Thursday, April 25, 2024
HomeIndia'കേന്ദ്ര' തെരഞ്ഞെടുപ്പ് കമീഷൻ

‘കേന്ദ്ര’ തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെയും നിയമനം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്ന വിവാദ ബില്‍ രാജ്യസഭ പാസാക്കി.

തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റിയില്‍ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തിയാണ് നിയമമന്ത്രി അര്‍ജുൻ സിങ് മേഘ്‍വാള്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

കാബിനറ്റ് മന്ത്രിയെ മാറ്റി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതന്നെ സമിതി അംഗമാക്കണമെന്നും ബില്‍ രാജ്യസഭയുടെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷ ഭേദഗതികള്‍ രാജ്യസഭ ശബ്ദവോട്ടിനിട്ടു തള്ളി. സുപ്രീംകോടതി വിധിയുടെ ചൈതന്യത്തിന് വിരുദ്ധമായ ബില്ലില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്‍കരിക്കുകയും ചെയ്തു.ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവും അടങ്ങുന്ന മൂന്നംഗ സമിതിയെ തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കാൻ നിയോഗിച്ചിരുന്നത്. അതില്‍നിന്നാണ് ചീഫ് ജസ്റ്റിസിനെ മാറ്റി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രിയെ ആക്കിയത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ പ്രധാനമന്ത്രിയുടെ കൈയിലെ പാവയാക്കി മാറ്റുകയാണെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെയും പ്രമുഖ നിയമജ്ഞരുടെയും പരാതികള്‍ തള്ളിയാണ് ഈ നടപടി. ബി.ജെ.പിക്ക് വൻ ഭൂരിപക്ഷമുള്ള ലോക്സഭ അനായാസം കടക്കുന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍, മറ്റു കമീഷണര്‍മാര്‍ (നിയമനവും സേവന, കാലയളവ് വ്യവസ്ഥകളും) ബില്‍ 2023 നിയമമാകും. കേരളത്തില്‍നിന്ന് ജോണ്‍ ബ്രിട്ടാസും ഡോ. ശിവദാസും അവതരിപ്പിച്ച ഭേദഗതികള്‍ സഭ ശബ്ദവോട്ടിനിട്ട് തള്ളിയപ്പോള്‍ കെ.സി. വേണുഗോപാലും എളമരം കരീമും നിര്‍ദേശിച്ച ഭേദഗതികള്‍ ഇരുവരും സഭയില്‍ ഹാജരില്ലാത്തതിനാല്‍ പരിഗണിച്ചില്ല. മൂന്നംഗ സെലക്ഷൻ കമ്മിറ്റിക്ക് പേരുകള്‍ നാമനിര്‍ദേശം ചെയ്യാൻ കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയുണ്ടാകും. കേന്ദ്ര സര്‍ക്കാറിന്റെ സെക്രട്ടറി റാങ്കില്‍ കുറയാത്ത രണ്ട് ഉദ്യോഗസ്ഥര്‍ അതില്‍ അംഗങ്ങളായിരിക്കും. നേരത്തേ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയെ ഉണ്ടാക്കാനായിരുന്നു വ്യവസ്ഥ. പുതിയ ബില്ലില്‍ അത് മാറ്റി.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കും മറ്റു കമീഷണര്‍മാര്‍ക്കും കാബിനറ്റ് സെക്രട്ടറിയുടെ ശമ്ബളം നല്‍കാനുള്ള തീരുമാനം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് സുപ്രീംകോടതി ജഡ്ജിയുടെ ശമ്ബളം നല്‍കുമെന്ന ഭേദഗതി ബില്ലില്‍ കൊണ്ടുവന്നു.

സുപ്രീംകോടതി ജഡ്ജിയെ പദവിയില്‍ നിന്ന് നീക്കംചെയ്യാനുള്ള കാരണങ്ങളാലും അതേ രീതിയിലുമല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യരുതെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മറ്റു തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ നീക്കംചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ശിപാര്‍ശ മതി.

ഔദ്യോഗിക ഉത്തരവാദിത്ത നിര്‍വഹണത്തിനിടെയുണ്ടാകുന്ന വാക്കുകള്‍ക്കോ പ്രവൃത്തികള്‍ക്കോ എതിരെയുള്ള കോടതി നടപടികളില്‍നിന്ന് എല്ലാ കമീഷണര്‍മാര്‍ക്കും പ്രത്യേക നിയമപരിരക്ഷയുണ്ടാകും. മോദി സര്‍ക്കാറിന്റെ ഭരണത്തിൻ കീഴില്‍ എല്ലാ ഭരണഘടന സംവിധാനങ്ങളും നിഷ്പക്ഷമാക്കിയതുപോലെ ഈ ബില്ലിലൂടെ തെരഞ്ഞെടുപ്പ് കമീഷനെയും നിഷ്പക്ഷമാക്കുകയാണ് ചെയ്തതെന്ന് നിയമമന്ത്രി അര്‍ജുൻ സിങ് മേഘ്‍വാള്‍ അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular