Connect with us
Malayali Express

Malayali Express

നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് നാളെ തുടക്കം

USA

നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് നാളെ തുടക്കം

Published

on


രാജൻ വാഴപ്പള്ളിൽ

വാഷിങ്ടൻ ഡിസി : പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് നാളെ തുടക്കം കുറിക്കും.

കോൺഫറൻസിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾ എത്തി തുടങ്ങി. കോൺഫറൻസിൽ ക്ലാസ്സുകൾ നയിക്കുന്നതും സെമിനാറുകൾക്ക് നേതൃത്വം നൽകുന്നതും അതാത് രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരാണെന്ന് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കോൺഫറൻസ് വൻ വിജയമാക്കുവാൻ കമ്മിറ്റികൾ പരിശ്രമിക്കുന്നു.
ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരകൾക്ക് നേതൃത്വം നൽകുന്നത് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ലക്ച്ചറർ ഫാ. ഏബ്രഹാം തോമസാണ്. ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത് ഡോ. ജോൺ ഈ പാർക്കർ ആണ്. സൺഡേസ്കൂൾ ക്ലാസുകൾ ഫാ. കുര്യാക്കോസ് ഏബ്രഹാം നയിക്കും. എംജിഓസിഎസ്എം ക്ലാസുകൾ എടുക്കുന്നത് ഫാ. തോമസ് (ഷോൺ) തോമസാണ്. ഫാ. ഡോ. ജോൺസൺ സി. ജോൺ മുതിർന്നവർക്കുള്ള പാഠ്യപദ്ധതിക്ക് നേതൃത്വം നൽകും. എംജിഓസിഎസ്എം, ഫോക്കസ്, സൺഡേസ്കൂൾ പാഠ്യപദ്ധതികൾ നയിക്കുന്നത് ഫാ. ഗീവർഗീസ് ജോൺ, ഫാ. ഏബ്രഹാം ജോർജ്, ഡീക്കൻ ഗീവർഗീസ് വർഗീസ് എന്നിവരാണെന്ന് ജനറൽ സെക്രട്ടറി ജോബി ജോൺ അറിയിച്ചു.
17 ന് 6.30ന് കലഹാരി റിസോർട്ടിന്റെ ലോബിയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. ഏറ്റവും മുൻപിലായി ഫാമിലി കോൺഫറൻസ് ബാനർ, തുടർന്ന് അമേരിക്കൻ പതാക, ഇന്ത്യൻ പതാക, കാതോലിക്കേറ്റ് പതാക അതിനെ തുടർന്ന് ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഫാമിലി കോൺഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. തുടർന്ന് ശിങ്കാരി മേളം, ഗാനം ആലപിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനം അതിനു പിന്നിലായി ലോങ്ങ് ഐലന്റ്, ക്വീൻസ്, ബ്യൂക്‌ലിൻ ഏരിയായുടെ ബാനർ, പിന്നിലായി കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓർഡിനേറ്റർമാർക്ക് പിന്നിൽ കുട്ടികളും പുരുഷന്മാരും , സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം.


റോക്ക്‌ലാന്റ്, അപ്സ്റ്റേറ്റ്, ബോസ്റ്റൺ, കാനഡാ ഏരിയായുടെ ബാനറിനു പിന്നിൽ കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓർഡിനേറ്റർമാർ തുടർന്ന് കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം. മൂന്നാമതായി ഫിലഡൽഫിയ, മേരിലാന്റ്, വിർജീനിയ, വാഷിംഗ്ടൺ, നോർത്ത് കരോലീനാ ബാനറിനു പിന്നിൽ കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓർഡിനേറ്റർമാർ. തുടർന്ന് രണ്ടു വരിയായി കുട്ടികളും, സ്ത്രീകളും നില്ക്കണം. നാലാമതായി ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റർ ബാനറിന് പിന്നിൽ ഏരിയാ കോ ഓർഡിനേറ്റർമാർ കാതോലിക്കേറ്റ് പതാകകൾ വഹിച്ചുകൊണ്ട് നീങ്ങുക. തുടർന്ന് രണ്ടു വരിയായി കുട്ടികളും സ്ത്രീകളും പുരുഷന്മാരും അണി നിരക്കണം. തൊട്ടുപിന്നിൽ ന്യൂജേഴ്സി, സാറ്റൺ ഐലന്റ് ബാനറിനു പിന്നിൽ കാതോലിക്കേറ്റ് പതാക വഹിച്ചുകൊണ്ടുള്ള ഏരിയാ കോ ഓർഡിനേറ്റേഴ്സും തുടർന്ന് കുട്ടികളും പുരുഷന്മാരും സ്ത്രീകളും രണ്ടു വരിയായി അണിനിരക്കണം. തുടർന്ന് അംശവടി വഹിച്ചുകൊണ്ടുള്ള പുരോഹിതൻ, റവ. ഡീക്കൻസ്, പുരോഹിതർ, കോറെപ്പിസ്കോപ്പാമാർ, ഭദ്രാസന അദ്ധ്യക്ഷനോടൊപ്പം വിശിഷ്ട വ്യക്തികൾ എന്നീ ക്രമത്തിലാണ് ഘോഷയാത്ര നീങ്ങുന്നത്.

വിവരങ്ങൾക്ക് :
കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് : 718 608 5383

ജനറൽ സെക്രട്ടറി ജോബി ജോൺ : 201 321 0045

ട്രഷറാർ മാത്യൂ വർഗീസ് : 631 891 8184

Continue Reading

Latest News