Thursday, March 28, 2024
HomeKeralaകരിങ്കൊടിയുമായി എസ്‌എഫ്‌ഐ; കാറില്‍ നിന്നിറങ്ങി റോഡില്‍ നിന്ന് ഗവര്‍ണര്‍; കൊല്ലത്ത് നാടകീയ രംഗങ്ങള്‍

കരിങ്കൊടിയുമായി എസ്‌എഫ്‌ഐ; കാറില്‍ നിന്നിറങ്ങി റോഡില്‍ നിന്ന് ഗവര്‍ണര്‍; കൊല്ലത്ത് നാടകീയ രംഗങ്ങള്‍

കൊല്ലം: നിലമേലില്‍ ഗവർണർക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ നാടകീയരംഗങ്ങള്‍. കരിങ്കൊടിയുമായി അമ്ബതിലേറെ പ്രവർത്തകർ എത്തിയതോടെ പ്രകോപിതനായി വാഹത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടു കയര്‍ത്ത ഗവര്‍ണര്‍ പോലീസിനെ ശകാരിക്കുകയും ചെയ്തു.
പുറത്തിറങ്ങിയ ഗവർണർ വാഹനത്തില്‍ കയറാൻ കൂട്ടാക്കാതെ റോഡില്‍ നില്‍ക്കുകയാണ്. തുടർന്ന് സമീപത്തെ കടയില്‍ കയറി വെള്ളം കുടിക്കുകയും ചെയ്തു.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസാണെന്നും കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും ഗവർണർ നിലപാടെടുത്തു. കരിങ്കൊടി പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയിലെടുത്തില്ലെന്നും അദ്ദേഹം പോലീസിനോടു ചോദിച്ചു.

തന്‍റെ യാത്രക്ക് സർക്കാർ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും പോലീസിനെ നിയോഗിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് അമിത് ഷായുടെ സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ അദ്ദേഹം പരാതി അറിയിക്കുകയും ചെയ്തു.

വാഹനത്തിനു മുന്നിലേക്ക് പ്രതിഷേധക്കാർ ചാടിവീണതാണ് ഗവർണറെ പ്രകോപിപ്പിച്ചതും പുറത്തിറങ്ങാൻ നിർബന്ധിതനാക്കിയതുമെന്നാണ് രാജ്ഭവൻ വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. അതേസമയം, ഗവർണറെ അനുനയിപ്പിച്ച്‌ തിരികെ കാറില്‍ കയറ്റാനാണ് പോലീസിന്‍റെ ശ്രമം.

സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗവർണർ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. പ്രതിഷേധത്തിനു പിന്നാലെ 12 എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular