Thursday, April 25, 2024
HomeKeralaബോട്ട് വാങ്ങി നഷ്ടമുണ്ടാക്കിയ കേസ്; ചെയര്‍മാനും മുൻ ചെയര്‍മാനും നോട്ടീസ്

ബോട്ട് വാങ്ങി നഷ്ടമുണ്ടാക്കിയ കേസ്; ചെയര്‍മാനും മുൻ ചെയര്‍മാനും നോട്ടീസ്

ലുവ: ഗുണനിലവാരമില്ലാത്ത ബോട്ടുകള്‍ വാങ്ങി ആലുവ നഗരസഭക്ക് നഷ്ടമുണ്ടാക്കിയ കേസില്‍ നഷ്ടപരിഹാരം അടക്കാത്ത ചെയര്‍മാനും മുൻ ചെയര്‍മാനും നോട്ടീസ്.

നിലവിലെ ചെയര്‍മാൻ എം.ഒ. ജോണ്‍, മുൻ ചെയര്‍മാൻ എം.ടി. ജേക്കബ് എന്നിവര്‍ക്കാണ് പണം അടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. 24 വര്‍ഷം മുമ്ബ് നടത്തിയ ബോട്ട് ഇടപാടുമായി ബന്ധപ്പെട്ട കേസാണിത്. നഗരസഭക്കുണ്ടായ നഷ്‌ടം നികത്താൻ, നിലവിലും ഇടപാട് നടന്ന കാലത്തും നഗരസഭ അധ്യക്ഷനായ എം.ഒ. ജോണ്‍ മുൻ അധ്യക്ഷൻ എം.ടി. ജേക്കബ് എന്നിവര്‍ 79,685 രൂപ വീതം അടക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്.

നഗരസഭയില്‍ 1998-1999ല്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബോട്ടുകള്‍ വാങ്ങാൻ 13,11,000 രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, അക്കൊല്ലം തുക ചെലവഴിച്ചില്ല. 1999-2000ല്‍ അടങ്കല്‍ തുക 15 ലക്ഷമായി ഉയര്‍ത്തി ഗുണനിലവാരമില്ലാത്ത ബോട്ടുകള്‍ വാങ്ങി നഗരസഭക്ക് 5,57,794 രൂപ നഷ്ടം വരുത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.

അതിന് ഉത്തരവാദികളായ ഏഴുപേരില്‍നിന്ന് തുക ഈടാക്കാൻ നിയമസഭ സമിതിയാണ് നിര്‍ദേശിച്ചത്. നഗരസഭ അധ്യക്ഷൻ, മൂന്ന് കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ എനൻജിനീയര്‍, രണ്ട് വിദഗ്‌ധ സമിതി അംഗങ്ങള്‍ എന്നിവരില്‍നിന്നാണ് നഷ്‌ടം ഈടാക്കാൻ തീരുമാനിച്ചത്. ഇതിനിടയില്‍ ഇവരില്‍ നാലുപേര്‍ മരിച്ചു.

അന്ന് ചെയര്‍മാനായിരുന്ന എം.ഒ. ജോണ്‍, കൗണ്‍സിലറായിരുന്ന എം.ടി. ജേക്കബ്, അന്നത്തെ മുനിസിപ്പല്‍ എൻജിനീയര്‍ എസ്. ഹരിദാസ്‌ എന്നിവര്‍ തുക അടക്കണമെന്നാണ് ഒടുവില്‍ ഉത്തരവുണ്ടായത്. ഹരിദാസിന് വേണ്ടി മകള്‍ സൗമ്യ ഡിസംബര്‍ 26ന് 79,685 രൂപ നഗരസഭയില്‍ അടച്ചിരുന്നു. എന്നാല്‍, ജോണും ജേക്കബും പണം അടച്ചിട്ടില്ല.

ഇതേ തുടര്‍ന്നാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. നഷ്ടപരിഹാരം ഉടൻ അടക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular