Saturday, April 20, 2024
HomeKeralaതിരുവിതാംകൂര്‍ രാജ കുടുംബമെന്ന് കേള്‍ക്കുമ്ബോള്‍ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികള്‍

തിരുവിതാംകൂര്‍ രാജ കുടുംബമെന്ന് കേള്‍ക്കുമ്ബോള്‍ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികള്‍

പുലര്‍ച്ചെ മുതല്‍ നിറുത്താതെ കരച്ചിലാണ്. ആരെന്നല്ലേ? തിരുവിതാംകൂര്‍ രാജ കുടുംബമെന്നോ രാജവംശമെന്നോ കേള്‍ക്കുമ്ബോള്‍ തന്നെ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികളും പൊ ക ടീമുകളുമാണ്!!

കാരണം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് തമ്ബുരാട്ടിക്ക് പത്മശ്രീ!!
സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനയ്‌ക്കാണ് അവര്‍ക്ക് ഈ പുരസ്‌കാരം എന്ന് അറിയാതെ അല്ല ഈ പടപുറപ്പാട്. പിന്നെന്താ ആര്‍ക്കും ഒരു ശല്യവും ആവാതെ, ഒന്നിലും ഇടപെടാതെ പത്മനാഭദാസനായി ജീവിക്കുന്ന ആളുകളെ ചൊറിഞ്ഞു ശീലിച്ചു പോയതിന്റെ അസ്‌കിതയാണ്. എഴുത്തിന്റെ ലോകത്തിന് പുറമേ സാമൂഹികസാംസ്‌കാരിക മേഖലകളിലെല്ലാം, പ്രത്യേകിച്ച്‌ തിരുവനന്തപുരത്ത് അവര്‍ സജീവമായി ഇടപെടുന്നുണ്ട് എന്ന് തിരുവനന്തപുരത്തുകാര്‍ക്ക് അറിയാം.

തിരുമുല്‍ക്കാഴ്ചയാണ് അശ്വതി തിരുനാള്‍ തമ്ബുരാട്ടിയുടെ ആദ്യ കവിതാസമാഹാരം.ദ് ഡോണ്‍'(1994)എന്ന കവിതാസമാഹാരവും ശ്രീ പത്മനാഭസ്വാമി ടെമ്ബിള്‍, തുളസി ഗാര്‍ലന്‍ഡ് (1998), ‘ദ് മൈറ്റി ഇന്ത്യന്‍ എക്‌സ്പീരിയന്‍സ് ‘(2002) എന്നീ ഗദ്യകൃതികളുമാണ് തമ്ബുരാട്ടിയുടെ മറ്റു രചനകള്‍. ‘പോയട്രി ക്വാര്‍ട്ടര്‍ലി’ എന്ന ആനുകാലികത്തില്‍ ഇവര്‍ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലന്‍ കമ്ബനിയാണു് ‘ദ് ഡോണ്‍’ എന്ന കൃതി പ്രസിദ്ധീകരിച്ചതു്.

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്ബിള്‍ എന്ന കൃതി. ക്ഷേത്ര സംബന്ധമായ ഐതിഹ്യങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ദേവതാ സങ്കല്പങ്ങള്‍ എന്നിവയെല്ലാം ഇതില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരില്‍ ഈ കൃതിയുടെ മലയാള പരിഭാഷ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 1998ല്‍ പ്രസിദ്ധീകരിച്ചു. കന്യാകുമാരി മുതല്‍ അരൂര്‍ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖ ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച തുളസി ഗാര്‍ലന്‍ഡ്. ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതില്‍ വെളിവാകുന്ന മഹത്തായ രചന ആണിത്. ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്ത പൂര്‍ണമായും പ്രകടമാക്കുന്ന കൃതിയാണു് ‘ദ് മൈറ്റി ഇന്‍ഡ്യന്‍ എക്‌സ്പീരിയന്‍സ്’. ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകര്‍. ഇത്രമേല്‍ മൂല്യമുള്ള രചനകള്‍ എഴുതിയ ആള്‍ക്ക്, അതും ഭാരതീയ പൈതൃകത്തിനും ക്ഷേത്രസംബന്ധമായ അറിവുകള്‍ക്കും പ്രാധാന്യം നല്കിയ കൃതികളുടെ രചയിതാവിന് സാഹിത്യത്തിന്റെ പേരില്‍ പത്മശ്രീ നല്കിയത് സഹിക്കാന്‍ പുരോഗമികള്‍ക്ക് കഴിയാത്തത് അവരുടെ പേരിനൊപ്പം ഉള്ള തമ്ബുരാട്ടി വാലിനോടുള്ള അലര്‍ജി തന്നെയാണ്.

നവോത്ഥാനനായകര്‍ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന, നാട് ഭരിക്കുന്നവര്‍ നാട് മുടിക്കുന്ന കാട്ടുകള്ളന്മാരായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു 1991 വരെ. മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകം കലര്‍ന്ന നോട്ടങ്ങളും ഏറ്റുവാങ്ങി ഒരു ഇളയരാജാവ് 2013 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്. അവരെ കുറിച്ചുള്ള ഒളി മങ്ങാത്ത ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന രണ്ട് സ്ത്രീകള്‍ ( അവര്‍ക്ക് വലിയ അമ്മാവനും ചെറിയ അമ്മാവനും) പങ്കിടുന്ന ഓര്‍മ്മകളെ, അവരുടെ ജീവിത രീതികളെ കീറി മുറിച്ചു ആത്മരതി അടയുന്നവര്‍ കാണുന്നില്ല ചുറ്റും നടക്കുന്ന അഭിനവ നാട്ടരചന്മാരുടെ ഹുങ്കും പത്രാസും ധൂര്‍ത്തും!!

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയ നിയമസഭയില്‍ ആഭാസ താണ്ഡവം ആടിയ ആള്‍ വിദ്യ ആഭാസ മന്ത്രിയും ജനങ്ങളുടെ നികുതികാശ് എടുത്ത് നാല്‍പതിനായിരം രൂപയുടെ കണ്ണട വച്ച്‌ ഉന്നത വിദ്യ പകരുന്ന ആളും പിന്‍വാതില്‍ വഴി കയറി പറ്റി ഇക്കണ്ട വാഴ്‌സിറ്റികളില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും നിത്യകാഴ്ച ആയ ഭരണകാലത്തിന് സിന്ദാവാ വിളിക്കുന്നവര്‍ക്ക് ഈ നേരായ വഴി ലഭിച്ച പുരസ്‌കാരം കണ്ണിന് പിടിക്കില്ല. സ്വാഭാവികം!!

നൂറ്റാണ്ടുകളുടെ സാംസ്‌കാരത്തുടര്‍ച്ചയുടെ ഇങ്ങേത്തലയ്‌ക്കലെ കണ്ണികളാണ്‌ഈ രണ്ട് തമ്ബുരാട്ടി സ്ത്രീകള്‍. അവരെ ഇഷ്ടമുള്ളവര്‍ തമ്ബുരാട്ടി എന്ന് വിളിക്കട്ടെ, അല്ലാത്തവര്‍ പേരിട്ടും വിളിക്കട്ടെ. കാലത്തിനൊപ്പം മനം കൊണ്ട് സമരസപ്പെടുമ്ബോഴും പാരമ്ബര്യത്തിന്റെ ലളിത സുന്ദരങ്ങളായ നന്മകള്‍ വെടിയാന്‍ രാജകുടുംബാംഗങ്ങള്‍ തയ്യാറാവുന്നില്ലായെന്നത് എളിമ അവര്‍ക്ക് എന്നും ജീവിതത്തിന്റെ ഭാഗമായതിനാലാണ്.

ഭൂതകാലത്തിന്റെ അവശേഷിക്കുന്ന നന്മകളെ പാടെ ഇല്ലായ്മ ചെയ്യാന്‍ ഒരുമ്ബെട്ടിറങ്ങുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. ഇനിയൊട്ട് മനസ്സിലാവാനും വഴിയില്ല. അവര്‍ക്ക് എന്നും വേണ്ടത് ഇല്ലാത്ത ജാതീയത ഉണ്ടെന്ന് വരുത്തി തീര്‍ത്തുക്കൊണ്ട് വോട്ട് തെണ്ടല്‍ മാത്രമാണ്. അതിന് എന്നും വേട്ടയാടാന്‍ രാജകുടുംബം വേണം, അവരുടെ ആര്‍ക്കും ശല്യം ആവാത്ത ആചാര അനുഷ്ടാനങ്ങള്‍ വേണം, ജീവിതചര്യകള്‍ വേണം.

ഇന്നു നമ്മള്‍ തിരുവനന്തപുരത്തും കൊല്ലത്തും കാണുന്ന 99% അഭിവൃദ്ധിയ്‌ക്കും കാരണം ഈ രാജകുടുംബമാണ്. ഇന്ന് തിരുവനന്തപുരത്ത് യൂണിവേസിറ്റി കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ കോളജുകളും മോഡല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ വിദ്യാലയങ്ങളും ആശുപത്രികളും സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങളും തുടങ്ങി ഡ്രെയിനേജ് സിസ്റ്റത്തിന് വരെ കടപ്പെട്ടിരിക്കുന്നത് ഈ കുടുംബത്തോടാണ്.

നിലവറകളിലെ ഓരോ തരി നിധിമുതല്‍ ഒരോ തരി മണ്ണുവരെ പദ്ഭനാഭസ്വാമിക്കു സമര്‍പ്പിച്ച ആ കുടുംബത്തിന്റെ പേര് പറയാന്‍ ഉള്ള യോഗ്യത പോലും ഇല്ല ബിരിയാണി ചെമ്ബിലും കൈതോല പായയിലും കര്‍ത്തായുടെ ഡയറിയില്‍ വരെ അനധികൃതമായി തുട്ട് അടിച്ചു മാറ്റിയ തിരുട്ട് കുടുംബത്തിനും സ്തുതിപാഠകര്‍ക്കും!!!
പത്മശ്രീ ലഭിച്ച തിരുവിതാംകൂറിന്റെ ലാളിത്യശ്രീക്ക് അഭിനന്ദനങ്ങള്‍

അഞ്ജു പാര്‍വതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular