Friday, April 19, 2024
HomeKeralaവയനാട് മെഡിക്കല്‍ കോളജ്; വിദഗ്ധ ഡോക്ടര്‍മാരില്ല; നേത്ര ബാങ്ക് പ്രവര്‍ത്തനം അവതാളത്തില്‍

വയനാട് മെഡിക്കല്‍ കോളജ്; വിദഗ്ധ ഡോക്ടര്‍മാരില്ല; നേത്ര ബാങ്ക് പ്രവര്‍ത്തനം അവതാളത്തില്‍

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് നേത്ര ബാങ്ക് പ്രവര്‍ത്തനം പൂര്‍ണ സജ്ജമായില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ സ്പെക്യുലാര്‍ മൈക്രോസ്കോപ്പ് ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചെങ്കിലും ആവശ്യമായ ജീവനക്കാരില്ലാത്തതാണ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

2023 ലാണ് വയനാട് മെഡിക്കല്‍ കോളജില്‍ നേത്ര ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

നാഷനല്‍ പ്രോഗ്രാം ഫോര്‍ കണ്‍ട്രോള്‍ ഓഫ് ബ്ലയ്ൻഡ്നെസ്സ് അനുവദിച്ച 30 ലക്ഷം ഉപയോഗിച്ച്‌ നേത്രദാന ശസ്ത്രക്രിയയില്‍ പ്രധാനമായ സ്പെക്യുലാര്‍ മെക്രോസ്കോപ് സ്ഥാപിക്കുകയും ചെയ്തു.

ലാമിനാര്‍ േഫ്ലാ, എയര്‍ കണ്ടിഷൻ സംവിധാനം എന്നിവയും ലക്ഷങ്ങള്‍ ചെലവഴിച്ച്‌ സജ്ജീകരിച്ചു.

മൃതശരീരത്തില്‍ നിന്നും നീക്കം ചെയ്യുന്ന കോര്‍ണിയ സൂക്ഷിക്കാനുള്ള എം.കെ മീഡിയ ഡല്‍ഹി എയിംസില്‍നിന്ന് സൗജന്യമായി ലഭ്യമാക്കി. നേത്രദാനത്തിന് സമ്മതമറിയിച്ച്‌ നൂറുകണക്കിന് അപേക്ഷകള്‍ ബാങ്കിലെത്തുന്നുണ്ടെങ്കിലും നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പരിശീലനം ലഭിച്ച ഒഫ്താല്‍മോളജിസ്റ്റിന്റെ സേവനം ലഭ്യമാകാത്തതിനാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ സജ്ജീകരിച്ച ഉപകരണങ്ങള്‍ നോക്കുകുത്തിയായി മാറുകയാണ്. മൃതശരീരത്തില്‍നിന്ന് നീക്കം ചെയ്യുന്ന കോര്‍ണിയ എം.കെ മീഡിയയില്‍ സൂക്ഷിക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്.

പിന്നീട് സ്പെക്യുലര്‍ മൈക്രോസ്കോപ് ഉപയോഗിച്ച്‌ ഈ നേത്രപടലത്തിന്റെ കാര്യക്ഷമത പരിശോധിച്ച്‌ ഉറപ്പ് വരുത്തിയ ശേഷമാണ് കാഴ്ച ഇല്ലാത്ത ആളുകള്‍ക്ക് വെച്ചുപിടിപ്പിക്കുന്നത്.

എന്നാല്‍, പരിശോധനക്കാവശ്യമായ പരിശീലനം ലഭിച്ച ഒഫ്താല്‍മോളജിസ്റ്റിനെയോ സാങ്കേതിക വിദഗ്ധരെയോ നിയമിക്കാനുള്ള യാതൊരു നടപടികളും ആയിട്ടില്ല. പ്രതിദിനം 250ലധികം ആളുകള്‍ എത്തുന്ന നേത്രരോഗ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാരാണ് ഇപ്പോഴുള്ളത്. ഒരു ഡോക്ടര്‍ മൊബൈല്‍ യൂനിറ്റിലും സേവനമനുഷ്ടിക്കുകയാണ്.

മെഡിക്കല്‍ കോളജായി ഉയര്‍ത്തിയതോടെ രോഗികളുടെ എണ്ണം വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തിലും കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിരവധി പേരെത്തുന്ന അവസ്ഥയില്‍ വിദഗ്ധരായ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്.

നേത്ര ബാങ്കായി പ്രവര്‍ത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പൂര്‍ണമായും ഇവിടെ ഒരുക്കാത്തതും പ്രതിസന്ധികള്‍ക്കിടയാക്കുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular