Friday, April 19, 2024
HomeKeralaജ്യേഷ്ഠന് സമ്മാനമായി 'ദുരിതജീവിത ട്രാക്കിലൂടെയുള്ള' അലീനയുടെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം

ജ്യേഷ്ഠന് സമ്മാനമായി ‘ദുരിതജീവിത ട്രാക്കിലൂടെയുള്ള’ അലീനയുടെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം

കുട്ടിക്കാലം മുതല്‍ വിധി നല്‍കിയ ജീവിതദുരിതം അലീനയുടെ ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തിന് പ്രചോദനമായി. ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ഭാവിയുടെ വാഗ്ദാനമായി മാറുകയാണ് ഈ കുരുന്ന്.

ഒമ്ബതാം തരം വരെയുള്ള ജീവിതത്തില്‍ പലകുറി പല ജീവിത പരീക്ഷണങ്ങള്‍ ഏല്‍ക്കേണ്ടിവന്ന അലീന ജില്ല സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ 3000 മീ., 1500 മീ. ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലും ക്രോസ്കണ്‍ട്രിയിലും സ്വര്‍ണം നേടുമ്ബോഴും അതിന്‍റെ പൂര്‍ണ അവകാശം നല്‍കുന്നത് 14 ാം വയസ്സുമുതല്‍ കുടുംബഭാരം ചുമലിലേറ്റിയ സഹോദരൻ അരുണിന്. ഇടുക്കി കുമളി നാലംമൈല്‍ പായിക്കാട് വീട്ടില്‍ ബിന്ദുവിന്‍റെ മകള്‍ക്ക് ഇനിയും എത്തിപ്പിടിക്കാൻ ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കി, അതിന് കൂട്ടായി സഹോദരനും.

തന്‍റെ നേട്ടങ്ങള്‍ക്ക് എന്നും ഒപ്പം നില്‍ക്കുന്നത് സഹോദരനും ഓട്ടോറിക്ഷ ഡ്രൈവറുമായ അരുണാണെന്ന് പറയുമ്ബോള്‍ അവള്‍ക്ക് അഭിമാനം. വിധി മെഡിക്കല്‍ പിഴവിന്‍റെ രൂപത്തില്‍ ജീവിതം കവര്‍ന്ന മറ്റൊരു സഹോദരനും തനിക്കും വേണ്ടി ചെറുപ്രായത്തില്‍ ജീവിതഭാരം ചുമലിലേറ്റിയ ആളാണ് അരുണെന്ന് പറയുമ്ബോള്‍ അവള്‍ക്ക് നൂറ് നാവ്. അലീന കൈക്കുഞ്ഞായിരിക്കുമ്ബോഴാണ് സഹോദരൻ ബിപിനെ നായ് മാന്തിയത്.

ഉടൻ അടുത്ത ആശുപത്രിയില്‍ പോയി പേവിഷ ബാധക്കുള്ള പ്രതിരോധ കുത്തിവെപ്പെടുത്തെങ്കിലും മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് ശരീരം സ്തംഭിച്ച്‌ കിടപ്പിലായി. അങ്ങനെ കുടുംബത്തിന്‍റെ ഭാരം അരുണ്‍ ഏറ്റെടുത്തു. 14 വര്‍ഷം ബിപിനെ പരിചരിച്ചതുള്‍പ്പെടെ അരുണായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബിപിൻ മരിച്ചതിനെ തുടര്‍ന്ന് പിന്നീട് അലീനയായി അരുണിന്‍റെ ഏക പ്രതീക്ഷ.

പിതാവ് ഉപേക്ഷിച്ചുപോയ കുടുംബത്തിന് താങ്ങായി സഹോദരൻ മാറിയപ്പോള്‍ പകരം നല്‍കാൻ അലീനയുടെ കായിക സ്വപ്നങ്ങള്‍ക്കും ചിറകുവെച്ചു. കഴിഞ്ഞ സ്കൂള്‍ മേളയില്‍ അമരാവതി എച്ച്‌.എസ്.എസിന് വേണ്ടി ട്രാക്കിലിറങ്ങിയ അലീനയുടെ പ്രകടനം കണ്ട് കോരുത്തോട് സി.കെ.എം.എച്ച്‌.എസ്.എസിന്‍റെ പരിശീലകൻ സജിമോൻ അലീനയെ ഒപ്പം കൂട്ടി.

അങ്ങനെ കോരുത്തോട്ടിലെത്തിയ അലീന മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ട്രിപ്പിള്‍ സ്വര്‍ണനേട്ടം കൈവരിച്ചത്. മത്സരങ്ങളുടെ സമയക്രമവും കാലിനേറ്റ പരിക്കുമാണ് കേരളത്തിന്‍റെ ഭാവി കായികവാഗ്ദാനമായ ഈ 15കാരിയുടെ നാലാം സ്വര്‍ണം നഷ്ടപ്പെടുത്തിയത്. സബ് ജില്ല മത്സരത്തിനിടയില്‍ സ്പൈക്കിട്ട് കാലിനേറ്റ പരിക്കുമായാണ് പാലായിലെ സിന്തറ്റിക് ട്രാക്കില്‍ അലീന ഓടിയത്. ഒട്ടേറെ സ്വപ്നങ്ങളുമായാണ് ഈ ഭാവി കായിക വാഗ്ദാനം ആദ്യമായി സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാൻ തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular