Connect with us
Malayali Express

Malayali Express

നാഥനില്ലാതെ കോണ്‍ഗ്രസ് : കോണ്‍ഗ്രസ് വറച്ചട്ടിയിൽ

INDIA

നാഥനില്ലാതെ കോണ്‍ഗ്രസ് : കോണ്‍ഗ്രസ് വറച്ചട്ടിയിൽ

Published

on

മാത്യു ജോണ്‍

നാഥനില്ലാതെ കോണ്‍ഗ്രസ് വലയുന്നു. എനിക്കു വേണ്ട എന്ന ഭാവത്തിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസിനു വൻതിരിച്ചടിയാണ്. പാർട്ടിക്കു നാഥനില്ലാതെ വിഷമിക്കുകയാണ്. ആരെയെങ്കിലും പ്രതിഷ്ഠിച്ചാൽ ആകെ കുളമാകുമെന്നാണ് കോണ്‍ഗ്രസ് അണികൾ പറയുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന മുൻതീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്നു. ഇന്നലെ ചേർന്ന പാർട്ടി പാർലമെൻററി യോഗത്തിൽ രാജിതീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് രാഹുലിനോട് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നിർദേശം അവഗണിച്ച രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്തണം എന്ന നിലപാട് ആവർത്തിച്ചു.

ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമെല്ലാം ദിവസങ്ങളായി ഇക്കാര്യത്തിൽ രാഹുലിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും രാജിതീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ രാഹുൽ തയ്യാറായിട്ടില്ല. അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന മുൻനിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ പുനരാലോചനയ്ക്ക് പോലും അദ്ദേഹം തയ്യാറായിട്ടില്ല. പാർട്ടിയുടെ നേതൃതലത്തിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്ത് ശതമാനം സീറ്റുകൾ പോലും നേടാൻ സാധിക്കാതെ വന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചോദിച്ചു വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. രാഹുൽ ലോക്സഭയിലുണ്ടെങ്കിലും ബംഗാളിൽ നിന്നുള്ള നേതാവ് അധീർ ചൗധരിയെയാണ് നിലവിൽ പാർട്ടിയുടെ ലോക്സഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം അധ്യക്ഷസ്ഥാനമൊഴിയും എന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ സംഘടനാതലത്തിൽ രാഹുൽ അഴിച്ചു പണി തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ പരാജയം നേരിട്ട യുപിയിൽ ഇതിനോടകം പാർട്ടി ഘടകങ്ങൾ പിരിച്ചു വിട്ട് പുനസംഘടനയ്ക്ക് തുടക്കമിട്ടുണ്ട്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലും പുനസംഘടനയുമായി രാഹുൽ മുന്നോട്ട് പോകുകയാണ്.

അമേത്തിയിലേറ്റ പരാജയത്തെ തുടർന്ന് വയനാട് എംപി എന്ന നിലയിലും സജീമായി ഇടപെടാൻ രാഹുൽ ശ്രമിക്കുന്നുണ്ട്. മണ്ഡലത്തിൻറെ ഭാവിവികസനത്തിനായി മാർഗ്ഗരേഖ തയ്യാറാക്കാൻ വെള്ളിയാഴ്ച രാഹുൽ യോഗം വിളിക്കുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനായി വയനാടിലെ യുഡിഎഫ് നേതാക്കളെ രാഹുൽ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.

Continue Reading

Latest News