Connect with us
Malayali Express

Malayali Express

നെടുങ്കണ്ടം കസ്റ്റഡി മരണം: സി.ബി.ഐക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യ

KERALA

നെടുങ്കണ്ടം കസ്റ്റഡി മരണം: സി.ബി.ഐക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യ

Published

on

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അന്വേഷണം സി.ബി.ഐക്കു വിടണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അടുത്ത ബന്ധുക്കളായ തങ്ങള്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് ഭാര്യ വിജയയും മക്കളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്കുമാറിനെ ജൂണ്‍ 12 മുതല്‍ 16 വരെ അന്യായമായി കസ്റ്റഡിയില്‍വച്ചു പീഡിപ്പിച്ചെന്നും ക്രൂരവും പൈശാചികവുമായ മര്‍ദ്ദനത്തിനിരയായെന്നും ഹര്‍ജിയില്‍ പറയുന്നു.രാജ്കുമാര്‍ പ്രതിയായ ഹരിത ഫിനാന്‍സ് തട്ടിപ്പുകേസും സി.ബി.ഐ അന്വേഷിക്കണം. രാജ്കുമാറിന്റെ അമ്മയ്ക്കും ഹര്‍ജിക്കാരിക്കും മക്കള്‍ക്കുമാണ് ഓരോ കോടി രൂപ വീതം നല്‍കേണ്ടത്. ഇടക്കാല സഹായമായി 10 ലക്ഷം രൂപ വീതം ഉടന്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

രാജ്കുമാറില്‍ നിന്ന് അന്യായമായി പൊലീസ് പിടിച്ചെടുത്ത 72, 000 രൂപയും ബാങ്ക് പാസ് ബുക്കുകളും നല്‍കാന്‍ നിര്‍ദ്ദേശിക്കണം. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും എഫ്.ഐ.ആറില്‍ ചെറിയ തുകയുടെ തട്ടിപ്പാണ് കാണിച്ചിട്ടുള്ളത്. തമിഴ് മാത്രം സംസാരിക്കാനറിയുന്ന രാജ്കുമാര്‍ വന്‍തോതില്‍ പണം പിരിച്ചിട്ടുണ്ടെങ്കില്‍ ഇതെവിടെപ്പോയെന്ന് അന്വേഷിക്കാന്‍ സി.ബി.ഐ വേണം. പണം ആര്‍ക്കാണ് കൈമാറിയതെന്ന് പറയാതിരിക്കാനാണ് രാജ്കുമാറിനെ പൊലീസ് ക്രൂരമായി ഉപദ്രവിച്ചത്. ഇടുക്കി എസ്.പി, കട്ടപ്പന ഡിവൈ.എസ്.പി, നെടുങ്കണ്ടം സി.ഐ എന്നിവര്‍ അറിയാതെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കാനാവില്ല. ആ നിലയ്ക്ക് ഇവര്‍ക്കും ജയില്‍ അധികൃതര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണം. രാജ്കുമാറിന് വൈദ്യസഹായം നല്‍കുന്നതിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും വീഴ്ചവരുത്തിയ ആശുപത്രി അധികൃതര്‍ക്കെതിരെയും അന്വേഷണം വേണം. രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തതില്‍ ഇടുക്കി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ടിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് അന്വേഷിച്ച് നടപടി എടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Latest News