Thursday, April 25, 2024
HomeKeralaതാത്ക്കാലികമല്ല അനധികൃത ജീവനക്കാരി: പിരിച്ചുവിടലില്‍ മന്ത്രി ചിഞ്ചുറാണി

താത്ക്കാലികമല്ല അനധികൃത ജീവനക്കാരി: പിരിച്ചുവിടലില്‍ മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെപ്പറ്റി നല്ലത് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്നു പുറത്താക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.
ചിഞ്ചുറാണി.

നടപടി ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച്‌ സംസാരിച്ചതിനല്ല. മറിച്ച്‌ സതിയമ്മ താത്ക്കാലിക ജീവനക്കാരിയല്ലെന്നും അനധികൃതമായാണ് ജോലി ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവര്‍ ജോലി ചെയ്തത്. ഇത്രയും നാള്‍ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കുമെന്നും ചിഞ്ചു റാണി പറഞ്ഞു. അടുത്ത തവണ ആവശ്യമെങ്കില്‍ സതിയമ്മയെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചു പറഞ്ഞതിന് പിരിച്ചുവിട്ടെന്ന പരാതി പരിഹാസ്യവും ബാലിശവുമായ വാദമെന്ന് മന്ത്രി എം.ബി. രാജേഷും പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്താ നിര്‍മിതി ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

പുതുപ്പള്ളി സ്വദേശിനിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച്‌ നല്ലത് പറഞ്ഞതിന്‍റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം.

ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു.11 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന് സതിയമ്മ പ്രതികരിച്ചു.

ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്നു പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular