Thursday, April 25, 2024
HomeKeralaസഞ്ചാരികളെത്തുന്നുണ്ട്; സൗകര്യങ്ങളൊരുക്കണം

സഞ്ചാരികളെത്തുന്നുണ്ട്; സൗകര്യങ്ങളൊരുക്കണം

ടിമാലി: ഹൈറേഞ്ചിലെ ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരിടവേളക്ക് ശേഷമാണ് ഹൈറേഞ്ച് മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും സജീവമായത്.

ഇതോടെയാണ് മലയോര മേഖലയിലെ ടൂറിസം വികസനത്തിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമായത്.

അടിമാലി പഞ്ചായത്തിലെ ചീയപ്പാറ, വാളറ, മാങ്കുളം പഞ്ചായത്തിലെ ആനക്കുളം, നക്ഷത്രകുത്ത്, മൂന്നാര്‍, മാട്ടുപ്പെട്ടി, ചിന്നക്കനാല്‍, ആനയിറങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണു സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത്. കേരളത്തിലെ എല്ലാ മേഖലങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങനളില്‍ നിന്നുമാണ് എത്തുന്നവരില്‍ ഏറെയും. അതിരാവിലെയും വൈകീട്ടും ഉണ്ടാകുന്ന കോടമഞ്ഞും പച്ചവിരിച്ച മൊട്ടകുന്നുകളും പുല്‍മേടുകളുമാണു സഞ്ചാരികളെ മലയോരത്തേക്ക് ആകര്‍ഷിക്കുന്നത്. മഴ നീണ്ട് നില്‍ക്കുന്നതാണ് ഹൈറേഞ്ചിലെ പച്ചപ്പ് വര്‍ധിക്കാനും കൂടുതല്‍ ആകര്‍ഷകമാക്കാനും കാരണം. ഇതിനുപുറമെ വിവിധ വെള്ളച്ചാട്ടങ്ങളും പുഴകളും വന്യജീവികളും വിസ്മയ കാഴ്ചകളാണ്. അവധി ദിനങ്ങളില്‍ യുവാക്കളുടെ ഒഴുക്കാണു മലയോരത്തേക്ക്.

കാര്‍ഷിക മേഖലയിലെ തകര്‍ച്ചയില്‍നിന്നു കരകയറാൻ ശ്രമിക്കുന്ന മലയോര കര്‍ഷകര്‍ക്ക് പുത്തൻ ഉണര്‍വ് നല്‍കുന്നതാണു ടൂറിസം മേഖലയിലെ കുതിപ്പ്. ഹൈറേഞ്ച് മേഖലയിലെ ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയാണു ടൂറിസത്തിനു തിരിച്ചടിയാകുന്നത്. മിക്ക ഗ്രാമീണ റോഡുകളും തകര്‍ന്നു കിടക്കുന്നതിനാല്‍ വാഹനയാത്ര ദുഷ്‌കരമാണ്.

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയാണു റോഡുകളുടെ തകര്‍ച്ചക്ക് കാരണം. റോഡുകള്‍ ഗതാഗതയോഗ്യമാക്കിയാല്‍തന്നെ ടൂറിസം മേഖലക്ക് ഏറെ ഗുണം ചെയ്യും. ഇരവികുളം നാഷനല്‍ പാര്‍ക്ക്, ചന്ദനക്കാടുകളുടെ നാടായ മറയൂര്‍, പച്ചക്കറിയുടെ കലവറയായ വട്ടവട, പഴവര്‍ഗങ്ങളുടെ നാടായ കാന്തല്ലൂര്‍, തോട്ടം മേഖലയിലെ ചിന്നക്കനാലും ദേവികുളവും മൂന്നാറും എന്നിവയൊക്കെ സഞ്ചാരികള്‍ക്ക് ഹരം പകരുന്നതാണ്. ഇതിന് പുറമെയാണ് ജൈലവൈദ്യുതി നിലയങ്ങളും അണക്കെട്ടുകളും നല്‍കുന്ന വിസമക്കാഴ്ചകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular