Friday, March 29, 2024
HomeGulfപാലസ്തീനും മുതലെടുപ്പു രാഷ്ട്രീയവും

പാലസ്തീനും മുതലെടുപ്പു രാഷ്ട്രീയവും

ക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണം; അതിനു മറുപടിയായി ഇസ്രയേല്‍ അഴിച്ചുവിട്ട പ്രത്യാക്രമണം. ഇവ രണ്ടും ലോകമനഃസാക്ഷിയെ ഞെട്ടിച്ചു.

അമേരിക്കയും ബ്രിട്ടനും ഫ്രാൻസും തത്ക്ഷണം ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. ഇതര പാശ്ചാത്യ രാജ്യങ്ങളും അതേ നിലപാട് കൈക്കൊണ്ടു. ഇറാനും ഖത്തറും ഒരു പരിധിവരെ തുര്‍ക്കിയുമല്ലാതെ മറ്റൊരു രാജ്യവും ഹമാസിന് പരസ്യപിന്തുണ നല്കിയില്ല. അതേസമയം, മൂന്നാം ലോകരാജ്യങ്ങള്‍ പൊതുവിലും അറബ് രാജ്യങ്ങള്‍ പ്രത്യേകിച്ചും ഇസ്രയേലിന്റെ പ്രത്യാക്രമണത്തെ അപലപിച്ചു.

ഹമാസിന്റെ ആക്രമണമുണ്ടായപ്പോള്‍ ഇസ്രയേലിന് പരസ്യപിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രി അടുത്ത ഘട്ടത്തില്‍ രാഷ്ട്രം പാലസ്തീനൊപ്പമാണെന്ന പഴയ നിലപാടില്‍ ഉറച്ചുനിന്നു. ദുരിതാശ്വാസത്തിന് മരുന്നും മറ്റു വസ്തുക്കളും കൊടുത്തയച്ചു. ഐക്യരാഷ്ട്ര പൊതുസഭയില്‍ ജോര്‍ദാൻ പ്രമേയം കൊണ്ടുവന്നപ്പോള്‍ ഇന്ത്യ നിഷ്പക്ഷത പാലിച്ചു. ബ്രിട്ടനിലും ഫ്രാൻസിലും അമേരിക്കയിലും വരെ ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മറ്റു രാജ്യങ്ങളുടെ കാര്യം പറയാനുമില്ല. പക്ഷേ, കേരളത്തില്‍ ഉണ്ടായതുപോലെ ഒരു വികാരവിക്ഷോഭം ലോകത്ത് ഒരിടത്തും ദൃശ്യമായില്ല. ഒരുപക്ഷേ മെഹമൂദ് അബ്ബാസിന്റെ ഫത്ത പാര്‍ട്ടി ഭരിക്കുന്ന പാലസ്തീന്റെ വെസ്റ്റ്ബാങ്കില്‍പ്പോലും ഇത്രയധികം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുകാണില്ല!

പണ്ടുമുതലേ പാലസ്തീന്റെ കാര്യത്തില്‍ ഉത്കണ്ഠയുള്ളവരാണ് മലയാളികള്‍. എപ്പോഴൊക്കെ ഇസ്രയേലുമായി സംഘര്‍ഷമുണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ ഇവിടത്തെ തെരുവുകളില്‍ ‘സേവ് ഗാസ’ എന്ന് ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തെ കണ്ടിട്ടുണ്ട്. ഇത്തവണ ഹമാസിന്റെ ആക്രമണമുണ്ടായപ്പോള്‍ ഒരുവിഭാഗം ആവേശംകൊണ്ട് വീര്‍പ്പുമുട്ടി. ഇസ്രയേലിന്റെ പണി തീര്‍ന്നു, യഹൂദന്മാര്‍ ഇതോടെ രാജ്യം വിട്ടോടും എന്നൊക്കെ ചിലര്‍ വീരവാദം മുഴക്കി. തുല്യവും വിപരീതവുമായ പ്രതികരണം മറുഭാഗത്തുമുണ്ടായി. ഹമാസിന്റെ നാളുകള്‍ എണ്ണപ്പെട്ടു, ഇത് അന്തിമയുദ്ധമാണ് എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സമൂഹമാദ്ധ്യമങ്ങളിലെങ്കിലും സമുദായ ധ്രുവീകരണം പ്രകടമായി. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വെറുതെയിരുന്നില്ല. ഹമാസിനെ ആദ്യം ന്യായീകരിച്ചതും ഇസ്രയേലിനെ കുറ്റപ്പെടുത്തിയതും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. തൊട്ടുപിന്നാലെ എം.എ. ബേബിയും എം. സ്വരാജും രംഗത്തുവന്നു. ഹമാസിന്റെ നടപടി ഭീകരപ്രവര്‍ത്തനമാണോ എന്ന സംശയം കെ.കെ. ശൈലജയ്ക്കു മാത്രമേ തോന്നിയുള്ളൂ. അവര്‍ തന്നെയും അധികം വൈകാതെ നിലപാട് മയപ്പെടുത്തി.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് ഗോളടിക്കുന്നതു കണ്ട് മിണ്ടാതിരിക്കാൻ മുസ്ലിംലീഗിന് കഴിയില്ല. അവര്‍ കോഴിക്കോട് കടപ്പുറത്ത് അതിഗംഭീരമായ പൊതുസമ്മേളനം വിളിച്ചുചേര്‍ത്തു. ഇസ്രയേലിനെ മുച്ചൂടും വിമര്‍ശിച്ചു. മുഖ്യാതിഥിയായി എത്തിയ ഡോ. ശശി തരൂര്‍ എം.പി ഹമാസിനെക്കുറിച്ച്‌ അഭിനന്ദനപരമല്ലാത്ത ചില പരാമര്‍ശങ്ങള്‍ നടത്തിയത് കേള്‍വിക്കാര്‍ക്ക് പൊതുവിലും ലീഗ് നേതാക്കള്‍ക്ക് പ്രത്യേകിച്ചും മനോവിഷമമുണ്ടാക്കി. ഡോ. എം.കെ. മുനീറും അബ്ദുസമദ് സമദാനിയും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി. ഹമാസ് ഭീകരപ്രവര്‍ത്തകരോ തീവ്രവാദികളോ അല്ല, സ്വാതന്ത്ര്യസമര പോരാളികളാണെന്ന് വിശദീകരിച്ചു.

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അടക്കമുള്ള മുസ്ലിം സംഘടനകളും താമസംവിനാ രംഗത്തു വന്നു. ഓരോരുത്തരും പ്രാര്‍ത്ഥനാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. എല്ലാ പ്രഭാഷകരും സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഹമാസിനെ മുറിപ്പെടുത്താത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പാലസ്തീന്റെ കണ്ണുനീര്‍ മലയാള മനോരമയിലും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും നിറഞ്ഞുതുളുമ്ബി. മാധ്യമവും ദേശാഭിമാനിയും മറ്റെല്ലാവരെയും പിന്നിലാക്കി. ജമാഅത്തെ ഇസ്ലാമിയുടെ മീഡിയാ വണ്‍ ചാനല്‍ ദൈനംദിനാടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രേക്ഷകരെ ഉദ്ബുദ്ധരാക്കി. ലീഗും മുസ്ലിം സംഘടനകളും നിറുത്തിയിടത്തു നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തുടങ്ങിവച്ചു- നാടെങ്ങും പാലസ്തീൻ ഐക്യദാര്‍ഢ്യ റാലികള്‍. അവയിലേക്ക് മുസ്ലിം സംഘടനകളെയും ലീഗിനെത്തന്നെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിലക്കിയതുകൊണ്ട് ലീഗ് തത്കാലം പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

പാലസ്തീൻ വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്നാണ് മാര്‍ക്‌സിസ്റ്റ് നിലപാട്. ഗാസയ്ക്കു വേണ്ടി കണ്ണീരൊഴുക്കുമ്ബോഴും ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ സാഹസത്തെ കോണ്‍ഗ്രസ് വേണ്ടവിധം അഭിനന്ദിക്കുന്നില്ല എന്നാണ് സഖാക്കളുടെ ആരോപണം. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഹമാസിനെ കലവറയില്ലാതെ അഭിനന്ദിക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തുമെന്ന് രാഹുല്‍ ഗാന്ധിക്കുപോലും അറിയാം. ഏതായായും നവംബര്‍ 23-ാം തീയതി കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസും ഒരു പാലസ്തീൻ ഐക്യദാര്‍ഢ്യ സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അവിടെ ശശി തരൂര്‍ പ്രസംഗിക്കാൻ ഉണ്ടാവില്ല. പകരം സി.ആര്‍. മഹേഷ്, റിജില്‍ മാക്കുറ്റി മുതലായ ഹമാസ് പ്രേമികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും.

ഇടതു മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ്- ജോസ് മാണി വിഭാഗമോ ജനാധിപത്യ കേരളാ കോണ്‍ഗ്രസോ ഐക്യ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പോ പാലസ്തീൻ വിഷയത്തെക്കുറിച്ച്‌ നാളിതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അവരുടെ മൗനം വാചാലം എന്നുവേണം കരുതാൻ. ഫ്രാൻസിസ് മാര്‍പ്പാപ്പ പാലസ്തീനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ അത്രതന്നെ അനുഭാവം ഇല്ലാത്തവരാണ്. ചില വൈദികരെങ്കിലും ഇസ്രയേല്‍ അനുകൂല നിലപാടുകാരാണ്. വിശ്വാസികളില്‍ ഏറിയകൂറും അങ്ങനെതന്നെ.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പാലസ്തീൻ ഐക്യദാര്‍ഢ്യ സംഗമത്തെ മുച്ചൂടും വിമര്‍ശിച്ചുകൊണ്ട് നവംബര്‍ ഏഴാം തീയതി ദീപിക എഴുതിയ മുഖപ്രസംഗം കത്തോലിക്കാ സഭയുടെ ഹൃദയവികാരത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. മുടങ്ങിയ ക്ഷേമ പെൻഷനുകള്‍, കര്‍ഷകര്‍ക്കു കിട്ടാനുള്ള നെല്ലിന്റെ വില, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മുടങ്ങുന്ന ശമ്ബളം, ഉച്ചക്കഞ്ഞിയുടെ കാശു കിട്ടാതെ വിഷമിക്കുന്ന പ്രധാന അദ്ധ്യാപകര്‍, കട്ടുമുടിച്ച സഹകരണ സ്ഥാപനങ്ങള്‍, വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജും വെള്ളക്കരവും, വികസന മുരടിപ്പ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം, കാരുണ്യ പദ്ധതിയുടെ താളംതെറ്റല്‍…. ഇവയൊക്കെ പരാമര്‍ശിച്ച ശേഷം മുഖപ്രസംഗം ഇങ്ങനെ തുടരുന്നു

” ഇതൊന്നും പരിഹരിക്കാതെ, ഹമാസ് എന്ന ഭീകരപ്രസ്ഥാനം വിതച്ച ദുരിതം പത്തിരട്ടിയായി കൊയ്യേണ്ടിവന്ന പാലസ്തീനിലെ മനുഷ്യരെ മറയാക്കി നിങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. ഈ കാപട്യം തുടങ്ങിയിട്ടിന്ന് ഒരുമാസമായി. കേരളത്തിലെ ഗതികെട്ട ജനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ ലോകത്തെ ഏറ്റവും സമ്ബന്നമായ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളില്‍ ഒന്നായ ഹമാസ് വരില്ല. കേരള സര്‍ക്കാര്‍ ആദ്യം സ്വന്തം ജനങ്ങളെ രക്ഷിക്കട്ടെ, എന്നിട്ടു മതി പശ്ചിമേഷ്യൻ നീതി.””

ചൈനയില്‍ ഉയിഗര്‍ മുസ്ലിങ്ങളും മ്യാൻമറില്‍ റോഹിംഗ്യൻ അഭയാര്‍ത്ഥികളും പാകിസ്ഥാനില്‍ അഫ്ഗാൻകാരും യെമനില്‍ ഹൂതികളും ഇറാനില്‍ മുസ്ലിം വനിതകളും അനുഭവിക്കുന്ന പീഡനങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം മുഖപ്രസംഗം വീണ്ടും തുടരുന്നു- ”അവര്‍ക്കൊക്കെ നിഷേധിച്ച മനുഷ്യാവകാശങ്ങള്‍ സി.പി.എം പോലുള്ള പാര്‍ട്ടികള്‍ ഗാസയ്ക്കും ഹമാസിനും അനുവദിച്ചുകൊടുക്കുന്നത് മനുഷ്യത്വമല്ല, അവസരവാദ രാഷ്ട്രീയമാണ്. ലോകത്ത് ഒരു ഇസ്ലാമിക രാഷ്ട്രവും പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വച്ചുപൊറുപ്പിച്ചിട്ടില്ല. എന്നിട്ടും ഹമാസിനെ ആശ്ലേഷിക്കാൻ സി.പി.എം ഇന്നുകാണിക്കുന്ന വെമ്ബല്‍ വോട്ട് രാഷ്ടീയമായിരിക്കാം. പക്ഷേ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനു വളമിട്ടവരുടെ പട്ടികയില്‍ സി.പി.എമ്മിന്റെ പേര് ചരിത്രം ഒന്നാമതല്ലെങ്കില്‍ രണ്ടാമതായി എഴുതിച്ചേര്‍ക്കും. ഈ ഐക്യദാര്‍ഢ്യം ഒളിച്ചോട്ടമാണ്. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ ലോകമെങ്ങുമുള്ള ഭീകരപ്രസ്ഥാനങ്ങളുണ്ട്. അവര്‍ക്ക് സാമ്ബത്തിക സഹായവും ആയുധങ്ങളും നല്കാൻ ഖത്തറും ഇറാനുമുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുണ്ട്. കേരളത്തെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.”” ചുരുക്കിപ്പറഞ്ഞാല്‍ ഹമാസിന് കേരളത്തില്‍ പിന്തുണക്കാര്‍ മാത്രമല്ല, വിരോധികളും ധാരാളമുണ്ട്. അധികമായാല്‍ ഹമാസും വിഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular