Thursday, March 28, 2024
HomeIndiaസനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവന മതവികാരം വ്രണപ്പെടുത്തി; ഉദയനിധിക്കെതിരേ യുപിയില്‍ കേസ്

സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവന മതവികാരം വ്രണപ്പെടുത്തി; ഉദയനിധിക്കെതിരേ യുപിയില്‍ കേസ്

ഖ്നൗ: സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന പ്രസ്താവനയില്‍ ഡി.എം.കെ. നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തു.

ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ മകൻ പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. രാംപുരിലെ സിവില്‍ലൈൻസ് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തല്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാംസിങ് ലോധി എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാൻ കഴിയില്ല, അവ ഇല്ലാതാക്കാൻ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷൻ ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.

ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇതിന്റെ പേരില്‍ എന്ത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും തുടര്‍ന്നും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular