Thursday, March 28, 2024
HomeKeralaഅപേക്ഷ എഴുത്തുമായി മുൻ പ്രസിഡന്‍റ് വീണ്ടും പഞ്ചായത്ത് പടിക്കല്‍

അപേക്ഷ എഴുത്തുമായി മുൻ പ്രസിഡന്‍റ് വീണ്ടും പഞ്ചായത്ത് പടിക്കല്‍

കായംകുളം: പ്രസിഡന്‍റായി നിറഞ്ഞുനിന്ന പഞ്ചായത്ത് ഓഫിസിന്‍റെ പടിക്കലിരുന്ന് മുരളി വീണ്ടും അപേക്ഷകള്‍ എഴുതിത്തുടങ്ങി.

നാലു വര്‍ഷക്കാലം ഗ്രാമത്തിന്റെ അധികാരം നിയന്ത്രിച്ച ഗ്രാമമുഖ്യനെ ഓഫിസിനു മുന്നിലെ കടത്തിണ്ണയില്‍ വീണ്ടും അപേക്ഷ എഴുത്തുകാരനായി കണ്ടപ്പോള്‍ ഏവര്‍ക്കും അത്ഭുതം. എന്നാല്‍, ജീവിതവൃത്തിയുടെ ഭാഗമായ തൊഴിലില്‍ മാന്യത കാണുന്ന മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്റെ മുഖത്ത് നിറഞ്ഞ ചിരിമാത്രം. വള്ളികുന്നം കടുവുങ്കല്‍ നന്ദനത്തില്‍ മുരളി (56) 2015ല്‍ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കും തുടര്‍ന്ന് പ്രസിഡന്‍റ് പദവിയിലേക്കും എത്തുന്നത്. നക്സലൈറ്റ് ചിന്താധാരയില്‍നിന്ന് സി.പി.എമ്മിലേക്ക് എത്തിയ മുരളി പഞ്ചായത്തിനു മുന്നിലെ അപേക്ഷ എഴുത്തുകാരനായി രൂപാന്തരപ്പെടുകയായിരുന്നു. ജീവിത പ്രയാസങ്ങള്‍ക്ക് പരിഹാരം തേടി എത്തുന്ന നൂറുകണക്കിന് സാധാരണക്കാര്‍ മുരളിയുടെ കൈപ്പടയിലുള്ള അപേക്ഷയിലൂടെ പരിഹാരം തേടി മടങ്ങിയിട്ടുണ്ട്. എട്ടു വര്‍ഷത്തോളമുള്ള അപേക്ഷയെഴുത്തിലൂടെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ എന്തെന്ന ധാരണ നേടിയെടുക്കാനായി. ഇതിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് കന്നിമേല്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകാൻ അപ്രതീക്ഷിത നിയോഗം കൈവരുന്നത്.

പാര്‍ട്ടി മുൻകൂട്ടി കണ്ടെത്തിയ സ്ഥാനാര്‍ഥിക്ക് സാങ്കേതിക കാരണങ്ങളാല്‍ മത്സരിക്കാൻ കഴിയാതെ വന്നതാണ് കാരണമായത്. തുടര്‍ന്ന് പ്രസിഡന്‍റ് പദവിയും ഏറ്റെടുക്കേണ്ടിവന്നു. പ്രസിഡന്റ് ചുമതല നിര്‍വഹിക്കാൻ പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ഥി പരാജയപ്പെട്ടതാണ് സുപ്രധാന ചുമതലക്ക് അവസരം ലഭിച്ചത്. ഘടകകക്ഷിയുമായുള്ള ധാരണ പ്രകാരം ഒഴിയുന്നതുവരെ നാലു വര്‍ഷത്തോളം ഭംഗിയായി ചുമതല നിര്‍വഹിച്ചു. ഇതിനുശേഷം പെയിന്ററുടെ കുപ്പായം അണിഞ്ഞെങ്കിലും നിര്‍മാണ മേഖലയിലെ സ്തംഭനം പ്രശ്നമായി. ഇതോടെയാണ് പഞ്ചായത്ത് പടിക്കല്‍ വീണ്ടും അപേക്ഷ എഴുത്തുകാരനായി എത്താൻ കാരണം. ഏതു പണി ചെയ്യുന്നതിലും അഭിമാനം കണ്ടെത്തുന്നയാളാണ് കവികൂടിയായ മുൻ പ്രസിഡന്റ്. ഭാര്യ ജലജയുടെയും മകൻ മിഥുന്റെയും പിന്തുണയാണ് ജീവിതവഴിയിലെ കരുത്തെന്ന് മുരളി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular