Thursday, March 28, 2024
HomeIndiaപ്രതിഫലം വേണ്ടെന്ന് റാറ്റ് മൈനേഴ്സ്; 'ഞങ്ങള്‍ ചെയ്തത് രാജ്യത്തിന് വേണ്ടി'

പ്രതിഫലം വേണ്ടെന്ന് റാറ്റ് മൈനേഴ്സ്; ‘ഞങ്ങള്‍ ചെയ്തത് രാജ്യത്തിന് വേണ്ടി’

സില്‍ക്യാര (ഉത്തരകാശി): നിര്‍മാണത്തിലിരിക്കെ ഇടിഞ്ഞുവീണ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനാകാതെ രാജ്യം ദിവസങ്ങളോളം പകച്ചുനിന്നപ്പോള്‍ അവസാനം രക്ഷകരുടെ വേഷമിട്ടെത്തിയവരായിരുന്നു വകീല്‍ ഹസന്റെ നേതൃത്വത്തിലുള്ള ‘റാറ്റ്ഹോള്‍ മൈനേഴ്സ്’ എന്നറിയപ്പെടുന്ന സംഘം.

അമേരിക്കൻ ഓഗര്‍ യന്ത്രത്തെ കൈക്കരുത്തും കരവിരുതും കൊണ്ട് തോല്‍പിച്ചവരായാണ് ഇനി ഇവരെ ലോകം അടയാളപ്പെടുത്തുക. രക്ഷാദൗത്യത്തിന് വഴിവെട്ടാൻ കൊണ്ടുവന്ന് നിരന്തരം വഴിമുടക്കിയായി മാറിയ ഓഗര്‍ മെഷീൻ സ്പൈറല്‍ ബ്ലേഡിന് മൂന്നുദിവസമായി ചെയ്യാനാവാത്തതാണ് 2.6 അടി വ്യാസമുള്ള കുഴലിനകത്ത് കയറി സംഘം കേവലം 36 മണിക്കൂര്‍ കൊണ്ട് സാധിച്ചെടുത്തത്. രക്ഷാദൗത്യം വിജയിച്ചതോടെ രാജ്യത്തിന്റെ ഹീറോകളായിരിക്കുകയാണ് ഇവര്‍. അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെ ഇവര്‍ പ്രതിഫലം നിരസിച്ചെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് തങ്ങളുടെ രാജ്യത്തിന് വേണ്ടിയാണെന്നും അതിനാല്‍ പ്രതിഫലം വേണ്ടെന്നുമാണ് സംഘത്തിന്റെ നിലപാടെന്ന് ‘ഇന്ത്യ ടുമോറെ’ റിപ്പോര്‍ട്ട് ചെയ്തു.

തുരങ്കത്തിനുള്ളില്‍ കയറി 12 മീറ്റര്‍ തുരക്കാനായിരുന്നു സംഘം നിയോഗിക്കപ്പെട്ടത്. കുടിവെള്ള പൈപ്പ് ലൈനുകളും അഴുക്കുചാലുകളുമെല്ലാം വൃത്തിയാക്കിയെടുക്കുന്ന ജോലി ചെയ്യുന്ന ‘റോക്ക് വെല്‍’ എന്ന കമ്ബനിയിലെ ജീവനക്കാരായിരുന്നു വകീല്‍ ഹസനും മുന്ന ഖുറൈശിയും അടക്കമുള്ളവര്‍. 32 ഇഞ്ച് ഇരുമ്ബ് കുഴലിനകത്ത് മെയ്‍വഴക്കത്തോടെ എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്ബുകുഴല്‍പാതക്കുള്ള അവസാന മീറ്ററുകള്‍ തുരന്ന് ദൗത്യം ലക്ഷ്യത്തിലെത്തിച്ച്‌, 17 ദിവസമായി തുരങ്കത്തില്‍ കഴിയുന്നവരെ പുറംലോകത്തുനിന്ന് ചെന്നുകണ്ട ആദ്യത്തെയാള്‍ 29കാരനായ മുന്നാ ഖുറൈശിയായിരുന്നു. ഖുറൈശിക്കൊപ്പം തുരന്നുകൊണ്ടിരുന്ന മോനു കുമാര്‍, വകീല്‍ ഖാൻ, ഫിറോസ്, പര്‍സാദി ലോധി, വിപിൻ റജാവത്ത് എന്നിവരും തുടര്‍ന്ന് കുഴല്‍പാതയിലൂടെ തൊഴിലാളികളുടെ അടുത്തെത്തി. മൂന്ന് ടീം ഷിഫ്റ്റുകളായി 24 മണിക്കൂറും ജോലി ചെയ്താണ് കുടുങ്ങിയ തൊഴിലാളികള്‍ക്കടുത്തെത്തിയത്.

‘ഞാൻ അവസാനത്തെ പാറയും നീക്കം ചെയ്തു. എനിക്ക് അവരെ കാണാനായി. അവര്‍ ഞങ്ങളെ കെട്ടിപ്പിടിച്ച്‌ ഉയര്‍ത്തി. ഒപ്പം പുറത്തെത്തിക്കുന്നതിന് നന്ദിയും പറഞ്ഞു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാനത് ചെയ്തത്’, രക്ഷാദൗത്യത്തെ കുറിച്ച്‌ ഖുറേഷിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. തങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാല്‍, ആദ്യമായാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നതെന്നും ടീം ലീഡറായ വകീല്‍ ഹസൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular