Saturday, April 20, 2024
HomeKeralaവിഴിഞ്ഞത്തേക്ക് ഗ്രീൻ ഫീല്‍ഡ് റെയില്‍വേ കോറിഡോറിനായി ആവശ്യം

വിഴിഞ്ഞത്തേക്ക് ഗ്രീൻ ഫീല്‍ഡ് റെയില്‍വേ കോറിഡോറിനായി ആവശ്യം

തിരുവനന്തപുരം: തിരുവനന്തപുരത്തെയും വിഴിഞ്ഞം തുറമുഖത്തെയും ബന്ധിപ്പിച്ച്‌ സംസ്ഥാനത്തിന്‍റെ രണ്ടാമത്തെ റെയില്‍വേ കോറിഡോറായി നിര്‍മാണമാരംഭിച്ച അങ്കമാലി ശബരി റെയില്‍പാതയെ ബാലരാമപുരത്തേക്കു ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യം.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ റെയില്‍പാത കൂടി നിലവില്‍ വന്നാല്‍ സംസ്ഥാനത്തിന്‍റെ വികസനത്തിനു കുതിപ്പേകാൻ ഇതു സഹായിക്കുമെന്ന് ശബരി റെയില്‍വേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറഷൻ ചൂണ്ടിക്കാട്ടുന്നു.

ശബരി റെയില്‍ പാത എരുമേലിയില്‍നിന്ന് തിരുവനന്തപുരത്തേക്കു നീട്ടുന്നതിന് റെയില്‍വേ സര്‍വേ നടത്തിയിട്ടുണ്ട്. അങ്കമാലി ശബരി റെയില്‍വേയുടെ രണ്ടാം ഘട്ടമായി എരുമേലിയില്‍നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട നഗരങ്ങളെ ബന്ധിപ്പിച്ച്‌ ബാലരാമപുരത്തേയ്ക്ക് സമാന്തര റെയില്‍വേയായി നിര്‍മിക്കുന്പോള്‍ ശബരി റെയില്‍വേ പദ്ധതി വഴി കേരളത്തിന് പുതിയതായി 25 റെയില്‍വേ സ്റ്റേഷനുകള്‍ കൂടി ലഭിക്കും.

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേയ്ക്ക് സംസ്ഥാന തലസ്ഥാനത്തുനിന്നും റെയില്‍വേ യാത്രാ സൗകര്യം ലഭിക്കുന്നതാണ് വിഴിഞ്ഞം ഗ്രീൻ ഫീല്‍ഡ് റെയില്‍വേ പദ്ധതിയുടെ മറ്റൊരു നേട്ടം. പെരുന്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും ഇന്ത്യയുടെ പൈനാപ്പിള്‍ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിൻഫ്രാ സ്പൈസെസ് പാര്‍ക്കിനെയും കോതമംഗലം നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ ക്ലസ്റ്ററിനെയും മൂവാറ്റുപുഴ നെല്ലാടിലെ കിൻഫ്രാ ഫുഡ് പാര്‍ക്കിനെയും പുതിയ റെയില്‍വേ കോറിഡോര്‍ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്‍റെയും വികസനത്തിന് സഹായകരമാകും. മേഖലയില്‍നിന്ന് ദിനംപ്രതി 850 ട്രക്ക് ഉത്പന്നങ്ങള്‍ ദേശീയ-അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.

കിഴക്കൻ മേഖലയില്‍നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ദേശീയ-അന്തര്‍ദേശീയ വിപണികളിലെത്തിക്കാൻ തുറമുഖവും സമാന്തര റെയില്‍വേ കോറിഡോറും സഹായകരമാകും. കിഴക്കൻ മേഖലയിലുള്ള വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും. ക്രൂയിസ് ഷിപ്പില്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേരുന്ന വിദേശ സഞ്ചാരികള്‍ക്കും പാത ഉപയോഗിക്കാനാകും.

ഗ്രീൻ ഫീല്‍ഡ് റെയില്‍വേ കൊല്ലം-ചെങ്കോട്ട റെയില്‍പാതയുമായി പുനലൂരില്‍ ചേരുന്നതിനാല്‍ തെക്കൻ തമിഴ്നാട്ടില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കുള്ള റെയില്‍വേ സൗകര്യങ്ങളും വര്‍ധിക്കും.

അങ്കമാലി ശബരി റെയില്‍വേയ്ക്കായി നടപ്പ് സാന്പത്തിക വര്‍ഷം 100 കോടി രൂപ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേ ബോര്‍ഡിന്‍റെ പരിശോധനയ്ക്കായി ദക്ഷിണ റെയില്‍വേ സമര്‍പ്പിച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ മുൻകൈ എടുത്ത് അങ്കമാലി-ശബരി റെയില്‍വേയെ വിഴിഞ്ഞം തുറമുഖത്തേക്കും തലസ്ഥാനത്തേക്കുമുള്ള രണ്ടാമത്തെ റെയില്‍വേ കോറിഡോറായി വികസിപ്പിക്കുന്നത് കേരളത്തിന്‍റെ വ്യാവസായിക ടൂറിസം മേഖലകളുടെയും വിഴിഞ്ഞം തുറമുഖത്തിന്‍റെയും വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായകരമായിരിക്കുമെന്ന് ശബരി റെയില്‍വേ ആക്‌ഷൻ കൗണ്‍സിലുകളുടെ സംസ്ഥാനതല ഫെഡറഷൻ ഭാരവാഹികളായ ഡിജോ കാപ്പൻ, മുൻ എംഎല്‍എ ബാബു പോള്‍, ജിജോ പനച്ചിനാനി, അനിയൻ എരുമേലി, അജി ബി. റാന്നി, ദിപു രവി എന്നിവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular