Thursday, March 28, 2024
HomeKeralaഗ്രീൻഫീല്‍ഡില്‍ തീയിട്ട് ബാറ്റര്‍മാര്‍; ഇന്ത്യക്ക് കൂറ്റൻ സ്കോര്‍

ഗ്രീൻഫീല്‍ഡില്‍ തീയിട്ട് ബാറ്റര്‍മാര്‍; ഇന്ത്യക്ക് കൂറ്റൻ സ്കോര്‍

തിരുവനന്തപുരം: ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റെടുത്ത ഇന്ത്യക്കാരെല്ലാം തീപടര്‍ത്തിയപ്പോള്‍ ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ അടിച്ചുകൂട്ടിയത് റെക്കോഡ് സ്കോര്‍.

യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്‍വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അര്‍ധസെഞ്ച്വറികള്‍ക്കൊപ്പം അവസാന ഓവറുകളില്‍ റിങ്കുസിങ്ങിന്റെ തകര്‍പ്പനടികളും ചേര്‍ന്നപ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് ഇന്ത്യൻ യുവനിര അടിച്ചെടുത്തത്. ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തകര്‍പ്പൻ തുടക്കമാണ് യശസ്വി ജയ്സ്വാള്‍-ഋതുരാജ് ഗെയ്ക്‍വാദ് സഖ്യം നല്‍കിയത്. ജയ്സ്വാളിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 5.5 ഓവറില്‍ 77 റണ്‍സ് അടിച്ചെടുത്തു. 25 പന്തില്‍ രണ്ട് സിക്സും ഒമ്ബത് ഫോറുമടക്കം 53 റണ്‍സ് നേടിയ ജയ്സ്വാളിനെ നതാൻ എല്ലിസിന്റെ പന്തില്‍ ആദം സാംബ പിടികൂടിയതോടെയാണ് ആസ്ട്രേലിയൻ ബൗളര്‍മാര്‍ക്ക് ശ്വാസം നേരെവീണത്. എന്നാല്‍, ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. തുടര്‍ന്നെത്തിയ ഇഷാൻ കിഷൻ ഋതുരാജ് ഗെയ്ക്‍വാദിനൊപ്പം അടി തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് സ്കോര്‍ബോര്‍ഡില്‍ 58 പന്തില്‍ 87 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 32 പന്തില്‍ നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റണ്‍സടിച്ച ഇഷാൻ കിഷനെ മാര്‍കസ് സ്റ്റോയിനിസിന്റെ പന്തില്‍ നതാൻ എല്ലിസ് പിടികൂടുകയായിരുന്നു.

തുടര്‍ന്നെത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ സ്റ്റോയിനിസിനെ സിക്സടിച്ചാണ് തുടങ്ങിയത്. എന്നാല്‍, നായകന് അധികം ആയുസുണ്ടായില്ല. 10 പന്തില്‍ രണ്ട് സിക്സടക്കം 19 റണ്‍സ് നേടിയ സൂര്യയെ നതാൻ എല്ലിസ് സ്റ്റോയിനിസിന്റെ കൈയിലെത്തിക്കുകയായിരുന്നു. അടുത്ത ഊഴം റിങ്കു സിങ്ങിനായിരുന്നു. ഒമ്ബത് പന്ത് മാത്രം നേരിട്ട താരം രണ്ട് സിക്സും നാല് ഫോറുമടക്കം 31 റണ്‍സുമായി പുറത്താകാതെ നിന്നു. ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി തിലക് വര്‍മയായിരുന്നു റിങ്കു സിങ്ങിന് കൂട്ട്. ഋതുരാജ് ഗെയ്ക്‍വാദ് 43 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 58 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. താരത്തെ എല്ലിസ് എറിഞ്ഞ അവസാന ഓവറില്‍ ടിം ഡേവിഡ് പിടികൂടുകയായിരുന്നു.

ആസ്ട്രേലിയൻ നിരയില്‍ നതാൻ എല്ലിസ് നാലോവറില്‍ 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് മാര്‍കസ് സ്റ്റോയിനിസ് നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular