Connect with us
Malayali Express

Malayali Express

കേരളം നേരിടുന്നതു വൻദുരന്തം : ഇനി മഡ് ഫ്ളോ പ്രതിഭാസം

KERALA

കേരളം നേരിടുന്നതു വൻദുരന്തം : ഇനി മഡ് ഫ്ളോ പ്രതിഭാസം

Published

on

മാത്യു ജോണ്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായി എണ്‍പതിലധികം ഉരുൾപൊട്ടലാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഉരുൾപൊട്ടലിന് പുറമെ മഡ് ഫ്ളോ പ്രതിഭാസവും പ്രകടമാകാമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉരുൾപൊട്ടലിൽ നിന്ന് വ്യത്യസ്തമായി ചെളി കുഴമ്പ് രൂപത്തിൽ ഒലിച്ചെത്തുന്ന പ്രതിഭാസമാണിത്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയുൾപ്പെടെയുള്ള സ്ഥലങ്ങൾ ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

ഭൂമിയുടെ ഉപരിതലത്തിലെ ചെളിയാണ് മഡ് ഫ്ളോയിലൂടെ ഒലിച്ചെത്തുന്നതെങ്കിൽ ഉരുൾപൊട്ടലിൽ ഉപരിതലത്തിലുള്ളതും ഭൂമിക്കടിയിലുമുള്ള മണ്ണിനും പുറമെ മരങ്ങളും കൂറ്റൻ പാറക്കല്ലുകളും ഒഴുകിയെത്തും. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മലനിരകളിൽ മഡ് ഫ്ളോ പ്രതിഭാസം സ്ഥിരമായി കണ്ടുവരാറുണ്ട്. 1999ൽ വെനിസ്വേലയിലെ വർഗാസിലുണ്ടായ മഡ് ഫ്ളോയാണ് വർഗാസ് ദുരന്തം എന്നറിയപ്പെടുന്നത്. ശക്തമായ മഴയെ തുടർന്നായിരുന്നു ഇവിടെ മഡ് ഫ്ളോ പ്രതിഭാസമുണ്ടായത്. മുപ്പതിനായിരത്തോളം പേരാണ് അന്ന് മരിച്ചത്. എണ്‍പതിനായിരത്തോളം പേരെ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. 60 കിലോമീറ്ററോളം ദൂരം കുഴമ്പ് രൂപത്തിൽ ചെളി മാത്രം ഒലിച്ചെത്തി വീടുകളുൾപ്പെടെയുള്ളവ നശിക്കുകയായിരുന്നു.

കുന്നുകളിലാണ് പ്രധാനമായും കൂടുതൽ വെള്ളം സംഭരിച്ച് വെക്കുന്നത്.സംഭരണത്തിന്‍റെ പരിധി വിട്ടാൽ അത് ഒന്നിച്ചൊഴുകി പുറത്തേക്ക് വരും. അത്തരത്തിലുള്ള പ്രതിഭാസങ്ങളാണ് ചില സ്ഥലങ്ങളിൽ ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡാമുകളിലെ ചെളി നീക്കുന്നതുൾപ്പെടെയുള്ള കഴിഞ്ഞ വർഷത്തെ പ്രളയാനന്തര പ്രവർത്തനങ്ങളുടെ തുടർച്ചയില്ലായ്മയും ഇത്തവണ പ്രകൃതി ദുരന്തങ്ങൾക്കുള്ള കാരണങ്ങളിലൊന്നാണ്. മുൻകാലത്ത് ചതുപ്പ് നിലങ്ങളും വയലുകളും ആയവയും പുഴ ഒഴുകിയിരുന്നതുമായ സ്ഥലങ്ങളിലാണ് ഈപ്രാവശ്യം കൂടുതൽ വെള്ളം ഒലിച്ചിറങ്ങി വെള്ളപ്പൊക്കമുണ്ടായത്. ഇത്തരം സ്ഥലങ്ങളിൽ ഇന്ന് വലിയ കെട്ടിടങ്ങളുണ്ടായി. ശാസ്ത്രീയ പഠനം നടത്താതെയുള്ള കെട്ടിട നിർമാണങ്ങളും മഴ മൂലമുള്ള ദുരന്തങ്ങൾക്ക് ആക്കം കൂട്ടി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഏത് സമയത്തും അന്തരീക്ഷത്തിൽ മാറ്റങ്ങൾ പ്രകടമാകാമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ രണ്ട് വർഷമായി വലിയ തോതിലുള്ള മാറ്റങ്ങളാണ് അന്തരീക്ഷത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നേരത്തേ ജൂണ്‍ ഒന്നിന് ലഭിച്ചുകൊണ്ടിരുന്ന മഴ ആഗസ്റ്റിലാണിപ്പോൾ ലഭിക്കുന്നത്. ന്യൂനമർദം ഏത് സമയത്തുണ്ടാകുന്നുവോ ആ സമയത്താണ് ഇപ്പോൾ മഴ ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഇന്ത്യയിലെ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നുണ്ട്. ഇതിൽ ഈയടുത്ത കാലത്ത് ചൈനയിലെ ജോർഗസ് അണക്കെട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കിയതായി പഠനങ്ങൾ പറയുന്നു. 26 അണക്കെട്ടുകളുടെ ശൃംഖലയാണിത്. ഇത് കമ്മീഷൻ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിവിധ ദക്ഷിണേഷ്യൻ രാജ്യങ്ങൾ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ കനത്ത മഴ ലഭിച്ചിട്ടും കഴിഞ്ഞ സീസണിൽ ഭൂഗർഭ ജലത്തിൽ വലിയ മാറ്റങ്ങളുണ്ടായ ജില്ലയാണ് വയനാട്. എന്നാൽ ഇപ്രാവശ്യം വലിയ ദുരന്തത്തിനാണ് ജില്ലയിലെ മേപ്പാടിയും മലപ്പുറത്തെ കൊളകപ്പാറയും സാക്ഷ്യം വഹിച്ചത്.

ഇത്തരത്തിൽ ഏത് സമയത്തും ഉരുൾപൊട്ടലും ചുഴലിക്കാറ്റും കൊടുങ്കാറ്റും വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മരങ്ങൾ മുറിച്ച് മാറ്റി കാട് നശിപ്പിച്ചതിനെ തുടർന്ന് ജില്ലയിൽ ഏറെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ് കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന മുള്ളൻകൊല്ലി, പുൽപ്പള്ളി തുടങ്ങിയ പഞ്ചായത്തുകൾ. അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ഉഷ്ണക്കാറ്റിനെ തടഞ്ഞുനിർത്താൻ ഇവിടെ മരങ്ങൾ ഇല്ലാതായതോടെ വലിയ തോതിലുള്ള കൃഷിനാശമാണ് ഈയടുത്ത കാലങ്ങളിൽ ഇവിടെ ഉണ്ടായിരിക്കുന്നത്.

Continue Reading

Latest News