Connect with us
Malayali Express

Malayali Express

സ്വതന്ത്യദിനത്തിൽ ഭീകരാക്രമണ ഭീഷണി : സുരക്ഷ ഒരുക്കി ഇന്ത്യ

INDIA

സ്വതന്ത്യദിനത്തിൽ ഭീകരാക്രമണ ഭീഷണി : സുരക്ഷ ഒരുക്കി ഇന്ത്യ

Published

on

മനുലാൽ

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ പാക്ക് അനുകൂല ഭീകരവാദികൾ അക്രമമുണ്ടാക്കിയേക്കുമെന്ന സൂചനകളെത്തുടർന്ന് കശ്മീർ ജയിലുകളിലുള്ള 24 വിഘടനവാദി നേതാക്കളെക്കൂടി ഇന്നലെ യുപിയിലെ ജയിലുകളിലേക്കു മാറ്റി. വലിയ പെരുന്നാളിനോടനുബന്ധിച്ച് കശ്മീരിന്‍റെ ചില ഭാഗങ്ങളിൽ നിശാനിയമത്തിലും ഇളവു വരുത്തി. നേരത്തെ ഏതാനും നേതാക്കളെ ആഗ്ര, ബറേലി ജയിലുകളിലേക്ക് അതീവ സുരക്ഷയോടെ മാറ്റിയിരുന്നു. വേണ്ടിവന്നാൽ കൂടുതൽ പേരെ മാറ്റുമെന്നാണ് കശ്മീർ ഭരണകൂടം നൽകുന്ന വിവരം. ഇതുവരെ 70 തടവുകാരെയാണ് യുപിയിലെ വിവിധ ജയിലുകളിലേക്കു മാറ്റിയത്.
ഫത്തേപുർ സെൻട്രൽ, നൈനി സെൻട്രൽ, പ്രയാഗ്രാജ്, വാരാണസി സെൻട്രൽ, ഗൊരഖ്പുർ എന്നിവിടങ്ങളിലെ ജയിലുകളിലും തടവുകാരെ പാർപ്പിക്കുന്നതിനുളള തയാറെടുപ്പുകൾ നടക്കുന്നുണ്ട്.പ്രത്യേക വിമാനത്തിൽ വ്യോമസേനയുടെ ലക്നൗ താവളത്തിലെത്തിച്ചാണ് തടവുകാരെ ജയിലിലേക്കു മാറ്റിയത്. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെ അങ്ങിങ്ങ് കല്ലേറും പ്രതിഷേധപ്രകടനങ്ങളും ഉണ്ടായതിനെ തുടർന്ന് ശ്രീനഗറിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ആളുകൾ വീടുകളിലേക്ക് മടങ്ങിപ്പോകണമെന്നും കടകൾ അടച്ചിടണമെന്നും പോലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടു. ശ്രീനഗറിലും ബാരാമുല്ലയിലുമാണ് ഇന്നലെ ഒറ്റപ്പെട്ട പ്രതിഷേധം ഉണ്ടായത്.സംഝോധ എക്സ്പ്രസ് ട്രെയിൻ സർവീസ് നിർത്തുന്നതായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയും സർവീസ് നിർത്തി. ഇന്‍റർനെറ്റ്, ടെലിഫോണ്‍ സൗകര്യം ഇല്ലാതെ ഒരാഴ്ചയായി ജനങ്ങൾ വലയുകയാണ്.

ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസിൽ ഫോണ്‍ വിളിക്കാൻ സൗകര്യമേർപ്പെടുത്തിയതോടെ നീണ്ട നിരയാണ് ഇവിടെ എല്ലാ ദിവസവും കാണുന്നത്. 2 മിനിറ്റാണ് ഓരോ ആൾക്കും അനുവദിച്ചിട്ടുള്ളത്. 300 ടെലിഫോണ്‍ ബൂത്തുകൾ കൂടി താഴ്വരയിൽ ഏർപ്പെടുത്തും. 90% റേഷൻ കടകൾ തുറന്നതായും കോഴി, മുട്ട എന്നിവ വീടുകളിൽ എത്തിക്കാനുള്ള സംവിധാനമേർപ്പെടുത്തിയതായും ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു. ഒരു മാസത്തേക്കുള്ള അവശ്യ സാധനങ്ങൾ ലഭ്യമാണ്.കശ്മീരിൽ തുടരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ അനന്ത്നാഗിലും സാധാരണക്കാരോടു സംവദിച്ചു. ഒരു മാർക്കറ്റിൽ ഡോവൽ ആടുകച്ചവടക്കാരോടു കുശലം പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ ആറു മുതൽ ഡോവൽ കശ്മീരിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഭീകരവാദ സാന്നിധ്യം ഏറെയുള്ള ഷോപിയാൻ, കുൽഗാം, പുൽവാമ, അനന്ത്നാഗ് ജില്ലകളിലെല്ലാം ദേശീയ പതാക ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.പ്രത്യേകപദവി നീക്കിയതിനെതിരെ കശ്മീരിൽ പ്രക്ഷോഭങ്ങളുണ്ടെന്ന വിദേശമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ നിഷേധിച്ചു.പ്രകടനങ്ങളിൽ 20 മുതൽ 25 പേർ മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്നും പറഞ്ഞു. കശ്മീരിൽ ഒട്ടേറെ പേർ പങ്കെടുത്ത പ്രക്ഷോഭങ്ങൾ നടക്കുന്നുവെന്നും പലർക്കും പരുക്കേറ്റുവെന്നും ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാക്കിസ്ഥാൻ തരംതാഴ്ത്തിയതിനെ തുടർന്ന് അവിടത്തെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിൻസാരിയ മടങ്ങിയെത്തി. ശനിയാഴ്ച തന്നെ പാക്കിസ്ഥാൻ വിട്ട അദ്ദേഹം ദുബായ് വഴിയാണ് ദൽഹിയിലെത്തിയത്. ഇന്ത്യയിലേക്ക് നിയോഗിച്ചിരുന്ന ഹൈക്കമ്മിഷണർ മൊയിനുൽ ഹഖിനെ ഇനി അയയ്ക്കുന്നില്ലെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു.

Continue Reading

Latest News