading

Latest News