Connect with us
Malayali Express

Malayali Express

രാജ്കുമാര്‍ കസ്റ്റഡി മരണക്കേസ്-മുന്‍ എസ്.പിക്കും ഡിവൈ.എസ്.പിക്കുമെതിരെ റിമാന്‍ഡിലുള്ള എസ്.ഐ

KERALA

രാജ്കുമാര്‍ കസ്റ്റഡി മരണക്കേസ്-മുന്‍ എസ്.പിക്കും ഡിവൈ.എസ്.പിക്കുമെതിരെ റിമാന്‍ഡിലുള്ള എസ്.ഐ

Published

on

ഇടുക്കി മുന്‍ എസ്.പിക്കും കട്ടപ്പന മുന്‍ ഡിവൈ.എസ്.പിക്കുമെതിരെ രാജ്കുമാര്‍ കസ്റ്റഡിമരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ. സാബു. തൊടുപുഴ സെഷന്‍സ് കോടതിയില്‍ അഭിഭാഷകനായ ജോസ് ജോര്‍ജ് മുഖേനെ ജാമ്യാപേക്ഷയിലാണ് ഇരുവര്‍ക്കുമെതിരെ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചതും അറസ്റ്റ് ചെയ്തതും അന്നത്തെ എസ്.പിയുടെയും കട്ടപ്പന ഡിവൈ.എസ്.പിയുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും കീഴുദ്യോഗസ്ഥനെന്ന നിലയില്‍ അത് അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണ പുരോഗതി അതത് സമയങ്ങളില്‍ ഈ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ താനും കേസിലെ നാലാം പ്രതിയായ സി.പി.ഒ സജീവ് ആന്റണിയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. രാജ്കുമാറിനെതിരായ വായ്പാതട്ടിപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോയതായിരുന്നു. രണ്ടും മൂന്നും പ്രതികളായ എ.എസ്.ഐ റെജിമോനും സി.പി.ഒ നിയാസിനും മറ്റ് പോലീസുകാര്‍ക്കുമായിരുന്നു ചുമതല. കഴിഞ്ഞ ആറിന് പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ അന്വേഷണം ആരംഭദശയിലാണെന്ന കാരണത്താല്‍ തള്ളിയിരുന്നു. 19ന് തൊടുപുഴ കോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കും. കേസിലെ നാലാംപ്രതിയായ സി.പി.ഒ സജീവ് ആന്റണിയുടെയും അപേക്ഷ അന്ന് പരിഗണിക്കും. മൂന്നിന് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളും ദേവികുളം ജയിലില്‍ റിമാന്‍ഡിലാണ്.

Continue Reading

Latest News