Tuesday, April 23, 2024
HomeKeralaകോടഞ്ചേരിയിൽ നിയമം കാറ്റിൽ പറത്തി സ്വകാര്യ ഗ്രൂപ്പിൻ്റെ നിർമ്മാണം

കോടഞ്ചേരിയിൽ നിയമം കാറ്റിൽ പറത്തി സ്വകാര്യ ഗ്രൂപ്പിൻ്റെ നിർമ്മാണം

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ ഭൂപരിഷ്കരണ നിയമത്തില്‍  നിന്ന് ഇളവ് നേടി പ്രവര്‍ത്തിക്കുന്ന റബ്ബര്‍ തോട്ടം ഇടിച്ചു നിരത്തിയാണ് അനധികൃത നിര്‍മാണം  നടത്തിയത്. വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കാനെന്ന പേരില്‍  രണ്ട് കുന്നുകള്‍ പൂര്‍ണമായും ഇടിച്ചു നിരത്തിയിട്ടും റവന്യു അധികൃതര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. നിയമലംഘനം ബോധ്യപ്പെട്ട കോടഞ്ചേരി പഞ്ചായത്ത് സ്റ്റോപ് മെമോ നല്‍കിയെങ്കിലും ഇതു വെല്ലുവിളിച്ചാണ് സ്വകാര്യഗ്രൂപ്പിന്‍റെ നിര്‍മാണം .

കോടഞ്ചേരി പഞ്ചായത്തിലെ രണ്ട് കുന്നുകള്‍ പൂര്‍ണമായി ഇടിച്ചിരിക്കുന്നു. പുഴയും കയ്യേറി, മരങ്ങളെല്ലാം വെട്ടിവെളിപ്പിച്ചിരിക്കുന്നു.  കോഴിക്കോട് ആസ്ഥാനമായ ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്സിന്‍റെ നേതൃത്വത്തില്‍ കോട‍ഞ്ചേരി പഞ്ചായത്തില്‍ അമ്യൂസ്മെന്‍റ് പാര്‍ക്ക് നിര്‍മിക്കാനെന്ന പേരില്‍ നടത്തുന്ന നിര്‍മാണത്തില്‍ നിയമ ലംഘനം ഒന്നല്ല. പലതാണ്.

കോട‍ഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി പറയുന്നത് പഞ്ചായത്ത് ഇതിനൊന്നും അനുമതി നൽകിയിട്ടില്ലെന്നും, ഇതിന് പിന്നിൽ ഉന്നത സ്വാധീനമുള്ളവരുടെ ഇടപെടലാണെന്നുമാണ്. പഞ്ചായത്ത് ഭരണസമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ നിര്‍മാണമെന്ന് പ്രസിഡണ്ട് തന്നെ തുറന്ന് പറയുന്നു. തീര്‍ന്നില്ല, പാര്‍ക്ക് നിര്‍മാണം തകൃതിയായി നടക്കുന്ന ഈ ഭൂമി വെറും ഭൂമിയല്ല.  ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഇളവ് നേടി പ്രവര്‍ത്തിക്കുന്ന തോട്ടഭൂമിയാണ്.

തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റിയാല്‍ ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നിയമം. ഈ നിയമത്തെ വെല്ലുവിളിച്ചാണ് കോഴിക്കോട്ടെ സ്വകാര്യ ഗ്രൂപ്പ് പാട്ടത്തിനെടുത്ത് നടത്തിയിരുന്ന റബ്ബര്‍ തോട്ടത്തില്‍ നിന്ന് 35 ഏക്കര്‍ ഭൂമി ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് വാങ്ങിയതും നിര്‍മാണം തുടങ്ങിയതും. പാര്‍ക്കിന്‍റെ പ്രധാന ചുമതലക്കാരില്‍ ഒരാളായ കെ അരുണ്‍കുമാറിന് കൊയപ്പത്തൊടി കുടുംബം  നല്‍കിയ തീറാധാരത്തിൽ വസ്തുവിന്‍റെ തരം തോട്ടം എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് പാട്ടക്കാരായ കൊയപ്പത്തൊടി കുടുംബവും ഭൂമി പാട്ടത്തിന് നല്‍കിയ പലകുന്നത്ത് കൊളായി കുടുംബവും തമ്മിലുളള നിയമയുദ്ധം ഒരു ഭാഗത്ത് തുടരുമ്പോഴാണ് ഇതെല്ലാം മറയാക്കി പ്രകൃതിയെയും സകല നിയമങ്ങളെയും വെല്ലുവിളിച്ചുളള ഈ അനധികൃത നിര്‍മാണം. ഇത്രയേറെ മണ്ണ് ഇവിടെ നിന്ന് എടുത്ത് മാറ്റിയിട്ടും കോ‍ടഞ്ചേരി വില്ലേജ് അധികൃതരോ ജില്ലയിലെ ജിയോളജി ഉദ്യോഗസ്ഥരോ ഇതൊന്നും അറിഞ്ഞ മട്ടേയില്ല.

അതേസമയം, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലല്ല നിര്‍മാണമെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തട്ടില്ലെന്നമുളള പതിവ് മറുപടിയാണ് പാര്‍ക്കിന്‍റെ നടത്തിപ്പുകാര്‍ക്കുളളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular