Friday, April 19, 2024
HomeKeralaആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പങ്കെടുക്കുന്നത് 48 പള്ളിയോടങ്ങള്‍

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പങ്കെടുക്കുന്നത് 48 പള്ളിയോടങ്ങള്‍

ത്തനംതിട്ട: ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പമ്ബയുടെ നെട്ടായത്തില്‍ നടക്കും.മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്. രാജൻ അധ്യക്ഷത വഹിക്കും. ജലഘോഷയാത്ര മന്ത്രി വീണ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യും. മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും. മന്ത്രി പി. പ്രസാദ് പാഞ്ചജന്യം സുവനീര്‍ പ്രകാശനം ചെയ്യും.

പള്ളിയോട സേവാസംഘം നല്‍കുന്ന രാമപുരത്ത് വാര്യര്‍ പുരസ്കാരം മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക് പ്രമോദ് നാരായണ്‍ എം.എല്‍.എ നല്‍കും. പള്ളിയോട ശില്‍പി സന്തോഷ് ആചാരിയെ ആന്‍റോ ആന്‍റണി എം.പി.യും വഞ്ചിപ്പാട്ട് ആചാര്യൻ ശിവൻകുട്ടിയെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരനും ആദരിക്കും. മുൻ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. എൻ.എസ്.എസ്. ട്രഷറര്‍ എൻ.വി. അയ്യപ്പൻപിള്ള സമ്മാനദാനം നിര്‍വഹിക്കും. സിനിമാനടൻ ഉണ്ണിമുകുന്ദൻ, മാളികപ്പുറം ഫെയിം ദേവനന്ദ എന്നിവര്‍ പങ്കെടുക്കും. 48 പള്ളിയോടങ്ങളാണ് മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത്.

എ ബാച്ചിലെ 32 പള്ളിയോടങ്ങള്‍ ഒമ്ബത് ഹീറ്റ്സിലായാണ് മത്സരിക്കുക. ആദ്യ അഞ്ച് ഹീറ്റ്സില്‍ 20 പള്ളിയോടങ്ങളും പിന്നീടുള്ള നാല് ഹീറ്റ്സില്‍ മൂന്ന് പള്ളിയോടങ്ങള്‍ വീതവുമാണ് മത്സരിക്കുന്നത്. ബി ബാച്ചിലെ 16 പള്ളിയോടങ്ങള്‍ നാല് ഹീറ്റ്സായും മത്സരിക്കും. എ ബാച്ചിലെ ഒന്ന്, രണ്ട്, മൂന്ന് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ ഒന്നാം സെമിയിലും നാല് അഞ്ച്, ആറ് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ രണ്ടാം സെമിയിലും, ഏഴ്, എട്ട് ഒമ്ബത് ഹീറ്റ്സില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ മൂന്നാം സെമിയിലും മത്സരിക്കും. മൂന്ന് സെമിഫൈനലുകളില്‍ ഒന്നാമത് എത്തുന്ന മൂന്ന് പള്ളിയോടങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ബി ബാച്ചിലെ നാല് ഹീറ്റ്സില്‍ ഒന്നാമത് എത്തുന്ന പള്ളിയോടങ്ങളെ നേരിട്ട് ഫൈനലില്‍ മത്സരിപ്പിക്കും.

ഉത്രട്ടാതി ജലമേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന പന്തല്‍ ഒരുങ്ങുന്നു

ശനിയാഴ്ച നടക്കുന്ന ആറൻമുള ഉത്രട്ടാതി ജലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങളുമായി പൊലീസ്. ഒരു അഡീഷനല്‍ എസ്. പി, എട്ട് ഡി. വൈ.എസ്.പിമാര്‍, 21 ഇൻസ്പെക്ടര്‍മാര്‍, 137 എസ്. ഐ, എ.എസ്. ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 619 ഉദ്യോഗസ്ഥരെയാണ് ജലമേളയുടെ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. ഡി.വൈ. എസ്പിമാരുടെ നേതൃത്വത്തില്‍ ഒമ്ബത് ഡിവിഷനുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്.

ജലോത്സവത്തിന്‍റെ സ്റ്റാര്‍ട്ടിങ് പോയന്‍റായ പരപ്പുഴ കടവിലും ഫിനിഷിങ് പോയന്‍റായ സത്രക്കടവിലുമുള്ള പവിലിയനിലേക്കുള്ള റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ തെക്കേമല മുതല്‍ അയ്യൻകോയിക്കല്‍ ജങ്ഷൻ വരെയും ഐക്കര ജങ്ഷൻ മുതല്‍ കോഴിപ്പാലം ജങ്ഷൻ വരെയും ഓള്‍ഡ് പൊലീസ് സ്റ്റേഷൻ മുതല്‍ കിഴക്കേ നട വഞ്ചിതറ റോഡിലും ഇരുവശങ്ങളിലുള്ള പാര്‍ക്കിങ് നിരോധിച്ചു. ഗതാഗതടസ്സം ഉണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യും. മോഷണം തടയാൻ മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറ വഴിയും നിരീക്ഷണം ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular