Thursday, March 28, 2024
HomeKeralaബിഹാറില്‍ ബദല്‍നീക്കവുമായി ലാലുവും ആര്‍ജെഡിയും; മാഞ്ചിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം

ബിഹാറില്‍ ബദല്‍നീക്കവുമായി ലാലുവും ആര്‍ജെഡിയും; മാഞ്ചിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം

പാട്ന: മഹാസഖ്യസർക്കാരില്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവം.

ബി.ജെ.പി. രണ്ടുദിവസത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർത്തു. കോണ്‍ഗ്രസ് സഭാകക്ഷി നേതാവിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് എം.എല്‍.എമാരുടേയും മുൻ എം.എല്‍.എമാരുടേയും യോഗവും നടക്കും. മുതിർന്ന ആർ.ജെ.ഡി. നേതാക്കളുടെ ഒരു യോഗം ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ നടക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തോട്, അത്തരം കാര്യങ്ങളൊന്നും സംസ്ഥാന നേതൃതലത്തില്‍ ചർച്ച ചെയ്യുന്നില്ലെന്നായിരുന്നു അധ്യക്ഷൻ സാമ്രാട്ട് ചൗധരിയുടെ പ്രതികരണം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരുന്ന യോഗത്തില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ സംസ്ഥാനത്തേക്കുള്ള പ്രവേശനത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച്‌ ചർച്ചയാണ് നടക്കുകയെന്ന് കോണ്‍ഗ്രസ് സഭാകക്ഷിനേതാവ് ഷക്കീല്‍ അഹമ്മദ് ഖാൻ പറഞ്ഞു.

അതിനിടെ, നിതീഷ് കുമാറിന്റെ നീക്കത്തെ പ്രതിരോധിക്കാൻ ആർ.ജെ.ഡി. ബദല്‍ നീക്കം സജീവമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പത്ത് ജെ.ഡി.യു. എം.എല്‍.എമാരുമായി ലാലു പ്രസാദ് യാദവ് ചർച്ച നടത്തിയെന്നാണ് വിവരം. വിശ്വാസ വോട്ടെടുപ്പ് ദിവസം സഭയില്‍ ഹാജരാവരുതെന്ന് ഇവരോട് ആവശ്യപ്പെട്ടുവെന്ന് വിവരമുണ്ട്. ഇതിനിടെ ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ അവാം മോർച്ചയെ എൻഡിഎ സഖ്യത്തില്‍ നിന്ന് അടർത്തിയെടുക്കാനും ലാലുവും ആർജെഡിയും ശ്രമംനടത്തുന്നതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനമാണ് വാഗ്ദാനം. ജിതിൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയാലും പ്രധാന വകുപ്പുകള്‍ തേജസ്വി യാദവ് കൈവശം വെക്കുന്ന തരത്തിലായിരിക്കും സമവാക്യം.

അതേസമയം ലാലു പ്രസാദ് യാദവ് നിരവധി തവണ നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിതീഷ് ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് വിവരം. നേരത്തെ, ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ക്ഷണിക്കാൻ സോണിയാഗാന്ധി പലതവണ വിളിച്ചപ്പോഴും ഫോണെടുത്തില്ലെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം, മുന്നണിമാറ്റ വാർത്തകളെ പരസ്യമായി തള്ളുമ്ബോഴും നിതീഷ് മൗനം വെടിയണമെന്ന ആവശ്യം കോണ്‍ഗ്രസും ആർ.ജെ.ഡിയും ഉന്നയിക്കുന്നുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സത്യമില്ലെന്ന് ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് ഉമേഷ് സിങ് കുശ്വാഹ പ്രതികരിച്ചിരുന്നു. എന്നാല്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ അധികാരത്തിലിരിക്കുന്നവർ സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്, അദ്ദേഹം തന്നെ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നു. ഇതേ ആവശ്യമുന്നയിച്ച്‌ വിവിധ മനോജ് കുമാർ ഝാ അടക്കമുള്ള ആർ.ജെ.ഡി. നേതാക്കളും രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular