Friday, April 26, 2024
HomeIndiaഇന്ത്യ കയറ്റുമതി നിയന്ത്രിച്ചു; യു.എ.ഇയില്‍ സവാള കരയിക്കും

ഇന്ത്യ കയറ്റുമതി നിയന്ത്രിച്ചു; യു.എ.ഇയില്‍ സവാള കരയിക്കും

ദുബൈ: ഇന്ത്യൻ സര്‍ക്കാര്‍ സവാള കയറ്റുമതിക്ക് താല്‍ക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചതോടെ യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വില കുതിച്ചുയര്‍ന്നു.

ഏതാണ്ട് ആറു മടങ്ങോളമാണ് വില വര്‍ധിച്ചത്.

എട്ടു മുതല്‍ 10 ദിര്‍ഹം വരെയാണ് മൊത്തവില. ചെറുകിട വിപണികളില്‍ ചിലയിടങ്ങളില്‍ 11നും 12നും ഇടയിലാണ്. ഏകദേശം 250 രൂപയോളം വരുമിത്.

ഇന്ത്യയിലെ ചെറുകിട വിപണികളില്‍ വിലവര്‍ധന പിടിച്ചുനിര്‍ത്താനായി അടുത്ത മാര്‍ച്ച്‌ വരെയാണ് കേന്ദ്ര സര്‍ക്കാര്‍ സവാളക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

തീരുമാനം സവാള കയറ്റുമതിയെ കാര്യമായി ബാധിച്ചതായി അല്‍ സഫീര്‍ എഫ്.എം.സി.ജി ഡയറക്ടര്‍ അശോക് തുല്‍സ്യാനിയും സ്ഥിരീകരിച്ചു. വിപണിയില്‍ സവാളവില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിച്ചുവരുകയാണെന്ന് യു.എ.ഇയിലെ ചെറുകിട വ്യവസായരംഗത്തുള്ളവര്‍ പറഞ്ഞു.

തുര്‍ക്കിയ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യക്ക് ബദലായി യു.എ.ഇയിലേക്ക് സവാള ഇറക്കുമതി ചെയ്യാറ്. പക്ഷേ, ഗുണമേന്മയും വിലയും അളവും പരിഗണിക്കുമ്ബോള്‍ ഉപഭോക്താക്കള്‍ ഇന്ത്യൻ സവാളക്കാണ് മുൻഗണന നല്‍കാറ്. ഇന്ത്യൻ ഉള്ളിയുടെ ഡിമാൻഡ് മറികടക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്നും തുല്‍സ്യാനി പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ സവാള വില കിലോക്ക് 70-80 രൂപയായി ഉയര്‍ന്നതോടെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) കയറ്റുമതി നയത്തില്‍ മാറ്റം വരുത്തുകയും മാര്‍ച്ച്‌ 31 വരെ സവാള കയറ്റുമതി നിരോധനം പ്രഖ്യാപിക്കുകയും ചെയ്തത്.

ഗള്‍ഫിലെയും മറ്റ് ഉപഭൂഖണ്ഡങ്ങളിലെയും അയല്‍രാജ്യങ്ങളിലേക്ക് സവാള കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ്.

തീരുമാനം വന്നതോടെ സവാളയുടെ ആവശ്യം നിറവേറ്റാൻ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് അല്‍ മായ ഗ്രൂപ് ഡയറക്ടറും പങ്കാളിയുമായ കമല്‍ വചനി പറഞ്ഞു. ഈജിപ്തില്‍നിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള ആലോചന നടന്നുവരുകയാണെന്നും നിലവില്‍ തുര്‍ക്കിയയില്‍നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular