Thursday, March 28, 2024
HomeIndiaജല്ലിക്കെട്ട് ഇനി 'വേറെ ലെവല്‍'; മധുരയില്‍ തുറന്നത് ലോകോത്തര സ്റ്റേഡിയം; മത്സരങ്ങള്‍ ഐ.പി.എല്‍ മാതൃകയില്‍ നടത്തും

ജല്ലിക്കെട്ട് ഇനി ‘വേറെ ലെവല്‍’; മധുരയില്‍ തുറന്നത് ലോകോത്തര സ്റ്റേഡിയം; മത്സരങ്ങള്‍ ഐ.പി.എല്‍ മാതൃകയില്‍ നടത്തും

ചെന്നൈ: തമിഴ്നാട്ടിലെ പരമ്ബരാഗതമായ കാളകളെ മെരുക്കുന്ന കായിക വിനോദമായ ജല്ലിക്കെട്ട് ലോകോത്തര നിലവാരത്തിലേക്ക് മാറും.

ജല്ലിക്കെട്ടിന് പ്രശസ്തമായ മധുര ജില്ലയിലെ അലങ്കനല്ലൂരില്‍ അന്താരാഷ്ട്ര നിലവാരമുള്ള ജല്ലിക്കെട്ട് സ്റ്റേഡിയം തുറന്നു.

ക്രിക്കറ്റില്‍ വൻ വിജയമായ ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എല്‍) മാതൃകയില്‍ ജല്ലിക്കെട്ട് മത്സരങ്ങള്‍ നടത്താനാണ് തമിഴ്നാട് സർക്കാർ ശ്രമം. കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ മധുര ജില്ലാഭരണകൂടവും സംസ്ഥാന കായികവകുപ്പും പ്രാരംഭചർച്ചകള്‍ നടത്തി.

സ്പെയിനിലെ കാളപോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ 62 കോടി രൂപ ചിലവിലാണ് അരീന നിർമിച്ചിട്ടുള്ളത്. 5000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർവഹിച്ചു. പരമ്ബരാഗത കലാപ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍ നടത്തിയത്. ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷം അഞ്ഞൂറോളം കാളകളും 300-ഓളം വീരന്മാരും കരുത്തുകാട്ടിയ മത്സരം അരങ്ങേറി. പതിനായിരത്തിലേറെ പേർ മത്സരം കാണാനെത്തി.

75000 ചതുരശ്രയടിയിലേറെ വലുപ്പമുള്ള സ്റ്റേഡിയത്തില്‍ ജല്ലിക്കെട്ട് ചരിത്രം വിവരിക്കുന്ന മ്യൂസിയം, ലൈബ്രറി, പ്രദർശനഹാള്‍, വിശ്രമമുറികള്‍, ഓഫീസ് മുറികള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

കോർപ്പറേറ്റ് ഫണ്ടിംഗ് ഉപയോഗിച്ചുള്ള ജല്ലിക്കെട്ട് മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ തമിഴ്നാട്ടില്‍ സജീവമാണ്. സ്വർണ്ണ നാണയങ്ങള്‍, കാറുകള്‍, മോട്ടോർ ബൈക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമ്മാനമായി നല്‍കും. കൂടാതെ ജല്ലിക്കെട്ട് പ്രീമിയർ ലീഗും (ജെ.പി.എല്‍) തമിഴ്നാട്ടില്‍ നടക്കുന്നുണ്ട്. അതിന്റെ പരിഷ്കരിച്ച രൂപമായിരിക്കും അലങ്കനല്ലൂരില്‍ തുടങ്ങുക.

കാളകളോട് ക്രൂരത കാണിക്കുന്നുവെന്ന് ആരോപിച്ച്‌ മൃഗാവകാശ സംഘടനകളുടെ പ്രതിഷേധവും തമിഴ്നാട്ടില്‍ സമാന്തരമായി നടക്കുന്നുണ്ട്.

https://x.com/ANI/status/1750162771914748322?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular