Connect with us
Malayali Express

Malayali Express

അമീർ – ട്രംപ് ചർച്ച ജൂലൈ 9ന്

GULF

അമീർ – ട്രംപ് ചർച്ച ജൂലൈ 9ന്

Published

on

ദോഹ ∙ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജൂലൈ ഒൻപതിനു കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതും മേഖലയിലെ രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്യുമെന്നാണു സൂചന. അമീറിന്റെ സന്ദർശനം സാമ്പത്തിക, സുരക്ഷാ മേഖലകളിലടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അമീർ അവസാനമായി യുഎസ് സന്ദർശനം നടത്തിയത്. അമേരിക്ക-ഇറാൻ പ്രശ്നങ്ങളും ഗൾഫ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് അമീറിന്റെ യുഎസ് സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകരും രാജ്യാന്തര സമൂഹവും നോക്കി കാണുന്നത്. മേഖലയിലുള്ള ഇറാന്റെ സ്വാധീനം ദുർബലപ്പെടുത്താൻ സഖ്യകക്ഷികളിൽ അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളാണ് ട്രംപിന്റെ ഇറാനെതിരെയുള്ള നിലപാടുകൾക്ക് പിന്തുണ നൽകുന്നത്.

അതേസമയം ഖത്തറിനു മേൽ സൗദി സഖ്യം ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥ ശ്രമങ്ങളും നടത്തുന്നുണ്ട്. യുഎസിന്റെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സൈനിക താവളം ദോഹയിലാണ്. ഖത്തറും ഇറാനും തമ്മിൽ സൗഹൃദ ബന്ധമാണുള്ളത്. ഉപരോധത്തിന്റെ തുടക്കം മുതൽക്കേ ഖത്തറിനെ പിന്തുണച്ചു ഇറാൻ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിലെ മക്കയിൽ നടന്ന ഗൾഫ് ഉച്ചകോടിയിലെ അന്തിമ പ്രസ്താവനകളിൽ ഇറാൻ വിഷയത്തിൽ പരിമിതികൾ ഉണ്ടായിരുന്നുവെന്ന് ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അ്ബ്ദുൾ റഹ്മാൻ അൽതാനി പ്രതികരിച്ചിരുന്നു. അയൽ രാജ്യമെന്ന പരിഗണന നൽകാതെ വാഷിങ്ടണിന്റെ നയമാണ് ഇറാനെതിരെ ഉച്ചകോടി സ്വീകരിച്ചതെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു. ഖത്തറുമായുള്ള ബന്ധം ദൃഢമാക്കാൻ ഇറാൻ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ് ഹസ്സൻ റൗഹാനി പ്രസ്താവിച്ചിരുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News