Thursday, March 28, 2024
HomeKeralaവിപണി തൊടാതെ വ്യവസായികള്‍; അടിയന്തരയോഗം വിളിച്ച്‌ റബര്‍ ബോര്‍ഡ്

വിപണി തൊടാതെ വ്യവസായികള്‍; അടിയന്തരയോഗം വിളിച്ച്‌ റബര്‍ ബോര്‍ഡ്

കോട്ടയം: റബര്‍ ഉത്പാദനവും ഉപയോഗവും കഴിഞ്ഞവര്‍ഷത്തെപോലെ തുടരുമ്ബോഴും വിപണിയില്‍നിന്നു വിട്ടുനിന്നു വ്യവസായികള്‍ വില ഇടിക്കുന്നതിനിടെ റബര്‍ ബോര്‍ഡ് യോഗം വിളിച്ചു.
ഇന്നലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയിലെ മുന്‍നിര ടയര്‍ നിര്‍മാതാക്കളുടെ പ്രതിനിധികളും വ്യാപാരി സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

റബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. റബര്‍വിപണിയിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും വില താഴുന്ന സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നയങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു.

അനൂപ് ജോണ്‍, എല്‍ദോ ചാക്കോ (എംആര്‍എഫ് ടയേഴ്‌സ്), ദിലീപ് ജോസ് (ജെകെ ടയേ്‌സ്), മുരളി ഗോപാല്‍ (അപ്പോളോ ടയേഴ്‌സ്), ഹരി (സിയറ്റ് ടയേഴ്‌സ്) എന്നിവര്‍ ടയര്‍നിര്‍മാതാക്കളെ പ്രതിനിധികരിച്ചും ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ജോര്‍ജ് വാലി, ജനറല്‍ സെക്രട്ടറി ബിജു പി. തോമസ്, ട്രഷറര്‍ ലിക്കായത്ത് അലി ഖാന്‍, റബര്‍ബോര്‍ഡ് മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയ് കുര്യന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കുറച്ചു നാളുകളായി ആഭ്യന്തര വിപണിയില്‍നിന്നും റബര്‍ വാങ്ങാതെ വന്‍കിട വ്യവസായികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു 148 രൂപയായിരുന്ന ആര്‍എസ്‌എസ് നാലാം ഗ്രേഡ് റബറിന് ഇന്നലെത്തെ വില 140 രൂപയാണ്. ആര്‍എസ്‌എസ് അഞ്ചിനു 145ല്‍നിന്നും 136ലേക്കു കൂപ്പുകുത്തി.

25 ദിവസത്തിനിടെയാണു പത്തു രൂപയുടെ ഇടിവ് നേരിട്ടത്. ആവശ്യത്തിന് ഉത്പാദനമില്ലാത്ത സാഹചര്യത്തിലും റബര്‍ വില കുറയുന്നതിനു പിന്നില്‍ വ്യവസായികളുടെ വന്‍തോതിലുള്ള ഇറക്കുമതിയാണ്. ഇതു സംബന്ധിച്ച്‌ ദീപിക കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആഭ്യന്തര വിപണിയില്‍നിന്നു റബര്‍ വാങ്ങാതെ മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് റബര്‍ ബോര്‍ഡ് യോഗം വിളിച്ചത്. ഉത്പാദനത്തിലും ഉപഭോഗത്തിലും കഴിഞ്ഞവര്‍ഷം ഏപ്രില്‍-മേയ് കാലയളവില്‍ ഉണ്ടായിരുന്ന അതേ പ്രവണത തന്നെ തുടരുമ്ബോഴും ടയര്‍നിര്‍മാതാക്കള്‍ ഇറക്കുമതി ഉയര്‍ത്തിയത് വില ഇടിയാന്‍ ഇടയാക്കി.

ജോമി കുര്യാക്കോസ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular