Connect with us
Malayali Express

Malayali Express

കേരള വികസനത്തിന് ഡച്ച് പിന്തുണ; മുഖ്യമന്ത്രി യൂറോപ്യന്‍ പര്യടനം തുടരുന്നു

EUROPE

കേരള വികസനത്തിന് ഡച്ച് പിന്തുണ; മുഖ്യമന്ത്രി യൂറോപ്യന്‍ പര്യടനം തുടരുന്നു

Published

on

ജോസ് കുമ്പിളുവേലിൽ

ആംസ്റ്റര്‍ഡാം : കേരളത്തിന്റെ വിവിധ വികസന പദ്ധതികളില്‍ നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം തുടരുന്നു. വിവിധ മന്ത്രാലയങ്ങളുടെയും കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പിന്റെ കൈവശമുള്ള ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതര്‍ലന്‍ഡ്‌സ് നാഷനല്‍ ആര്‍കൈവ്‌സ് കേരളവുമായി സഹകരിക്കും. നാഷനല്‍ ആര്‍കൈവ്‌സ് ഡയറക്ടര്‍ എംഗല്‍ഹാര്‍ഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇതുസംബന്ധിച്ച താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് എംഗല്‍ഹാര്‍ഡിന് കൈമാറി. നെതര്‍ലന്‍ഡ്‌സിലെ രാജ്യാന്തര സാംസ്‌കാരിക നയത്തിലെ സാംസ്‌കാരിക പൈതൃക വിനിമയ പദ്ധതിയുടെ ഭാഗമായാണ് സഹകരണം. പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തിലെ ഡച്ച് സാന്നിധ്യവുമായി ബന്ധപ്പെട്ട ഭൂപടങ്ങളും പൈതൃക രേഖകളും മുഖ്യമന്ത്രി വീക്ഷിച്ചു.
നെതര്‍ലന്‍ഡ്‌സിലെ അടിസ്ഥാന സൗകര്യ ജല പരിപാലന വകുപ്പ് മന്ത്രി കോറ വാന്‍ ന്യൂയെന്‍ഹിസനുമായും കൂടിക്കാഴ്ച നടത്തി. ജല, പ്രളയ അപകട നിയന്ത്രണം, തുറമുഖം, ഉള്‍നാടന്‍ ജലഗതാഗത വികസനം, തീരസംരക്ഷണം, ഗതാഗതം, യാത്രാ സംവിധാനം എന്നീ മേഖലകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.
പ്രളയം നേരിടുന്നതിനുള്ള റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് മാതൃകയും മുഖ്യമന്ത്രി നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. നദികള്‍ക്ക് വീതി കൂട്ടി ജലനിരപ്പ് കുറയ്ക്കുന്ന രീതി കുട്ടനാട്ടില്‍ പ്രായോഗികമാകുമോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
13നു ജനീവയില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന പുനര്‍നിമാണ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരിലൊരാള്‍ പിണറായി വിജയനാണ്. നൊബേല്‍ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് അടക്കമുള്ളവരാണ് മറ്റു പ്രഭാഷകര്‍. കേരളം പ്രളയത്തെ നേരിട്ട രീതി മുഖ്യമന്ത്രി വിശദീകരിക്കും.
സ്വിസ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരായ അംഗങ്ങളുമായി മുഖ്യമന്ത്രി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തും. മേയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകുന്നതും മുഖ്യമന്ത്രിയായിരിക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് അദ്ദേഹം അവിടെ സംസാരിക്കും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News