Friday, March 29, 2024
HomeKeralaഭാരതം-ഓസ്‌ട്രേലിയ ആദ്യ ടി 20 ഇന്ന്

ഭാരതം-ഓസ്‌ട്രേലിയ ആദ്യ ടി 20 ഇന്ന്

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുശേഷം ഭാരതവും ഓസ്‌ട്രേലിയയും ഇന്ന് വീണ്ടും മുഖാമുഖമെത്തുന്നു. അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്ബരയിലെ ആദ്യ പോരാട്ടം ഇന്ന് വിശാഖപട്ടണത്ത് അരങ്ങേറും.

രാത്രി ഏഴിനാണ് കളി ആരംഭിക്കുക. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഭാരതത്തെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകചാമ്ബ്യന്മാരായിരുന്നു. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് നാലാം ദിവസമാണ് ടി 20 പരമ്ബരക്ക് തുടക്കമാകുന്നത്.

ലോകകപ്പ് ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവനിരയുമാണ് ഫൈനലിലെ തോല്‍വിക്ക് കണക്ക് ചോദിക്കാന്‍ ഭാരതം ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങി ലോകകപ്പില്‍ മിന്നിത്തിളങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഭാരതം വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഭാരതം മത്സരിക്കാനിറങ്ങുന്നത്. സൂര്യകുമാറിന് പുറമെ ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ ലോകകപ്പ് താരങ്ങള്‍. അവസാന രണ്ട് മത്സരങ്ങള്‍ക്ക് ശ്രേയസ് അയ്യരുമെത്തും. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, അര്‍ഷദീപ് സിംഗ്, ജിതേഷ് ശര്‍മ്മ, രവി ബിഷ്‌ണോയ് എന്നിവര്‍ക്കൊപ്പം പരിക്ക് മൂലം ലോകകപ്പ് നഷ്ടമായ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്.

അതേസമയം ലോകകപ്പ് ജയിച്ച ടീമിലെ ഏഴ് താരങ്ങളുമായാണ് ഓസ്‌ട്രേലിയയുടെ വരവ്. ഫൈനലിലെ ഹീറോയായി മാറിയ ട്രാവിസ് ഹെഡിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ഷോണ്‍ അബട്ട്, ജോഷ് ഇന്‍ഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരുണ്ട് ഓസീസ് സ്‌ക്വാഡില്‍. മാത്യു വെയ്ഡിന്റെ നേതൃത്വത്തിലാണ് ഓസീസ് ടി 20 പരമ്ബരയ്‌ക്കിറങ്ങുന്നത്.

പരമ്ബരയിലെ രണ്ടാം മത്സരം ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കും.

സാധ്യതാ ഇലവന്‍:
ഭാരതം: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍/വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ/ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഓസീസ്: സ്റ്റീവന്‍ സ്മിത്ത്, മാത്യു ഷോര്‍ട്ട്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സീന്‍ അബോട്ട്, നഥാന്‍ എല്ലിസ്, ജാസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, തന്‍വീര്‍ സന്‍ഗ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular