Connect with us
Malayali Express

Malayali Express

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ഫൈനലില്‍, ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് 8 വിക്കറ്റിന്

LATEST NEWS

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ഫൈനലില്‍, ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് 8 വിക്കറ്റിന്

Published

on

ക്രിക്കറ്റ് ലോകകപ്പിന് ഒടുവില്‍ പുതിയ അവകാശികള്‍ വരുന്നു. ഓസ്ട്രേലിയയുടെയും ഇന്ത്യയുടെയും വെസ്റ്റിന്‍ഡീസിന്റെയുമൊക്കെ ആധിപത്യം തകര്‍ത്ത് ലോകകിരീടം ഇനി പുതിയ മണ്ണിലേക്ക്.
ഞായറാഴ്ച ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഇന്നലെ ബിര്‍മിങ്ഹാമില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അനായാസം മറികടന്നാണ് ആതിഥേയരായ ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.
ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ഫൈനലും. 1979, 1987,1992 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാന്‍ സാധിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ആദ്യമായി ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡിനു വഴിമുടക്കികളായത് ഓസ്ട്രേലിയയാണ്. അതേമസയം ലോകകപ്പില്‍ എട്ടാം സെമി ഫൈനല്‍ കളിച്ച ഓസീസിന്റെ ആദ്യ തോല്‍വിയാണിത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 223 റണ്‍സിനു പുറത്താകുകയായിരുന്നു. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 32.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
ഈ ലോകകപ്പിലെ ഏറ്റവും അനായാസ ജയങ്ങളിലൊന്നാണ് ഇത്. ഓസീസ് ബാറ്റ്സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട അതേ പിച്ചില്‍ തകര്‍ത്തടിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസന്‍ റോയിയും ജോണി ബെയര്‍സ്റ്റോയുമാണ് ജയം അനായാസമാക്കിയത്.

ഓസ്ട്രേലിയയുടെ പ്രതീക്ഷകളെയെല്ലാം തച്ചുതകര്‍ത്ത അവര്‍ ഒന്നാം വിക്കറ്റില്‍ വെറും 17.2 ഓവറില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിന്റെ ജയം ഉറപ്പാക്കിയിരുന്നു. ബെയര്‍സ്റ്റോ 43 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 34 റണ്‍സ് നേടിയപ്പോള്‍ 65 പന്തില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും അഞ്ചു പടുകൂറ്റന്‍ സിക്സറുകളും സഹിതം 85 റണ്‍സ് നേടിയ റോയ് അമ്പയര്‍ കുമാര്‍ ധര്‍മസേനയുടെ തെറ്ളറായ തീരുമാനത്തില്‍ പുറത്താകുകയായിരുന്നു.

പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി പിടിച്ചാണ് റോയ് മടങ്ങിയത്. ടിവി റീപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്നു വ്യക്തമായിരുന്നു. റിവ്യൂ നേരത്തെ നഷ്ടമായതിനാല്‍ ഡി.ആര്‍.എസ്. ഉപയോഗിക്കാനാുമായില്ല.
തുടര്‍ന്ന് ഒത്തുചേര്‍ന്ന ജോ റൂട്ടും നായകന്‍ ഓയിന്‍ മോര്‍ഗനും ചേര്‍ന്നു കൂടുതല്‍ നഷ്ടമുണ്ടാകാതെ ടീമിനെ വിജയത്തിലെത്തിച്ചു. റൂട്ട് 46 പന്തില്‍ എട്ടു ബൗണ്ടറികളോടെ 49 റണ്‍സുമായും മോര്‍ഗന്‍ 39 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളുമായി 45 റണ്‍സുമായും പുറത്താകാതെ നിന്നു.
ഓസീസിനു വേണ്ടി കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ബെയര്‍സ്റ്റോയുടെ വിക്കറ്റ് നേടിയ സ്റ്റാര്‍ക്ക് ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഗ്ലെന്‍ മക്ഗ്രാത്തിന്റെ 26 വിക്കറ്റ് എന്ന നേട്ടം മറികടന്നു റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് എത്തുമ്പോഴേക്കും ഡേവിഡ് വാര്‍ണര്‍(9), നായകന്‍ ആരോണ്‍ ഫിഞ്ച്(0), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്(4) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തിയിരുന്നു.
പിന്നീട് നാലാം വിക്കറ്റില്‍ മുന്‍നായകന്‍ സ്റ്റീവന്‍ സ്മിത്തും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് ക്യാരിയും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവരെ അല്‍പമെങ്കിലും മാന്യമായ സ്‌കോറില്‍ എത്തിച്ചത്. സ്മിത്ത് 119 പന്തില്‍ ആറു ബൗണ്ടറികളോടെ 85 റണ്‍സ് നേടി റണ്ണൗട്ടായപ്പോള്‍ ക്യാരി 70 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 46 റണ്‍സ് നേടി. 29 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, 22 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് താരങ്ങള്‍.

ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജൊഫ്ര ആര്‍ച്ചര്‍ രണ്ടും മാര്‍ക്കസ് വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. എട്ടോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഓസീസ് മുന്‍നിരയെ തകര്‍ത്ത വോക്സാണ് കളിയിലെ കേമന്‍.

Continue Reading

Latest News