Thursday, April 25, 2024
HomeKeralaജല അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് ചളിവെള്ളം

ജല അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് ചളിവെള്ളം

കൊടുവള്ളി: കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗത്തിനുള്ള ജല അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് ചളിവെള്ളമെന്ന് പരാതി.

കൊടുവള്ളി നഗരസഭയിലെ കരീറ്റിപ്പറമ്ബ് കരുവൻപൊയില്‍, തലപ്പെരുമണ്ണ ചുണ്ടപ്പുറം, കിളച്ചാര്‍വീട് എന്നിവിടങ്ങളിലെ വീടുകളിലാണ് പൈപ്പിലൂടെ ദിവസങ്ങളായി ചളിവെള്ളം ലഭിക്കുന്നതായി പരാതിയുയര്‍ന്നത്. കരീറ്റിപ്പറമ്ബിലെ കാപ്പുമലയിലാണ് ജല അതോറിറ്റിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്നത്.

കിണറും പമ്ബ് ഹൗസും ചെറുപുഴയിലെ നടമ്മല്‍കടവിലുമാണ്. ഗാര്‍ഹികാവശ്യത്തിന് സ്വന്തമായി വീടുകളില്‍ കിണറില്ലാത്തവരും വേനല്‍ കാലത്ത് ശുദ്ധജലക്ഷാമം നേരിടുന്നവരുമാണ് കുടിവെള്ളത്തിനായി ജല അതോറിറ്റി കണക്ഷൻ എടുത്തത്. ചളിവെള്ളം ഉപയോഗിക്കുന്നതു മൂലം ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ആധിയുമുണ്ട്. അലക്കാനും കുളിക്കാനും ഭക്ഷണം പാകംചെയ്യാനുമൊന്നും ഈ വെള്ളം പറ്റാത്തതിനാല്‍ മറ്റു വഴികള്‍ തേടേണ്ട അവസ്ഥയാണ്. ചിലര്‍ കുടിവെള്ളത്തിനായി കിണര്‍ തേടി പോകുമ്ബോള്‍ മറ്റു ചിലര്‍ പണം നല്‍കി വാഹനത്തില്‍ വെള്ളം വീട്ടിലെത്തിക്കുകയാണ്.

നിരന്തരമായ ഈ അവസ്ഥക്ക് പരിഹാരം കാണാത്തതിനാല്‍ ജല അതോറിറ്റിയുടെ കണക്ഷൻ പല കുടുംബങ്ങളും ഇതിനകം ഉപേക്ഷിച്ചു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് പൈപ്പിലൂടെ വെള്ളം ലഭിക്കുന്നതെന്ന പരാതിയുമുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ട്. വെള്ളമില്ലാതെ കാറ്റ് ലഭിച്ചാലും മീറ്റര്‍ കറങ്ങുന്നതിനാല്‍ കാറ്റിനും പണമടക്കേണ്ട സ്ഥിതിയിലാണ് ഈ ഉപഭോക്താക്കള്‍. ഈ ചളിവെള്ളത്തിനായി മാസംതോറും വെറുതെ ബില്ലടക്കുകയാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

ഇതുസംബന്ധിച്ച്‌ ജല അതോറിറ്റി ഓഫിസില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നാണ് ആക്ഷേപം. അതേസമയം, ജലനിധിയുടെയും മറ്റുചില സംഘടനകള്‍ നടത്തുന്ന കുടിവെള്ള പദ്ധതികളിലൂടെയും ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ വെള്ളമാണ് ലഭിക്കുന്നത്.പദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ പ്രധാന പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.

ചെറുപുഴയില്‍ മഴ കാരണം ഒരാഴ്ചയായി കലക്കുവെള്ളമാണ്. കലക്കുവെള്ളം പമ്ബിങ് നടത്തിയാല്‍ പൈപ്പില്‍ ചളിനിറഞ്ഞ് പൈപ്പ് പൂര്‍ണമായും അടഞ്ഞ് ജലവിതരണം തടസ്സപ്പെടും. പുഴയില്‍നിന്ന് വെള്ളം പമ്ബുചെയ്യുന്ന ‘ഗാലറി’ ക്ലീൻ ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മഴ മാറിയ ശേഷമേ ഇവ നടത്താൻ സാധിക്കുകയുള്ളൂവെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സ‌ിക്യൂട്ടിവ് എൻജിനീയര്‍ വിശദീകരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular