Thursday, April 18, 2024
HomeGulfഅറേബ്യക്കിത് അഭിമാനവേള...2034 ലോകകപ്പ് സൗദിയില്‍ തന്നെ

അറേബ്യക്കിത് അഭിമാനവേള…2034 ലോകകപ്പ് സൗദിയില്‍ തന്നെ

ത്തറിന്റെ മണ്ണില്‍ ഐതിഹാസികമായി ആ പന്തുരുണ്ടതിന്റെ നിറപ്പകിട്ടാര്‍ന്ന ഓര്‍മകള്‍ക്ക് അന്ന് 12 വയസ്സാകും. കാലം കറങ്ങിത്തെളിഞ്ഞ് കലണ്ടറില്‍ 2034 എന്ന് തെളിയുമ്ബോള്‍ ഗള്‍ഫിന്റെ മണലാരണ്യത്തില്‍ ഒരിക്കല്‍കൂടി പോരിശയാര്‍ന്ന പോരാട്ടങ്ങളിലേക്ക് പന്തൊഴുകിപ്പരക്കും.

ഒരു വ്യാഴവട്ടത്തിനുശേഷം സൗദി അറേബ്യയെന്ന വിഖ്യാതമായ മണ്ണിലെ പച്ചപ്പുല്‍മേടുകളില്‍ ലോകകപ്പിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങുമ്ബോള്‍ അറബിനാട്ടിന് അലങ്കാരത്തിന്റെ മറ്റൊരു തങ്കപ്പതക്കം കൂടിയാകും.

വിശ്വമേള അറേബ്യയിലെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ആതിഥ്യത്തിനായുള്ള പോരില്‍ തങ്ങളും രംഗത്തുണ്ടെന്നു പറഞ്ഞ ആസ്ട്രേലിയ അവസാന നാഴികയില്‍ പിന്മാറി. ലോകം സൗദിയുടെ ഇച്ഛാശക്തിക്കും പ്രതിബദ്ധതക്കുമൊപ്പംനിന്നു. ഒടുവില്‍, അപേക്ഷ കൊടുക്കേണ്ട അവസാന ദിനവും പിന്നിട്ടപ്പോള്‍ അഭിമാനപോരാട്ടങ്ങള്‍ക്ക് നിലമൊരുക്കാൻ സൗദി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയരായി സൗദി അറേബ്യ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. 2034 ലോകകപ്പ് സൗദിയില്‍ നടക്കുമെന്ന് ആഗോള ഫുട്ബാള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ഫിഫ ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കുകയെന്നത് എല്ലാ രാജ്യങ്ങള്‍ക്കും വെല്ലുവിളി തന്നെയാണ്. എന്നാല്‍, ലോകം ഉറ്റുനോക്കുന്ന മഹാപോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കുകയെന്ന ആ വെല്ലുവിളി തങ്ങള്‍ ധീരോദാത്തം ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി സൗദി തുടക്കത്തിലേ കളത്തിലിറങ്ങിയിരുന്നു. ആസ്ട്രേലിയക്കാകട്ടെ, ഉറച്ച കാല്‍വെപ്പായിരുന്നില്ല ഇക്കാര്യത്തില്‍. ലോകകപ്പ് ആതിഥ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണ ഫുട്ബാള്‍ ആസ്ട്രേലിയ തേടിയിരുന്നു. അതിന് കൃത്യമായ മറുപടി ദിവസങ്ങളായിട്ടും അവര്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2034 ലോകകപ്പ് ആതിഥ്യത്തിന് ഏഷ്യ-ഓഷ്യാനിയ മേഖലയിലെ രാജ്യങ്ങളില്‍നിന്ന് ഫിഫ ഒക്ടോബര്‍ നാലിന് അപേക്ഷ ക്ഷണിച്ച്‌ മണിക്കൂറുകള്‍ക്കകം സൗദി തങ്ങളുടെ ബിഡ് സമര്‍പ്പിച്ചിരുന്നു. സൗദി അധികൃതരും ഫുട്ബാള്‍ അസോസിയേഷനും കായികപ്രേമികളുമൊക്കെ പൂര്‍ണാര്‍ഥത്തില്‍ രാജ്യം ലോകകപ്പിന് അരങ്ങാവാനുള്ള അതിയായ ആഗ്രഹത്തിലായിരുന്നു. ഏഷ്യൻ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്റെയും 100 ഫിഫ അംഗ രാജ്യങ്ങളുടെയും പിന്തുണയും സൗദിക്കുണ്ടായിരുന്നു.

മറുതലക്കല്‍ ആസ്ട്രേലിയക്ക് കൃത്യമായ തീരുമാനമെടുക്കാൻ കഴിഞ്ഞതുമില്ല. ലോകകപ്പ് ആതിഥ്യമെന്ന വെല്ലുവിളി ഒറ്റക്ക് ഏറ്റെടുക്കാൻ കഴിയുമോയെന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇന്തോനേഷ്യയെയും സിംഗപ്പൂരിനേയും കൂടെ കൂട്ടുപിടിക്കാനായി പിന്നെ ആസ്ട്രേലിയയുടെ ശ്രമം. ആദ്യം അനൂകൂലമായി പ്രതികരിച്ച ഇന്തോനേഷ്യ പക്ഷേ, ഒരാഴ്ചക്കുശേഷം സൗദിക്ക് പൂര്‍ണ പിന്തുണയര്‍പ്പിച്ച്‌ രംഗത്തുവന്നു. ഇതോടെ ആസ്ട്രേലിയൻ പ്രതീക്ഷകള്‍ വീണ്ടും ത്രിശങ്കുവിലായി. തുടര്‍ന്ന് അവസാന ഘട്ടത്തില്‍ അവര്‍ മത്സരരംഗത്തുനിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങളടക്കം എല്ലാ സജ്ജീകരണങ്ങളും സംവിധാനവുമുള്ള സൗദി അറേബ്യയിലേക്ക് ലോകകപ്പ് എത്തുന്നതില്‍ എതിര്‍പ്പുകളും തുലോം കുറവായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും കരീം ബെൻസേമയും സാദിയോ മാനേയുമടക്കമുള്ള താരകുമാരന്മാര്‍ കൂടുമാറിയെത്തിയശേഷം സൗദി ഫുട്ബാള്‍ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണിന്ന്. ലിവ് ഗോള്‍ഫ് ടൂറും ഫോര്‍മുല വണ്ണും ബോക്സിങ്ങുമടക്കം എണ്ണംപറഞ്ഞ ചാമ്ബ്യൻഷിപ്പുകള്‍ക്ക് വേദിയൊരുക്കി സൗദി കായിക മേഖലയില്‍ മുന്നേറുകയാണിപ്പോള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular