Friday, March 29, 2024
HomeUncategorizedഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ അസമിലെ സി.പി.എം പ്രവര്‍ത്തകര്‍

ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ അസമിലെ സി.പി.എം പ്രവര്‍ത്തകര്‍

ദിസ്പൂർ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അർപ്പിച്ച്‌ അസമിലെ സി.പി.എം പ്രവർത്തകർ.

അസം കാംരൂപ് ജില്ലയിലെ ഖാനപാറയിലാണ് പ്രവർത്തകർ ബാനറുകളും കൊടികളും മുദ്രാവാക്യങ്ങളുമായി അണിനിരന്നത്. രാഹുല്‍ ഗാന്ധിക്കും യാത്രക്കും അഭിവാദ്യമർപ്പിച്ച അവർ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെയും മുദ്രാവാക്യം മുഴക്കി.

അസമില്‍ ഭാരത് ജോഡ് ന്യായ് യാത്രക്കും രാഹുല്‍ ഗാന്ധിക്കും നേരെ സംഘ്പരിവാർ പ്രവർത്തകരുടെ വ്യാപക അതിക്രമമാണ് അരങ്ങേറുന്നത്. സോനിത്പൂരില്‍ യാത്ര കടന്നുപോകുന്നതിനിടെ കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. യാത്ര അലങ്കോലപ്പെടുത്തുന്ന രീതിയിലായിരുന്നു ബി.ജെ.പിക്കാരുടെ ഇടപെടല്‍. 25ഓളം പേർ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധത്തിനിടെ അവർക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിയപ്പോള്‍ ഉടൻ ഇടപ്പെട്ട രാഹുലിന്റെ സുരക്ഷ ജീവനക്കാർ അദ്ദേഹത്തെ തിരികെ നിർബന്ധപൂർവം ബസിലേക്ക് കയറ്റിവിടുകയായിരുന്നു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ നാഗോണ്‍ ജില്ലയിലെ വഴിയോര ഭക്ഷണശാല സന്ദർശിച്ചപ്പോഴും രാഹുല്‍ ഗാന്ധിക്ക് നേരെ പ്രതിഷേധം ഉണ്ടായിരുന്നു. പ്ലക്കാർഡ് ഉയർത്തിയാണ് ഒരു സംഘം പ്രതിഷേധവുമായി എത്തിയത്. ന്യായ് യാത്രയുടെ പര്യടനത്തിന് ശേഷം വിശ്രമ സ്ഥലമായ രുപോഹിയിലേക്ക് വാഹനത്തില്‍ പോകും വഴിയാണ് രാഹുലും സംഘവും അംബഗനിലെ വഴിയോര ഭക്ഷണശാലയില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ പ്ലാക്കാർഡ് ഉയർത്തി മുദ്രാവാക്യം വിളികളുമായി സംഘമെത്തി. അന്യായ് യാത്ര, രാഹുല്‍ ഗാന്ധി ഗോ ബാക്ക്, റാഖിബുല്‍ ഗോ ബാക്ക് എന്നീ വാക്കുകളാണ് പ്ലക്കാർഡില്‍ എഴുതിയിരുന്നത്. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെയും സംഘത്തെയും പ്രത്യേക വാഹനത്തില്‍ സ്ഥലത്ത് നിന്ന് നീക്കി.

കഴിഞ്ഞ ദിവസം വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തില്‍ പ്രണാമം അർപ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. സത്രത്തിന് മുമ്ബില്‍ വെച്ച്‌ രാവിലെ എട്ടു മണിയോടെയാണ് രാഹുലിനെ ബാരിക്കേഡ് സ്ഥാപിച്ച്‌ അസം പൊലീസ് തടഞ്ഞത്. അസം പൊലീസ് പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഗാന്ധി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സത്ര സന്ദർശനത്തിന് അനുമതി ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്നും സന്ദർശനം നിഷേധിക്കാൻ താൻ എന്ത് തെറ്റ് ചെയ്തെന്നും രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം രാഹുല്‍ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സത്രം സന്ദർശിക്കാൻ മാനേജ്മെന്‍റ് കമ്മിറ്റി അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, രാഹുല്‍ ഗാന്ധി സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ രാവിലത്തെ സന്ദർശനത്തിന് അനുമതി നിഷേധിച്ച മാനേജ്മെന്‍റ് കമ്മിറ്റി, ഉച്ചക്ക് മൂന്നു മണിക്ക് ശേഷം സത്രം സന്ദർശിക്കാമെന്ന് അറിയിക്കുകയും ചെയ്തു. മാനേജ്മെന്‍റ് കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ സമ്മർദമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular