Tuesday, April 16, 2024
HomeGulfസംസ്കൃതി ഖത്തര്‍ സി.വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക്

സംസ്കൃതി ഖത്തര്‍ സി.വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം ലിന്‍സി വര്‍ക്കിക്ക്

ദോഹ: ഖത്തര്‍ സംസ്കൃതി- സി.വി. ശ്രീരാമന്‍ ചെറുകഥ സാഹിത്യ പുരസ്‌കാരം ഇംഗ്ലണ്ടില്‍നിന്നുള്ള മലയാളി എഴുത്തുകാരി ലിൻസി വര്‍ക്കിക്ക്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളി പ്രവാസി എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തില്‍ പങ്കെടുത്ത 75ഓളം കഥകളില്‍നിന്നാണ് ഇംഗ്ലണ്ടില്‍ നഴ്സായി ജോലിചെയ്യുന്ന ലിൻസി വര്‍ക്കിയുടെ രചന തിരഞ്ഞെടുത്തതെന്ന് സംസ്കൃതി ഖത്തര്‍ ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ‘പാദാന്‍ ആരാമിലെ പ്രണയികള്‍’ എന്ന ചെറുകഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്.

50,000 രൂപയും പ്രശസ്തിഫലകവും അടങ്ങിയ പുരസ്കാരം ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന്മാരായ ടി.ഡി. രാമകൃഷ്ണന്‍, വി. ഷിനിലാല്‍, എസ്. സിതാര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിനിയായ ലിൻസി വര്‍ക്കി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ കെന്റിലാണ് താമസിക്കുന്നത്. ബ്രിട്ടീഷ് നാഷനല്‍ ഹെല്‍ത്ത് സര്‍വിസില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ഭര്‍ത്താവ് റെന്നി വര്‍ക്കി, മക്കള്‍ വിവേക്, വിനയ.

2017ല്‍ എഴുതിത്തുടങ്ങിയ ലിൻസിയുടെ കഥകള്‍ ഓണ്‍ലൈനിലും ആനുകാലികങ്ങളിലും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഷുൻ, ഹാര്‍ട്ട് പെപ്പര്‍ റോസ്‌റ്റ്, മിയ മാക്സിമ കുല്‍പ, നിശാചരൻ എന്നിവ ഉള്‍പ്പെടെ നിരവധി കഥകള്‍ ഇതിനകം ശ്രദ്ധേയമായി.

തെസ്സലോനിക്കിയിലെ വിശുദ്ധൻ എന്ന കഥക്ക് നല്ലെഴുത്ത് ഓണ്‍ലൈൻ കൂട്ടായ്മയുടെ ‘കാഥോദയം അവാര്‍ഡ്’, ദ്രവശില എന്ന കഥക്ക് ഡി.സി ബുക്കുമായി ചേര്‍ന്ന് അഥീനിയം യു.കെ സാഹിത്യ മത്സരത്തില്‍ ഒന്നാം സമ്മാനം, അഡ്രിയാന എന്ന കഥക്ക് തായംപൊയില്‍ ലൈബ്രറി സുഗതകുമാരിയുടെ സ്മരണക്കായി സംഘടിപ്പിച്ച രാത്രിമഴ അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അന്തരിച്ച സാഹിത്യകാരന്‍ സി.വി. ശ്രീരാമന്‍റെ സ്മരണാര്‍ഥം ഖത്തര്‍ സംസ്കൃതി ഏര്‍പ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്കാരത്തിന്റെ പത്താം വാര്‍ഷികമായ ഇത്തവണ ഗള്‍ഫ്, യൂറോപ്യൻ, അമേരിക്കൻ, മറ്റ് ഏഷ്യൻ രാജ്യങ്ങളില്‍നിന്നായി 75ഓളം കഥകള്‍ ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായ 18 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ പ്രസിദ്ധീകരിക്കാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്.

വാര്‍ത്തസമ്മേളനത്തില്‍ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍, പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്ടറും സംസ്കൃതി മുന്‍ ജനറല്‍ സെക്രട്ടറിയും ആയ ഇ.എം. സുധീര്‍, സംസ്കൃതി -സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാരസമിതി കണ്‍വീനര്‍ ബിജു പി. മംഗലം എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular