Wednesday, April 24, 2024
HomeUncategorizedഈ മലയാളികള്‍ക്ക് അമീര്‍ അത്രമേല്‍ അടുപ്പം പുലര്‍ത്തിയ 'സ്വന്തക്കാരൻ'

ഈ മലയാളികള്‍ക്ക് അമീര്‍ അത്രമേല്‍ അടുപ്പം പുലര്‍ത്തിയ ‘സ്വന്തക്കാരൻ’

 മുൻ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാത്ത നിലയിലാണ് ദീര്‍ഘകാലം അദ്ദേഹത്തെ പരിചരിച്ച മലയാളി നഴ്സ് ജോഷി പൗലോസ്.

അമീരി ആശുപത്രിയില്‍ നഴ്സായി 2000ത്തിലാണ് അങ്കമാലി സ്വദേശിയായ ജോഷി പൗലോസ് കുവൈത്തിലെത്തുന്നത്.

വൈകാതെ വി.ഐ.പി വാര്‍ഡിലെ ജോലിക്കിടെ കുവൈത്തിലെ മുൻ അമീറുമാരായിരുന്ന ശൈഖ് ജാബിര്‍ അല്‍ അഹമ്മദ് അസ്സബാഹ്,

ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ജാബിര്‍ അസ്സബാഹ് എന്നിവരുടെ പരിചരണം ജോഷി പൗലോസ് നിര്‍വഹിച്ചു. 2016ല്‍ കിരീടാവകാശി ആയിരിക്കെയാണ് ആദ്യമായി അന്തരിച്ച അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ ജോഷി പൗലോസ് ചികിത്സയില്‍ പരിചരിക്കുന്നത്. അന്നു മുതല്‍ ശൈഖ് നവാഫുമായി പ്രത്യേക അടുപ്പം ജോഷി പൗലോസിന് കൈവന്നു.

ജോഷി പൗലോസും ബസന്ത് രമേശനും

ശൈഖ് നവാഫ് അമീര്‍ ആയ ശേഷം 2021ല്‍ പരിചരണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. ആറുപേരടങ്ങുന്ന സംഘത്തില്‍ മുഴുവൻ മലയാളികളായിരുന്നു. റോബിൻസണ്‍, നവീൻ, ജോണി, ഷിബു, അനീഷ് എന്നിവരടങ്ങുന്ന നഴ്സിങ് സംഘത്തില്‍ ജോഷി പൗലോസിനായിരുന്നു മേല്‍നോട്ടം.

മൂന്നു വര്‍ഷത്തിനിടെ അമീര്‍ സഞ്ചരിച്ച ഇടങ്ങളിലെല്ലാം ജോഷി പൗലോസും സഞ്ചരിച്ചു. യു.എസ്, ജര്‍മനി, യുക്രെയ്ൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം അമീറിനെ അനുഗമിച്ചു. അമീറിന്‍റെ വീട്ടില്‍ സ്ഥിരമായെത്തി ആരോഗ്യനില വിലയിരുത്തി. ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ വലിയ അടുപ്പവും രൂപപ്പെട്ടു. പിതാവ് അസുഖബാധിതനായപ്പോള്‍ അമീര്‍ ജോഷിയെ അടിയന്തരമായി നാട്ടിലയച്ചു.

പിതാവ് നഷ്ടപ്പെട്ട് മടങ്ങിയെത്തിയപ്പോള്‍ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ചു. ‘ഞാൻ ഉണ്ട്, പിതാവിനെ പോലെ കാണാം’ എന്ന അമീറിന്‍റെ വാക്കുകള്‍ ആവര്‍ത്തിക്കുമ്ബോള്‍ ജോഷിയുടെ കണ്ണു നിറഞ്ഞു. അവസാന കാലത്ത് പിതാവിന് നല്‍കാൻ കഴിയാത്ത പരിചരണം അമീറിന് നല്‍കാനായതിന്‍റെ ആശ്വാസത്തിലാണ് ജോഷി.

ഏറെ കൃത്യനിഷ്ഠയുള്ളയാളും ശാന്തനും ലളിതജീവിതവുമായിരുന്നു ശൈഖ് നവാഫിനെന്നും ജോഷി ഓര്‍ക്കുന്നു. എല്ലാവരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറി. അതുകൊണ്ടുതന്നെ സ്വന്തം കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോടെന്നപോലുള്ള അടുപ്പം എല്ലാവരും നിലനിര്‍ത്തി. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്ന ദിവസംവരെ ഊര്‍ജസ്വലനായിരുന്നു അമീറെന്നും ജോഷി ഓര്‍ക്കുന്നു.

മരണവാര്‍ത്ത അറിഞ്ഞ ദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അത്രയേറെ ജീവിതത്തോട് ചേര്‍ന്നു നിന്ന വ്യക്തിയെയാണ് നഷ്ടമായതെന്നും പറയുമ്ബോള്‍ ജോഷിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ജോഷിയുടെ ഭാര്യ ജൂലി ജോസഫ് അമീരി ആശുപത്രിയില്‍ നഴ്സാണ്.

അമീറിന്‍റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന അടൂര്‍ സ്വദേശി ബസന്ത് രമേശനും മരണം ഉള്‍ക്കൊള്ളാനായിട്ടില്ല. 2006 മുതല്‍ ഫര്‍വാനിയ ആശുപത്രിയില്‍ ഫിസിയോതെറപ്പിസ്റ്റാണ് ബസന്ത് രമേശൻ. 2020 മുതല്‍ അമീറിന്‍റെ ഫിസിക്കല്‍ എക്സൈസ് കാര്യങ്ങളുടെ ചുമതല ബസന്ത് നിര്‍വഹിച്ചു. ആദ്യം ഒരു മണിക്കൂറും പിന്നീട് രാവിലെയും വൈകുന്നേരവും എന്ന നിലയിലേക്കും മാറി.

ഒരിക്കലും യാതൊരു മുഷിപ്പും പ്രകടിപ്പിക്കാതെ ഉത്സാഹവാനായി അമീറിനെ കാണപ്പെട്ടതായി ബസന്ത് രമേശൻ പറയുന്നു. ചിട്ടയായി വ്യായാമം ചെയ്യും. ദിനചര്യകളില്‍ ഒരിക്കലും മുടക്കം വരുത്തില്ല. അമീറിനൊപ്പം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും ബസന്തിന് അവസരം ഉണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular