Thursday, April 25, 2024
HomeGulfദുബൈ ഫിറ്റ്നസ് ചലഞ്ച് നാളെ മുതല്‍

ദുബൈ ഫിറ്റ്നസ് ചലഞ്ച് നാളെ മുതല്‍

ദുബൈ: ആരോഗ്യ സംരക്ഷണത്തിന്‍റെ ദുബൈ മാതൃകയായി വളര്‍ന്നുപന്തലിച്ച ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കമാകും. ചലഞ്ചിന്‍റെ ഏഴാം എഡിഷൻ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 26വരെ ഒരു മാസം നീളും.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം 2017ല്‍ ആരംഭിച്ച സംരംഭമാണിത്.

ഒരു മാസം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് ചിലവഴിക്കുകയാണ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്. ഈ കാലയളവിനിടയില്‍ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കപ്പെടും. നടത്തം, ടീം സ്പോര്‍ട്സ്, പാഡ്ല്‍ ബോര്‍ഡിങ്, ഗ്രൂപ് ഫിറ്റ്നസ് ക്ലാസുകള്‍, ഫുട്ബാള്‍, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ജീവിക്കാനും ജോലി ചെയ്യാനും സന്ദര്‍ശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയില്‍ ദുബൈയുടെ പദവി ഉയര്‍ത്തുന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പരിപാടി നടപ്പാക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചലഞ്ചില്‍ ഇത്തവണ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ചലഞ്ചിന്‍റെ ഭാഗമായ വൻ പരിപാടികളായ ദുബൈ റൈഡ്, ദുബൈ റണ്‍ എന്നിവയും ഇത്തവണയും ഗംഭീരമായി ഒരുക്കും. ഇവയുടെ രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ചാണ് ദുബൈ റണ്‍ ഒരുക്കാറുള്ളത്. പല കുടുംബങ്ങളും ഒന്നിച്ച്‌ പരിശീലനം നടത്തി,

ഒരുമിച്ചോടി ദുബൈ റണ്ണിന്‍റെ ഭാഗമാകാനുള്ള ശ്രമം ചലഞ്ചിന്‍റെ തുടക്കം മുതല്‍ ആരംഭിക്കാറുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങള്‍ കുറക്കാനാവുമെന്നും എല്ലാവര്‍ക്കും ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം സാധ്യമാക്കാമെന്നുമുള്ള സന്ദേശമാണ് ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular